ആലപ്പുഴ: ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് നടക്കുന്ന പരിശീലന ക്യാമ്പിലെ പോരായ്മകളെ കുറിച്ച് പരാതി പറഞ്ഞ തുഴച്ചില്‍ താരങ്ങളെ അധികൃതര്‍ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുന്നതായും പരാതി. മോശം ഭക്ഷണമാണ് താരങ്ങള്‍ക്ക് നല്‍കുന്നത്. കൂടാതെ നിലവാരമില്ലാത്ത കെട്ടിടത്തിലാണ് കായികതാരങ്ങളുടെ താമസമെന്നും ആക്ഷേപമുണ്ട്.
കനോയിങ്, കയാക്കിങ് ക്യാമ്പുകള്‍ ആലപ്പുഴ സായിയില്‍ നടക്കുമ്പോള്‍ റോവിങ്ങിന്റെ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത് സ്വകാര്യ വ്യക്തിയുടെ വീട്ടിലാണ്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് ഭക്ഷണം പാചകം ചെയ്തു നല്‍കുന്നതും ഈ വ്യക്തിയുടെ വീട്ടിലാണ്. ഇതിന്റെ ഗുണനിലവാരം പരിശോധിക്കാനോ ശുചിത്വം വിലയിരുത്താനോ യാതൊരു നടപടിയുമില്ല.
താമസസൗകര്യം മോശം ഭക്ഷണം എന്നിവ സംബന്ധിച്ച പരാതി പറഞ്ഞ കായികതാരങ്ങളെ അധികൃതര്‍ ഭീഷണിപ്പെടുത്തി മാനസികമായി പീഡിപ്പിക്കുന്നു. റോവിങ് അസോസിയേഷന് സെക്രട്ടറിയും ദേശീയ ഗെയിംസ് സംഘാടക സമിതിയിലെ പ്രമുഖനും പരസ്യമായി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. ഈ വിവരം പുറത്തു പറഞ്ഞാല്‍ പരിശീലനം നടത്താന്‍ അനുവദിക്കില്ലെന്നായിരുന്നു ഭീഷണി.
മുന്‍ കബഡി താരമാണ് റോവിങ് അസോസിയേഷന്റെ തലപ്പത്തുള്ളത്. തുഴച്ചില്‍ താരങ്ങളുടെ ബുദ്ധിമുട്ടുകളോ ഏര്‍പ്പെടുത്തേണ്ട അടിസ്ഥാന സൗകര്യങ്ങളെ കുറിച്ചോ യാതൊരു അറിവുമില്ലാത്തയാള് റോവിങ് അസോസിയേഷനെ നയിക്കുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. മോശം ഭക്ഷണം കഴിക്കുന്ന കായികതാരങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായാല്‍ ആരു സമാധാനം പറയുമെന്നും ചോദ്യമുയരുന്നു.
ജലകായിക ഇനങ്ങളില്‍ അര്‍ജുന അവാര്‍ഡു നേടിയവരും ഒളിംപ്യന്മാരും ഉണ്ടായിട്ടും അവരെയെല്ലാം അവഗണിച്ച് മറ്റു താത്പര്യങ്ങളുടെ പേരില്‍ സംഘാടക സമിതിയുമായി ബന്ധപ്പെട്ട ഏഴു കമ്മറ്റികളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് അര്‍ജുന അവാര്‍ഡ് ജേതാവായ മുന്‍ ഭാരദ്വഹന താരത്തെയാണ്. മത്സരങ്ങള്‍ നടത്തുന്നതിലെ ക്രമക്കേടുകള്‍ക്കെതിരെ പ്രതികരിച്ചതിന് സായി കോച്ചും എന്‍ഐഎസ് യോഗ്യതയുമുള്ള മുന്‍ ഒളിമ്പിക് താരം പി.ടി പൗലോസിനെ കേരളാ ടീമിന്റെ ക്യാമ്പില്‍ പോലും ഉള്‍പ്പെടുത്തിയിട്ടില്ല.
എന്‍ഐഎസ് യോഗ്യതയില്ലാത്ത പരിശീലകരാണ് ഇപ്പോള്‍ ക്യാമ്പിലുളളത്. ജലകായിക ഇലങ്ങളുടെ പരിശീലനത്തിന് ആവശ്യമായ എര്‍ഗോമീറ്റര്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇരുപതെണ്ണത്തിന് ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഒരെണ്ണത്തിന് 1,70,000 രൂപയാണ് വില. ഇവ പരിശീലന ക്യാമ്പ് പൂര്‍ത്തിയായതിനു ശേഷം ലഭിക്കുന്നതിനാല്‍ കായികതാരങ്ങള്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കില്ല.
റോവിങ് ടീമിന്റെ സെലക്ഷനില്‍ പങ്കെടുക്കാത്തവരെ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയതായും പരാതിയുണ്ട്. കയാക്കിങ്, കനോയിങ് ടീം ക്യാമ്പിലേക്ക് സെലക്ഷന് നടത്തിയതിനെതിരെയും ആക്ഷേപം ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: