ആലത്തൂര്‍: ഗ്രാമീണപാതകളുടെ നവീകരണത്തിനു 31.14 കോടിരൂപയുടെ കേന്ദ്ര പദ്ധതി. ആലത്തൂര്‍ ലോക്സഭയിലെ റോഡുകളുടെ നവികരണത്തിനാണ് കേന്ദ്ര സഹായം.
റോഡ് നിര്‍മാണത്തിനു തുക കൂടാതെ അഞ്ചുവര്‍ഷത്തെ അറ്റകുറ്റപ്പണിക്കായുള്ള തുകയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആറു മീറ്റര്‍ വീതിയില്‍ റോഡ് ഫോര്മേഷന്, ടാറിങ് എന്നിവ കൂടാതെ റോഡിന്റെ സംരക്ഷണത്തിനായി പാര്‍ശ്വഭിത്തികള്‍, കാനകള്‍, ചപ്പാത്തുകള്‍, സ്റ്റോണുകള്‍, സൂചകബോര്‍ഡുകള്‍ എന്നിവയും പദ്ധതിയിലുണ്ട്.
പെരുമാട്ടി പഞ്ചായത്തിലെ ചുള്ളിപ്പെരുക്കമേട് അണപ്പാടം (230.72 ലക്ഷം), മുതലാംതോട്-കോരിയാര്‍ചള്ള റോഡുകള്‍(134.83 ലക്ഷം), മുതലമട-പട്ടഞ്ചേരി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാപ്പാന്‍ചള്ള-ചെമ്മണാംപതി റോഡ്(427.11 ലക്ഷം), എന്നിവയുടെ നിര്‍മാണോദ്ഘാടനം ഇന്ന് പി.കെ. ബിജു എംപി നിര്‍വഹിക്കും.
കേന്ദ്രഫണ്ടിലെ 3.23 കോടി രൂപ ഉപയോഗിച്ച് നിര്‍മിച്ച വണ്ടാഴി പഞ്ചായത്ത് കടപ്പാറ റോഡ് 12നു ഉച്ചയ്ക്ക് 12നു എംപി ഉദ്ഘാടനം ചെയ്യും. വടകരപ്പതി പഞ്ചായത്തിലെ കള്ളിയംപാറ-പൂക്കുംതറ (145.34 ലക്ഷം), മയ്യമ്പതി-കിണര്‍പള്ളം(81.38 ലക്ഷം), മേനോന്‍പാറ-കാട്ടുപ്പള്ളത്താന്ചള്ള(98.82 ലക്ഷം) റോഡുകള്‍, എരുത്തേമ്പതി പഞ്ചായത്തിലെ വിയ്യൂന്നി-അയമ്മാര് കലായി റോഡ് (179.34 ലക്ഷം) എന്നിവയുടെ നിര്‍മാണോദ്ഘാടനം ഇതോടൊപ്പം നടക്കും.
കേന്ദ്ര ഗ്രാമവികസന വകുപ്പ് മന്ത്രിയെ നേരിട്ടു കണ്ടു നിവേദനം നല്‍കുകയും പാര്‍ലമെന്റില്‍ ഉന്നയിച്ചതിനെയും തുടര്‍ന്നാണ് പദ്ധതി അംഗികരിച്ചതെന്ന് പി.കെ. ബിജു എംപി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: