ആലപ്പുഴ: വാഹനങ്ങള്‍ വാടകയ്ക്കെടുത്ത ശേഷം മറിച്ചുവിറ്റ് തട്ടിപ്പു നടത്തിയ സംഘത്തിലെ ബി ടെക് വിദ്യാര്‍ത്ഥിയടക്കം മൂന്നുപേര്‍ പിടിയില്‍. കോട്ടയം മുത്തോലി പഞ്ചായത്ത് രണ്ടാം വാര്‍ഡ് തെക്കുംമുറി ഗവ. ഹോമിയോ ആശുപത്രിക്കു സമീപം തോട്ടുചാലില്‍ വീട്ടില്‍ ജോബിന് ടി.ജോസ് (25), കോട്ടയം രാമപുരം പഞ്ചായത്ത് ഏഴാച്ചേരി ഗോവിന്ദവിലാസം യുപി സ്കൂളിനു സമീപം തിരുവത്തിക്കല്‍ വീട്ടില്‍ അരവിന്ദ് ജി.നായര്‍ (22), ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് എഴുമുട്ടം കരയില്‍ താബോര്‍ ധ്യാന കേന്ദ്രത്തിനു സമീപം കലയിത്തിങ്കല് വീട്ടില്‍ സാജന് (29) എന്നിവരെയാണ് ആലപ്പുഴ നോര്‍ത്ത് സിഐ: വി. ബാബുവിന്റെ നേതൃത്വത്തില്‍ ഇന്നലെ പാലായില്‍ നിന്നു പിടികൂടിയത്.
ജോബിന് ടി.ജോസ് ബി ടെക് വിദ്യാര്‍ത്ഥിയും മറ്റുള്ളവര്‍ സ്വകാര്യ ബസ് ജീവനക്കാരുമാണ്. മൂന്നുപേര്‍ കൂടി ഇനി പിടിയിലാകാനുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19നാണ് ആലപ്പുഴ മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡ് കുളങ്ങര വീട്ടില്‍ ചന്ദ്രന്റെ പക്കല്‍ നിന്ന് ജോബിന് രണ്ടുമാസത്തേക്ക് സ്വിഫ്റ്റ് കാര്‍ വാടകയ്ക്കെടുത്തത്. 10,000 രൂപ മുന്‍കൂറായി നല്‍കുകയും ചെയ്തു. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും വാടകയും കാറും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പു മനസിലായത്.
വ്യാജ സെയില്ലെറ്റുണ്ടാക്കി മൂവരും ചേര്‍ന്ന് പാലായ്ക്കടുത്തുള്ള ഒരാള്‍ക്ക് 3,20,000 രൂപയ്ക്ക് മറിച്ചു വില്‍ക്കുകയായിരുന്നു. ഈ കാര്‍ ഇയാള്‍ കൂടിയ വിലയ്ക്ക് കട്ടപ്പനയിലെ ഒരു സ്ത്രീക്ക് പിന്നീട് വില്പന നടത്തി. കാര്‍ പിന്നീട് ഇവരില്‍ നിന്നു പോലീസ് പിടിച്ചെടുത്തു. പാലായിലെ ചില ബസ് കണ്ടക്ടര്‍മാരും കാര്‍ വില്പനയ്ക്ക് ഒത്താശ ചെയ്തിരുന്നതായി പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. വാടകയ്ക്ക് കാറെടുത്ത ശേഷം ജോബിന് ചെന്നൈയിലേക്ക് മുങ്ങുകയായിരുന്നു. ജോബിന് എന്ന പേരില്‍ അരവിന്ദാണ് കാര്‍ വില്പനയും മറ്റും നടത്തിയത്.
കൂടുതല്‍ തട്ടിപ്പുകള്‍ ഈ സംഘം നടത്തിയതായും വിവരമുണ്ട്. പഠന കാളയളവില്‍ മതിയായ അറ്റന്‍ഡന്‍സ് ഇല്ലാതിരുന്നതിനാല്‍ കോളേജിന്റെ വ്യാജ ലെറ്റര്‍ പാഡ് തയാറാക്കി യൂണിവേഴ്സിറ്റിക്ക് കത്ത് നല്കിയതു സംബന്ധിച്ച കേസ് ജോബിനെതിരെ നിലവിലുണ്ട്. പ്രതികളെ ഞായറാഴ്ച കോടതിയില്‍ ഹാജരാക്കും. എസ്ഐ: എന്‍.കെ. രമേശന്, എഎസ്ഐമാരായ രാജഗോപാല്‍, വര്‍ഗീസ്, പോലീസുകാരായ ഉദയന്‍, ബോണിഫേസ്, അനില്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: