തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ഡ്രൈവര്‍മാര്‍ക്കെതിരെ വിജിലന്‍സ് വിഭാഗത്തെ ഉപയോഗിച്ച് വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ശ്രമമെന്ന് പരാതി. യൂണിയന് നേതാക്കളാണ് ഇതിനു പിന്നിലെന്ന് ഒരു വിഭാഗം ഡ്രൈവര്‍മാര്‍ ആരോപിച്ചു. സര്‍വീസ് ക്യാന്‍സലേഷന്റെ പേരില്‍ വഹിക്കിള്‍ സൂപ്പര്‍വൈസര്‍മാരെയും ട്രാന്‍സ്ഫര്‍ ഉള്‍പ്പെടെയുള്ള ശിക്ഷണ നടപടികള്‍ക്ക് വിധേയരാക്കുകയാണ്. എന്നാല്‍ കണ്ടക്ടര്‍ ഇല്ലാതെ ട്രിപ്പ് മുടക്കേണ്ടിവന്നാല്‍ ഇവര്‍ക്കെതിരെ നടപടി എടുക്കാത്തത് ഇരട്ടത്താപ്പാണെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
കണ്ടക്ടര്‍മാരില്‍നിന്ന് യൂണിയന് സ്വാധീനം ഉപയോഗിച്ച്് ഉദ്യോഗക്കയറ്റത്തിലൂടെ വിജിലന്‍സ് ഇന്‍സ്പെക്ടറായി കയറിപ്പറ്റുന്നവരാണ് ഇത്തരത്തില്‍ ഡ്രൈവര്‍മാരെ ഉപദ്രവിക്കുന്നതിനു പിന്നില്‍. അതിനാല്‍ ഇത്തരത്തില്‍ വിജിലന്‍സില്‍ വരുന്ന ഇന്‍സ്പെക്ടര്‍മാരെ മൂന്നു മാസത്തില്‍ കൂടുതല്‍ വിജിലന്‍സില്‍ നിയമിക്കാന്‍ പാടില്ലെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
വിജിലന്‍സിനു ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി ദിവസങ്ങളായി വിജിലന്‍സ് ഓഫീസ് കയറി ഇറങ്ങേണ്ട അവസ്ഥയാണ്. വിജിലന്‍സ് ഓഫീസര്‍മാരായി പുറത്തുനിന്നുള്ളവരെ നിയോഗിച്ചാല്‍ അനാവശ്യ മാനസിക പീഡനം ഒഴിവാക്കാനാകും.
പര്‍ച്ചേസിലൂടെയും ഷെഡ്യൂളിലുള്ള അപാകതയും കാരണം ഉണ്ടാകുന്ന ലക്ഷങ്ങളുടെ നഷ്ടം കണ്ടില്ലെന്നു നടിക്കുന്നവരാണ് ഡ്രൈവര്‍മാരെ പീഡിപ്പിക്കുന്നതെന്നാണ് അവര്‍ പറയുന്നത്. ദീര്‍ഘദൂര സര്‍വീസുകളായ കോയമ്പത്തൂര്‍, മൈസൂര്‍, ഡീലക്സ് തുടങ്ങിയ സര്‍വീസുകളില്‍ പലതിനും സ്ഥിരം ഡ്രൈവര്‍മാരില്ല. ഇതിന് ട്രാഫിക് ഇന്‍സ്പെക്ടര്‍ക്കും കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ക്കുമാണ് ഉത്തരവദിത്തമെന്നിരക്കെ വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ക്കെതിരെ വിജിലന്‍സ് വിഭാഗം നടപടിയെടുക്കുന്നതും സ്ഥിരം സംഭവമാണ്.
വേണ്ടത്ര അറ്റകുറ്റപ്പണികള്‍ നടത്താന്‍ ശ്രദ്ധിക്കാതെ അപകടമുണ്ടാകുമ്പോള്‍ ഡൈവറുടെ കൈയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നത് സ്ഥിരം സംഭവമാണ്. എന്നാല്‍ അറ്റകുറ്റപ്പണികള്‍ ചെയ്യാത്ത ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പലപ്പോഴും വിജിലന്‍സ് ഇന്‍സ്പെക്ടര്‍മാര്‍ തയ്യാറാകാറില്ല. ഇത്തരം പരാതിയില്‍ ഉള്‍പ്പെട്ട് പ്രമോഷന് നല്കരുതെന്നു പറഞ്ഞു മാറ്റിവച്ച ഫയലുകള്‍ മന്ത്രിസഭായോഗത്തില്‍ രഹസ്യമായി നല്കി നിരവധി ജീവനക്കാര്‍ക്ക് ഉദ്യോഗക്കയറ്റം നല്കിയ ചരിത്രവുമുണ്ട്. അതിനാല്‍ അഴിമതി കണ്ടില്ലെന്നു നടിക്കുന്ന വിജിലന്‍സ് വിഭാഗത്തേയും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് ഡ്രൈവര്‍മാര്‍ ആവശ്യപ്പെടുന്നു. ഈ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി തിരുവനന്തപുരം യൂണിറ്റിലെ ഒരു വിഭാഗം ഡ്രൈവര്‍മാര്‍ മനുഷ്യാവകാശ കമ്മിഷനും ഗതാഗതമന്ത്രിക്കും പരാതി നല്‍കാനൊരുങ്ങുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: