റോം: ഇറ്റാലിയന്‍ ലീഗില്‍ ഇന്റര്മിലാന് സമനിലയും എസി മിലാന് പരാജയവും. നിലവിലെ ചാമ്പ്യന്മാരും ഒന്നാം സ്ഥാനക്കാരുമായ ജുവന്റസിനെയാണ് ഇന്റര്മിലാന് 1-1ന് സമനിലയില്‍ തളച്ചത്. ജുവന്റസിന്റെ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ അഞ്ചാം മിനിറ്റില്‍ കാര്‍ലോസ് ടെവസിലൂടെ ജുവന്റസ് ലീഡ് നേടി. ഈ ഒരു ഗോളിന് ആദ്യപകുതിയില്‍ അവര്‍ മുന്നിട്ടുനില്‍ക്കുകയും ചെയ്തു.
എന്നാല്‍ രണ്ടാം പകുതിയില്‍ ഇന്റര്‍ സമനില പിടിച്ചു. കളിയുടെ 64-ാം മിനിറ്റില്‍ മൗറോ ഇക്കാര്‍ഡിയാണ് ഇന്ററിന് എവേ മത്സരത്തില്‍ തകര്‍പ്പന്‍ സമനില നേടിക്കൊടുത്തത്. 86-ാം മിനിറ്റില്‍ മാറ്റിയു കൊവാകിക്ക് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ശേഷം പത്തുപേരുമായാണ് ഇന്റര്‍ കളിച്ചത്. ഇന്ററിന് വേണ്ടി ലൂക്കാസ് പൊഡോള്സ്കി അരങ്ങേറ്റം നടത്തുകയും ചെയ്തു. ആഴ്സണല്‍ താരമായ പൊഡോള്സ്കി വായ്പാടിസ്ഥാനത്തിലാണ് ഇന്ററിലെത്തിയത്.
മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ എസി മിലാന് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സസ്സുലോയോട് പരാജയപ്പെട്ടത്. സ്വന്തം തട്ടകത്തില്‍ നടന്ന കളിയുടെ ഒമ്പതാം മിനിറ്റില്‍ ആന്ദ്രെ പൊലിയിലൂടെ എസി മിലാന് ലീഡ് നേടി. എന്നാല്‍ വര്‍ദ്ധിതവീര്യത്തോടെ പൊരുതിയ സാസ്സുലോക്ക് വേണ്ടി 28-ാം മിനിറ്റില്‍ നിക്കോള സന്സോനെ സമനില പിടിച്ചു. പിന്നീട് 67-ാം മിനിറ്റില്‍ സിമോണെ സാസയും സാസ്സുലോക്ക് വേണ്ടി ലക്ഷ്യം കണ്ടതോടെ മിലാന്റെ തകര്‍ച്ച പൂര്‍ണ്ണമായി.
മറ്റൊരു മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള റോമ വിജയം സ്വന്തമാക്കി. എവേ മത്സരത്തില്‍ 17-ാം മിനിറ്റില്‍ ഡേവിഡ് അസ്റ്റോറി നേടിയ ഏക ഗോളിന് റോമ ഉദിനെസെയെ കീഴടക്കി. വിജയത്തോടെ ഒന്നാം സ്ഥാനത്തുള്ള ജുവന്റസുമായുള്ള പോയിന്റ് വ്യത്യാസം ഒന്നാക്കി കുറയ്ക്കാനും റോമക്കായി. ലീഗില്‍ 17 കൡകള്‍ പൂര്‍ത്തിയായപ്പോള്‍ ജുവന്റസിന് 40ഉം റോമക്ക് 39ഉം പോയിന്റാണുള്ളത്.
മറ്റൊരു മത്സരത്തില്‍ നാലാം സ്ഥാനത്തുള്ള നപ്പോളി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് സെസ്നെയെ കീഴടക്കി. നപ്പോളിക്ക് വേണ്ടി ഗൊണ്‍സാലൊ ഹിഗ്വയിന് രണ്ടും കല്ലജന്, ഹംസിക് എന്നിവര്‍ ഓരോ ഗോളും നേടി. കാഗ്ലിയാരിയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് പലേര്‍മോയും ഗംഭീര വിജയം സ്വന്തമാക്കി. 26-ാം മിനിറ്റില്‍ കാഗ്ലിയാരിയുടെ ഡാനിയേല കോന്റി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ശേഷം പത്തുപേരുമായാണ് അവര്‍ കളിച്ചത്. മറ്റൊരു മത്സരത്തില്‍ പാര്‍മ 1-0ന് ഫിയോറന്റീനയെയും കീഴടക്കി. കഴിഞ്ഞ ദിവസം നടന്ന കളിയില്‍ സാംപദോറിയയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത ലാസിയോയാണ് 30 പോയിന്റുമായി പട്ടികയില്‍ മൂന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: