ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പണിപൂര്‍ത്തീകരിച്ചിട്ടും കെട്ടിടം തുറന്നുകൊടുക്കാതെ അധികാരികള്‍, രോഗികള്‍ക്ക് നിലത്ത് കിടക്കേണ്ട ദുരവസ്ഥ. പുതിയായി നിര്‍മ്മിച്ച് പൂര്‍ത്തിയായ കെട്ടിടം രോഗികള്‍ക്കായി തുറന്നുകൊടുക്കാന്‍ ആറുമാസം മുമ്പ് സര്‍ക്കാര്‍ ഉത്തരവ് ഇട്ടെങ്കിലും ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല. അതിനാല്‍ ആശുപത്രിയിലെ രണ്ട്, നാല് വാര്‍ഡുകളില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുന്ന രോഗികള്‍ തറയിലാണ് കിടക്കുന്നത്.
അഞ്ഞൂറോളം കിടക്കകളോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ജി1, ജി2 വിഭാഗത്തിലെ കെട്ടിടം രോഗികള്‍ക്കായി തുറന്നുകൊടുക്കണമെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറി ഡോ. ഇളങ്കോവനും മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. ഗീതയും ആശുപത്രി അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. നാലാം വാര്‍ഡില്‍ ആറു യൂണിറ്റുകളിലായി 125 കിടക്കകളാണ് ഉള്ളത്. എന്നാല്‍ ജനറല്‍ മെഡിസിന് വാര്‍ഡായ ഇവിടെ ഇരുന്നൂറിലധികം രോഗികളാണ് ചികിത്സയില്‍ കഴിയുന്നത്. വയോവൃദ്ധര്‍ക്ക് മുന്‍ഗണന നല്‍കണമെന്നുണ്ടെങ്കിലും ഇവരും നിലത്താണ് കിടക്കുന്നത്.
അത്യാസന്നനിലയില്‍ ഈ വാര്‍ഡില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് കിടക്കയില്‍ കിടത്തിയാണ് ഓക്സിജന്‍ നല്‍കേണ്ടത്. എന്നാല്‍ ഇതും പാലിക്കപ്പെടുന്നില്ല. തറയില്‍ കിടക്കുന്ന രോഗിക്ക് ഗ്ലൂക്കോസ് കൊടുക്കാന്‍ സ്ഥാപിച്ച സ്റ്റാന്‍ഡില്‍ കാല്‍നടക്കാര്‍ തട്ടി അപകടങ്ങളും പതിവായിരിക്കുകയാണ്, പ്രസവ വാര്‍ഡാണ് രണ്ടാം വാര്‍ഡ്. ഇവിടെ നാലുയൂണിറ്റുകളിലായി 75 കിടക്കകളും 175 രോഗികളും നൂറോാളം കൂട്ടിരിപ്പുകാരുമാണ് ഉള്ളത്. ഇവിടെ നിറവയറുമായി നൂറോളം ഗര്‍ഭിണികളാണ് നിലത്ത് കിടക്കുന്നത്. എന്നാല്‍ ഇവര്‍ക്ക് പ്രാഥമിക കര്‍മ്മങ്ങള്‍ക്കായി ബാത്ത്റൂമില്‍ എത്തണമെങ്കില്‍ തറയില്‍ നിന്നും എഴുന്നേല്‍പ്പിക്കാന്‍ തന്നെ ബൂദ്ധിമുട്ടാണ്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 12ന് നാലാം വാര്‍ഡിലെയും, രണ്ടാം വാര്‍ഡിലെയും രോഗികളെ പുതിയ കെട്ടിടത്തിലേക്ക് മാറ്റുമെന്ന് ആശുപത്രി അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാതെ തുറക്കാന്‍ അനുവദിക്കില്ലെന്ന് നഴ്സുമാര്‍ മുന്നറിയിപ്പ് നല്‍കുകയായിരുന്നു. തുടര്‍ന്ന് എണ്‍പത്തിയെട്ടോളം ജീവനക്കാരെയും പുതുതായി നിയമിച്ചു. എന്നിട്ടും പുതിയ കെട്ടിടം രോഗികള്‍ക്കായി തുറന്നു കൊടുക്കാന്‍ തയ്യാറാകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: