മാവേലിക്കര: ശബരീശ ദര്‍ശനത്തിനായി ആചാരപെരുമയും അനുഷ്ഠാനപുണ്യവുമായി കല്ലട കാവടി സംഘം മാവേലിക്കരയിലെത്തി. വൃശ്ചികം ഒന്നിന് അയ്യപ്പമുദ്രയണിഞ്ഞ് വ്രതാനുഷ്ഠാനവുമായി മകരസംക്രമദിനത്തില്‍ ശബരീശന് ആഭിഷേകത്തിനുള്ള നെയ്യുമായിട്ടാണ് സംഘത്തിന്റെ യാത്ര. കിഴക്കെ കല്ലട കരുവേലില്‍, പടിഞ്ഞാറെ കല്ലട ചാങ്ങേത്ത് കുടംബങ്ങളാണ് സംഘത്തിലുള്ളത്.
പതിനെട്ടാംപടിയുടെ വീതിയിലുള്ള രണ്ട് ദണ്ഡിനിരുവശത്തും കൊടി, തൂക്കുകള്‍, ആലവട്ടം എന്നിവ അലങ്കാരമായിട്ടുള്ളതാണ് കല്ലട കാവടി. ശബരിമലയില്‍ അഭിഷേകം ചെയ്യുന്ന നെയ്യ,് കുടംബത്തില്‍ പൂജിക്കുന്ന അയ്യപ്പന്റെ അങ്കി എന്നിവയാണ് കാവടിയിലുള്ളത്. പട്ടില്‍ കിന്നരികള്‍ പിടിപ്പിച്ച വസ്ത്രവും തലപ്പാവും കൈയ്യില്‍ ചൂരല്‍വടിയുമാണ് കാവടികള്‍ എടുക്കുന്നവരുടെ വേഷം.
ശബരിമലയിലെ പ്രതിഷ്ഠാ വേളയില്‍ ആവശ്യമായ പരശുരാമ പണം എടുക്കുവാന്‍ മറന്നുപോയ പന്തളം രാജാവിന് ഇരുകുടുംബത്തിലെയും കുടുംബനാഥന്മാര്‍ പണക്കിഴി നല്‍കി സഹായിച്ചു. ഇതിനു പ്രത്യുപകാരമായി രാജാവ് പതിനെട്ടാം പടിയുടെ വീതിയിലുളള ഓരോ ദണ്ഡു നല്‍കി. ഇതുമായി വര്‍ഷം തോറും ശബരിമല ദര്‍ശനം നടത്തണമെന്ന് രാജാവു പറഞ്ഞു. അന്നുമുതല്‍ രണ്ടു കുടുംബങ്ങളും നെയ്കാവടിയുമായി ശബരിമല ദര്‍ശനത്തിനെത്തിയതെന്നാണ് ഐതീഹ്യം.
വൃശ്ചികം ഒന്നിന് മാലയിടുന്ന സംഘം ധനു 18ന് കുടുംബക്ഷേത്രങ്ങളില്‍ പ്രത്യേക പൂജ നടത്തിയശേഷം 19ന് കിഴക്കേ കല്ലടയില്‍ നിന്നും പദയാത്ര തുടങ്ങി 20ന് പടിഞ്ഞാറെ കല്ലട ചാങ്ങേത്ത് കുടുംബത്തിലെത്തും. ഇവിടെനിന്നും ഒരുമിച്ച് ശബരീശ സന്നിധിയിലേക്ക് ശരണമന്ത്രങ്ങളുമായി യാത്രതിരിച്ചത്.
ഇന്നലെ മാവേലിക്കരയില്‍ വിശ്രമിച്ച സംഘം ഇന്ന് രാവിലെ ഒന്‍പതിന് ചെറിയനാട് ശ്രീ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെത്തുന്ന സംഘത്തെ കിഴക്കേടത്ത് ഇല്ലത്തുകാര്‍ സ്വീകരിക്കും. തുടര്‍ന്ന് മലയില്‍ കുടംബത്തില്‍ പ്രഭാതഭക്ഷണവും ഉച്ചക്ക് ഇല്ലത്ത് നൂറ്റാണ്ടുകളായി തുടരുന്ന ആചാരമായ ബ്രാഹ്മണസദ്യയുംനടത്തും. വൈകിട്ട് 3.30ന് ഇല്ലത്തെ കാര്‍ണവര്‍ക്കു ദക്ഷിണയും നല്‍കി യാത്രയാകും. വൈകിട്ട് അഞ്ചിന് ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെത്തും.
പുലര്‍ച്ചെ ഇവിടെനിന്നും യാത്രതിരിക്കുന്ന സംഘം ആറന്മുള, അയിരൂര്‍ വഴി എരുമേലിയിലെത്തി പേട്ടതുള്ളലിനുശേഷം പരമ്പരാഗത കാനനപാതയിലൂടെ മകരവിളക്കിനു തലേദിവസം സന്നിധാനത്തെത്തും. മകരസംക്രമ ദിവസം രാവിലെ അഭിഷേകത്തിനായി കാവടിയില്‍ കൊണ്ടുവന്ന നെയ്യ് സമര്‍പ്പിച്ച ശേഷം ദര്‍ശനപുണ്യവുമായി മലയിറങ്ങും. മകരം രണ്ടിന് ചാങ്ങേത്ത് ഗുരുഭൂതപൂജയും മൂന്നിന് കുരുവേലില്‍ സമര്‍പ്പണവും നടക്കുന്നതോടെ ചടങ്ങുകള്‍ക്കു സമാപനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: