മാഡ്രിഡ്: സ്പാനിഷ് കരുത്തന്മാരായ റയല്‍ മാഡ്രിഡിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി. കഴിഞ്ഞ ദിവസം നടന്ന സൗഹൃദ മത്സരത്തില്‍ എസി മിലാനോടും പിന്നീട് സ്പാനിഷ് ലീഗില്‍ വലന്‍സിയയോടും പരാജയമേറ്റുവാങ്ങിയ റയല്‍ മാഡ്രിഡ് ഇന്നലെ പുലര്‍ച്ച നടന്ന കിംഗ്സ് കപ്പില്‍ അത്ലറ്റികോ മാഡ്രിഡിനോടും തോല്‍വി വഴങ്ങി.
അത്ലറ്റികോയുടെ തട്ടകത്തില്‍ നടന്ന കിംഗ്സ് കപ്പിന്റെ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയല്‍ പരാജയപ്പെട്ടത്. ഈ സീസണില്‍ ആദ്യമായാണ് റയല്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെടുന്നത്. അത്ലറ്റികോക്ക് വേണ്ടി റൗള്‍ ഗാര്‍ഷ്യ പെനാല്‍റ്റിയിലൂടെയും ഡി വര്‍ഗാസും ഗോളുകള്‍ നേടി. അത്ലറ്റികോ മാഡ്രിഡിലേക്ക് തിരിച്ചെത്തിയ സ്പാനിഷ് സ്ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസിന്റെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്.
ആദ്യപകുതിയില്‍ സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ പുറത്തിരുത്തി കളത്തിലിറങ്ങിയ റയല്‍ തന്നെയാണ് പന്ത് കൂടുതല്‍ സമയം നിയന്ത്രിച്ചത്. 63-ാം മിനിറ്റില്‍ ജെയിംസ് റോഡ്രിഗസിന്റെ പകരക്കാരനായാണ് ക്രിസ്റ്റിയാനോ കളത്തിലെത്തിയത്. ഗരെത്ത് ബെയ്ലും ബെന്‍സേമയും റോഡ്രിഗസും ഇസ്കോയും ടോണി ക്രൂസും ഉള്‍പ്പെട്ട താരനിര ഇറങ്ങിയിട്ടും റൊണാള്‍ഡോയുടെ അഭാവം റയല്‍ നിരയില്‍ നിഴലിച്ചു. കളിയുടെ 72 ശതമാനവും പന്ത് കൈവശംവെച്ച റയല്‍ താരങ്ങള്‍ 10 ഷോട്ടുകള്‍ ഉതിര്‍ക്കുകയും ചെയ്തു. അതേസമയം അത്ലറ്റികോ 9 ഷോട്ടുകളാണ് കളിയിലുടനീളം പറത്തിയത്.
ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 56-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റൗള്‍ ഗാര്‍ഷ്യയാണ് ആദ്യഗോള്‍ നേടിയത്. പിന്നീട് 76-ാം മിനിറ്റില്‍ മത്സരത്തിലെ രണ്ടാം ഗോളും പിറന്നു. അത്ലറ്റികോക്ക് അനുകൂലമായി ലഭിച്ച കോര്‍ണറിനൊടുവില്‍ ബോക്സിലേക്ക് പറന്നിറങ്ങിയ കിക്ക് ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ ഗിമെനെസ് ഡി വര്‍ഗാസ് റയല്‍ വല കുലുക്കി.
അവസാന മിനിറ്റുകളില്‍ റയല്‍ ഗോള്‍ മടക്കണമെന്ന ലക്ഷ്യത്തോടെ ആക്രമണത്തിന് മൂര്‍ച്ചകൂട്ടിയെങ്കിലും അത്ലറ്റികോ പ്രതിരോധം ശക്തമാക്കി അവയെല്ലാം വിഫലമാക്കി. ഇനി റയലിന് ക്വാര്‍ട്ടറില്‍ പ്രവേശിക്കണമെങ്കില്‍ രണ്ടാം പാദത്തില്‍ മൂന്ന് ഗോളുകള്‍ക്ക് അത്ലറ്റികോയെ പരാജയപ്പെടുത്തണം. 15ന് റയലിന്റെ സ്റ്റേഡിയമായ സാന്റിയാഗോ ബെര്‍ണാബ്യൂവിലാണ് രണ്ടാം പാദം. മറ്റ് മത്സരങ്ങളില്‍ വലന്‍സിയ 2-1ന് എസ്പാനിയോളിനെയും വിയ്യാറയല്‍ 1-0ന് റയല്‍ സോസിഡാഡിനെയും പരാജയപ്പെടുത്തിയപ്പോള്‍ അല്‍മേറിയ-ഗറ്റാഫെ പോരാട്ടം 1-1ന് സമനിലയില്‍ കലാശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: