പാലക്കാട്: പട്ടികജാതി വകുപ്പിന്റെ പണം ഉപയോഗിച്ച് ആരംഭിച്ച പാലക്കാട്ടെ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ മേഖലയിലെ സ്വാശ്രയകോളേജ് തന്നെയെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. കോളേജ് നിയമനത്തിലെ അധികാരികളുടെ ഇരട്ടത്താപ്പ് ഈ ആരോപണം ശരിവെക്കുന്നതാണെന്ന് കെജിഎംഒ യുടേതായി ഇറങ്ങിയ കുറിപ്പില്‍ വ്യക്തമാക്കുന്നു.
ജില്ലാ ആശുപത്രിയിലെ സൗകര്യങ്ങളെ മെഡിക്കല്‍ കൗണ്‍സിലിനു(എംസിഐ) മുമ്പില്‍ കാണിച്ച് കോളേജ് തുടങ്ങുന്നതിനുളള അനുമതി നേടിയെടുക്കുകയും തുടര്‍ന്ന് എംസിഐ സന്ദര്‍ശനവേളയില്‍ മാത്രം പ്രത്യക്ഷപ്പെടുകയും അല്ലാത്ത ദിവസങ്ങളില്‍ അന്യ സംസ്ഥാനങ്ങളിലടക്കം പ്രാക്ടീസ് ചെയ്യുകയും ഹാജര്‍ പുസ്തകത്തില്‍ തുടര്‍ച്ചയായി ഒപ്പിട്ട് ശമ്പളം കൈപ്പറ്റുകയും ചെയ്യുന്ന ജീവനക്കാരുളള തട്ടിക്കൂട്ട് സ്ഥാപനത്തിലേക്ക് ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരെയും വലിച്ചിഴക്കുവാനാണ് അധികാരികള്‍ ശ്രമിച്ചതെന്ന് നോട്ടീസില പറയുന്നു.
മെഡിക്കല്‍ കൗണ്‍സില്‍ പരിശോധനയ്ക്ക് ആളെ തികയ്ക്കാന്‍ സഹകരിക്കാം എന്ന് മൗനസമ്മതം മൂളുവാന് ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാര്‍ തയ്യാറായത് പാലക്കാട് നല്ലൊരു ആശുപത്രി സമീപ ഭാവിയില്‍ ഉയര്‍ന്നുവരും എന്ന പ്രതീക്ഷയോടെയാണ്.എന്നാല്‍ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് മെഡിക്കല്‍ കോളേജിലെ നിയമനങ്ങളത്രയും നടത്തിയത്.
ഗവണ്മെന്റ് സ്ഥാപനത്തിലേക്ക് പിഎസ്സി മുഖേനയല്ല നിയമനം നടത്തിയത്. റിട്ടയര്‍ ചെയ്ത ഉദേ്യാഗസ്ഥര്‍ക്ക് ചേക്കേറാനുളള ലാവണമാക്കി മെഡിക്കല്‍ കോളേജിനെ മാറ്റിക്കൊണ്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണങ്ങളാണ് ഗവണ്മെന്റ് സര്‍വ്വീസില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഡോക്ടറെ പ്രിന്‍സിപ്പല്‍ ആയി നിയമിച്ചതും റിട്ട. ഉദേ്യാഗസ്ഥനെ സ്പെഷ്യല്‍ ഓഫീസര്‍ ആക്കിയതും. 170 ഓളം ഡോക്ടര്‍മാര്‍ രേഖകളിലുണ്ടെങ്കിലും അതില്‍ 40 ല്‍ താഴെ പേര്‍ക്ക് മാത്രം പ്രവര്‍ത്തിക്കാനുളള സൗകര്യമേ ജില്ലാ ആശുപത്രയിലുളളു.
റേഡിയോളജി, പാത്തോളജി, മൈക്രോബയോളജി മുതലായ വിഭാഗങ്ങളില്‍ നിരവധി ഡോക്ടര്‍മാര്‍ രേഖകളില്‍ ഉണ്ട്. ഇവരുടെ സേവനം ലഭ്യമായിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് സ്കാനിങ്ങും ബയോപ്സിയും അടക്കമുളള പരിശോധനകളും തികച്ചും സൗജന്യമായി ലഭ്യമാക്കാന്‍ കഴിയുമായിരുന്നു. മെഡിക്കല്‍ കോളേജ് നിലവില്‍ വരുമ്പോള്‍ നഴ്സുമാരടക്കമുളളള അനുബന്ധ ജീവനക്കാരുടെ നൂറുകണക്കിന് തസ്തികകള്‍ ആവശ്യമാണെങ്കിലും ഈ തസ്തികകളൊന്നും നിലവില്‍ വന്നിട്ടില്ല.
ക്രമവിരുദ്ധമായി ജൂനിയര്‍ ഡോക്ടര്‍മാരെ ഉന്നത പദവികളില്‍ തിരുകിക്കയറ്റിയതിനുശേഷം ആരോഗ്യവകുപ്പിലെ ദീര്‍ഘകാല ചികിത്സാ പരചയവും ബിരുദാനന്തരബിരുദവും സൂപ്പര്‍ സ്പെഷ്യാലിറ്റിയും ഉളള ഡോക്ടര്‍മാരെ ഇവര്‍ക്ക് കീഴില്‍ ജോലിയെടുക്കുന്നവരായി തരംതാഴ്ത്തി എംസിഐ ക്കു മുമ്പില്‍ കാണിക്കാന്‍ അധികാരികള്‍ ശ്രമിച്ചുവെന്നും സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തുന്നു.
ഇത് ചോദ്യം ചെയ്തതതിന് എംസിഐ പരിശോധനയുമായി സഹകരിക്കാന്‍ തയ്യാറായി എത്തിയ ആരോഗ്യവകുപ്പിലെ ഡോക്ടര്‍മാരെ അവഹേളിച്ച് മടക്കിവിടുന്ന നിലപാടാണ് കോളേജ് അധികൃതര്‍ സ്വീകരിച്ചത്. മാനദണ്ഡങ്ങള്‍ കാറ്റില്പ്പറത്തിക്കൊണ്ടുളള നിയമനങ്ങള്‍ക്ക് പിന്നില്‍ വ സ്ഥാപിത താല്‍പ്പര്യങ്ങളും അഴിമതിയും ഉണ്ടോ എന്ന ചോദ്യം ഇതുമായി കൂട്ടിവായിക്കണമെന്നും കുറിപ്പില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: