കോട്ടയം: ജില്ലാ ആശുപത്രിക്കു സമീപം മദ്യശാല അനുവദിക്കാനുള്ള നീക്കത്തില്‍നിന്നും അധികൃതര്‍ പിന്മാറണമെന്ന് കേരളാ ഹിന്ദു മദ്യവര്‍ജ്ജന സമിതി സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. പൂട്ടിയ ബാറുകളുടെ ലൈസന്‍സ് റദ്ദായ സാഹചര്യത്തില്‍ പുതിയ ബിയര്‍-വൈന്‍ പാര്‍ലര്‍ അനുവദിക്കുമെന്ന സര്‍ക്കാര്‍ ഉത്തരവിന്റെ ഭാഗമായി മദ്യശാല തുറക്കുന്നത് കേരളാ ഹൈക്കോടതിയുടെ പരാമര്‍ശത്തിന്റെ ലംഘനമാണ്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കേരളാ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസ്സിന്റെ വിധിപ്രകാരം ആശുപത്രികളുടെ സമീപം മദ്യശാലകള്‍ തുടങ്ങുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കരുതെന്നാണ്. ഈ വിധിയുടെ പശ്ചാത്തലത്തിലും നിലവിലുള്ള അബ്കാരി നിയമം അനുസരിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ദേവാലയങ്ങള്‍ എന്നിവയുടെ 200 മീറ്റര്‍ പരിധിയില്‍ മദ്യശാലകള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്കരുതാത്തതുമാണ്.
സെന്റ് ആന്‍സ് ഹയര്‍സെക്കണ്ടറി സ്കൂള്‍, ബിസിഎം കോളേജ്, കോട്ടയം ബിഷപ്പ് ഹൗസ് & കത്തീഡ്രല്‍ ചര്‍ച്ച്, ജറുസലേം മാര്‍ത്തോമ്മാ ചര്‍ച്ച് എന്നീ പ്രമുഖ വിദ്യാഭ്യാസ മതസ്ഥാപനങ്ങള്‍ക്ക് 200 മീറ്റര്‍ സമീപം മദ്യശാല അനുവദിക്കുന്നത് ചട്ടലംഘനമാണ്. അധികൃതരുടെ ഈ നീക്കത്തിനെതിരെ വമ്പിച്ച ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്കുവാന് കേരളാ ഹിന്ദു മദ്യവര്‍ജ്ജനസമിതി തീരുമാനിച്ചു.
യോഗത്തില്‍ പ്രസിഡന്റ് ബി. രാമചന്ദ്രന്‍നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജി.ആര്. പണിക്കര്‍ പണ്ടകശാല, പാപ്പനംകോട് മുകുന്ദന്, സരോജിനി നളിനാക്ഷന്, പാര്വ്വതിപ്രകാശം, വി.വി. വാസു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: