ആലപ്പുഴ: കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ ഗൂഢാലോചന നടത്തിയവരിലേക്ക് അന്വേഷണം നീങ്ങാന്‍ സാദ്ധ്യതയില്ല. കോടതിയില്‍ നല്കിയ അന്വേഷണ റിപ്പോര്‍ട്ടിലെ മുഴുവന്‍ പ്രതികളും കീഴടങ്ങിയതോടെ അന്വേഷണം അവരില്‍ അവസാനിപ്പിക്കാനാണ് തീരുമാനമെന്നറിയുന്നു. നേരത്തെ കീഴടങ്ങി മാപ്പു സാക്ഷിയാകാനുള്ള ഒരു പ്രതിയുടെ സന്നദ്ധത അന്വേഷണ സംഘം തന്നെ അട്ടിമറിച്ചു.
വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്സണല്‍ സ്റ്റാഫംഗവും ഒന്നാംപ്രതിയുമായ ലതീഷ് ബി. ചന്ദ്രനും രണ്ടാംപ്രതിയും സിപിഎം മുന്‍ കണ്ണര്‍കാട് ലോക്കല്‍ കമ്മറ്റി സെക്രട്ടറിയുമായ പി. സാബുവും ഗൂഢാലോചന നടത്തിയെന്നും മൂന്നുംനാലും അഞ്ചും പ്രതികളും ഡിവൈഎഫ്ഐ, സിപിഎം പ്രവര്‍ത്തകരുമായ ദീപു, രാജേഷ് രാജന്, പ്രമോദ് എന്നിവര്‍ കൃത്യം നിര്‍വഹിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
എന്നാല്‍ സാബുവും ലതീഷുമായി സ്മാരകം കത്തിക്കുന്നതിന് മുമ്പുള്ള ദിവസങ്ങളിലും പിന്നീടും മണിക്കൂറുകള്‍ നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്ന പ്രമുഖ നേതാക്കളിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കാനും ചോദ്യം ചെയ്യാനും നേരത്തെ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നെങ്കിലും കേസ് അന്വേഷണം ഈ അഞ്ചുപേരില്‍ അവസാനിപ്പിക്കാനാണ് ഇപ്പോഴത്തെ നിലപാട്. അന്വേഷണ സംഘത്തിലെ ഉന്നതരില്‍ കടുത്ത സമ്മര്‍ദ്ദമാണ് ഭരണ പ്രതിപക്ഷങ്ങളില്‍ നിന്ന് ഇക്കാര്യത്തിലുള്ളത്. സിപിഎമ്മിലെ വിഭാഗീയതയുടെ ഭാഗമായി ഉന്നതര്‍ ഗൂഢാലോചന നടത്തി ആസൂത്രണം ചെയ്ത അക്രമത്തിന്റെ യഥാര്‍ത്ഥ ചുരുളഴിയാനുള്ള യാതൊരു സാദ്ധ്യതയും നിലവില്ല.
തികച്ചും പ്രാദേശികമായ പ്രശ്നങ്ങളുടെ പേരില്‍ സാബുവും ലതീഷും ഗൂഢാലോചന നടത്തി, കൃത്യം നിര്‍വഹിച്ചു എന്നതില്‍ അന്വേഷണം ഒതുങ്ങും. പാര്‍ട്ടിയിലെ വിഭാഗീയതയ്ക്കിരകളാണ് തങ്ങളെന്ന് പ്രതികള്‍ തന്നെ പരസ്യമായി പറയുമ്പോഴാണ് അന്വേഷണ സംഘത്തിന്റെ മലക്കം മറിച്ചില്‍. സിപിഎം ജില്ലാ കമ്മറ്റിയംഗവും തോമസ് ഐസക് പക്ഷക്കാരനുമായ പി.പി. ചിത്തരഞ്ജനെ ചോദ്യം ചെയ്തതിനു ശേഷം അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമുണ്ടായിട്ടില്ല.
ചിത്തരഞ്ജനെ ചോദ്യം ചെയ്തിട്ട് ഒരുമാസത്തോളമാകുന്നു. പ്രതികളുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നവരില്‍ ചിലര്‍ക്കെതിരെ പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചുവെന്ന കുറ്റം ചുമത്തിയേക്കാമെങ്കിലും പ്രമുഖ നേതാക്കളെ പൂര്‍ണമായും ഒഴിവാക്കാനാണ് നീക്കം. ഇന്നലെ ക്രൈംബ്രാഞ്ച് മുമ്പാകെ കീഴടങ്ങിയ പ്രതികളിലൊരാള്‍ നേരത്തെ തന്നെ കീഴടങ്ങാനും മാപ്പുസാക്ഷിയാകാനും തയ്യാറായിരുന്നെങ്കിലും അന്വേഷണ സംഘം ഇതിനു തയാറാകാതിരുന്നതില്‍ ദുരൂഹതയേറെയാണ്.
പ്രതികളുടെ ഇന്നലത്തെ കീഴടങ്ങലും മുന്‍കൂട്ടി തയാറാക്കിയിട്ടുള്ള തിരക്കഥയനുസരിച്ചായിരുന്നു. സിപിഎം സംസ്ഥാന സമ്മേളനത്തിന് മുമ്പുതന്നെ അന്വേഷണത്തിന് വിരാമമിട്ട് പാര്‍ട്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്നതോടെ എല്ലാം അവസാനിപ്പിക്കും. പ്രതികളില്‍ ചിലരും മുഹമ്മ കണ്ണര്‍കാട്ടെ നാട്ടുകാരും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സിബിഐ അന്വേഷണം നടന്നാല്‍ മാത്രമേ ആക്രമണത്തിന് പിന്നിലെ ഉന്നതര്‍ ആരൊക്കെയാണെന്ന് വ്യക്തമാകാന്‍ സാദ്ധ്യതയുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: