മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് മേഖലയില്വനത്തില് നായാട്ടു സംഘങ്ങള്‍ വിലസുന്നു. മണ്ണാര്‍ക്കാട്, അട്ടപ്പാടി ഉള്‍വനങ്ങളില്‍ വനം വകുപ്പിന്റെ പട്രോളിങ് ഏതാണ്ട് നിര്ത്തിവവെച്ച സാഹചര്യം നായാട്ടു സംഘങ്ങള്‍ മുതലെടുക്കുകയാണ്.
വനത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന മുന്നറിയിപ്പിനിടയിലും വനം വകുപ്പു ജീവനക്കാര്‍ക്ക് പ്രത്യേക സൗകര്യങ്ങളൊന്നും അധികൃതര്‍ നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ജീവന് പണയപ്പെടുത്തിയാണ് പലപ്പോഴും വനത്തിലൂടെ വനം വകുപ്പ് തിരച്ചില്‍ നടത്തുന്നത്. നായാട്ടു സംഘത്തെക്കുറിച്ച് രാത്രിയാണ് വിവരങ്ങള്‍ ലഭിക്കുക. എന്നാല്‍ രാത്രി ഇവരെ തിരയാന്‍ വെറും കയ്യോടെ കാട്ടില്‍ പോകേണ്ട സാഹചര്യമാണുള്ളത്.
കഴിഞ്ഞദിവസം തത്തേങ്ങലത്ത് നായാട്ടു സംഘം കാട്ടില്‍ കയറിയെന്ന വിവരം പുലര്‍ച്ചെ രണ്ടു മണിയോടെയാണ് വനം വകുപ്പിനു ലഭിച്ചത്. കാട്ടിലൂടെ മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനിടയിലാണ് നായാട്ടു സംഘത്തെ കണ്ടെത്തിയതും പിടികൂടിയതും.
സംഘത്തില്‍ നിന്ന് രണ്ടുപേര്‍ ഓടിപ്പോകുകയും ചെയ്തു. അട്ടപ്പാടി ഷോളയൂരില്‍ സ്വകാര്യതോട്ടത്തിലും സൈലന്റ് വാലി ബഫര്‍ സോണിലും കഴിഞ്ഞമാസങ്ങളില്‍ മാന്‍വേട്ട സംഘത്തെ പിടികൂടിയിരുന്നു.
നായാട്ട് സംഘത്തെ കുറിച്ച് വിവരമുണ്ടെങ്കിലും സൗകര്യങ്ങളുടെയും അംഗബലത്തിന്റെയും കുറവു മൂലം പലപ്പോഴും നടപടി സ്വീകരിക്കാന്‍ കഴിയുന്നില്ല. വനത്തോടു ചേര്‍ന്നുള്ള വനം വകുപ്പിന്റെ ഔട്ട് പോസ്റ്റുകളില്‍ മിക്കയിടങ്ങളിലും രണ്ടോ മൂന്നോ ജീവനക്കാരാണുള്ളത്. കഴിഞ്ഞദിവസം മാവോ സംഘം തത്തേങ്ങലത്ത് എത്തി പലചരക്ക് സാധനങ്ങള്‍ കൊണ്ടുപോയതായി വനം വകുപ്പിനു വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: