1981 ല്‍ കേരള സര്‍ക്കാരും കേന്ദ്രസര്‍ക്കാരും സംയുക്തമായി തിരുവനന്തപുരത്ത് സ്ഥാപിച്ച സ്വതന്ത്രാധികാര അര്‍ബുദ ചികിത്സാ കേന്ദ്രമാണ് റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ (ആര്‍സിസി). കേന്ദ്രഗവണ്മെന്റിന്റെ മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫെയര്‍ നടപ്പിലാക്കുന്ന ദേശീയ അര്‍ബുദ നിയന്ത്രണപരിപാടിയുടെ ഭാഗമായി ഭാരതത്തിലൊട്ടുക്ക് പ്രവര്‍ത്തിക്കുന്ന 26 കേന്ദ്രങ്ങളിലൊന്നാണ് ആര്‍സിസി. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാമ്പസിലാണ് ആര്‍സിസി പ്രവര്‍ത്തിക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ റേഡിയോതെറാപ്പി വകുപ്പിന്റെ വിപുലീകരിക്കപ്പെട്ട വിഭാഗമായാണ് ഇത് നിലവില്‍ വന്നത്.
തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന റീജിയണല്‍ ക്യാന്‍സര്‍ സെന്റര്‍ ലോകത്തെവിടെയും കിട്ടുന്ന ചികിത്സകള്‍ ലഭ്യമാക്കി കേരളത്തിന് അഭിമാനമായിമാറി. ഇന്ന് കേരള യൂണിവേഴ്സിറ്റിയുടേയും മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടേയും ഏറ്റവും പ്രധാന ഗവേഷണ പങ്കാളിയാണ്. രോഗികളായി ഇവിടെയെത്തുന്നവരില്‍ 60 ശതമാനം പേരും തീര്‍ത്തും സൗജന്യമായും മധ്യവര്ഗ്ഗസാമ്പത്തികശേഷിയുള്ള 29 ശതമാനം പേര് സബ്സിഡി നിരക്കിലും ചികിത്സ നേടുന്നു.
ക്യാന്‍സര്‍ രോഗചികിത്സാരംഗത്ത് ലഭ്യമാക്കുന്ന എല്ലാ ചികിത്സാരീതികളും ഇവടെയും ലഭ്യമാണ്. റേഡിയേഷന് ചികിത്സ, സര്‍ജറി, ഹോര്‍മോണ്‍ ചികിത്സ തുടങ്ങിയവയ്ക്കായി ദിനംപ്രതി രണ്ടായിരത്തിലധികം രോഗികള്‍ ഇവിടെ എത്തുന്നു. രണ്ടുലക്ഷത്തോളം പഴയ രോഗികള്ക്കുപുറമേയാണിത്.
ആര്‍സിസിയുടെ ചരിത്രം
ക്യാന്‍സര്‍ രോഗ ചികിത്സാരംഗത്ത് കേരളത്തില്‍ അതി നൂതന ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കണമെന്ന ലക്ഷ്യത്തോടുകൂടി 1981 ല്‍ തിരുവനന്തപുരത്ത് സ്ഥാപിതമായി. പ്രവര്‍ത്തനം തുടങ്ങി ഒരു വര്‍ഷത്തിനകം 3,000 അര്‍ബുദ ബാധിതര്‍ ചികിത്സ തേടിയെത്തി. 1984 ല്‍ ഭാരതത്തിലെ ആദ്യ കമ്മ്യൂണിറ്റി ഓങ്കോളജി ഡിവിഷന് സ്ഥാപിതമായി. എറണാകുളത്ത് കാന്‍സര്‍ നിര്‍ണയ പരിശോധനാ ഉപകേന്ദ്രവും നിലവില്‍ വന്നു. 1987 ല്‍ പാലക്കാട്ട് ഉപകേന്ദ്രം സ്ഥാപിച്ചു. 1988 ല്‍ ഗ്രാമീണതലത്തില്‍ ക്യാന്‍സര്‍ നിയന്ത്രണ ബോധവത്ക്കരണ പദ്ധതി ആവിഷ്കരിച്ചു. 1989 ല്‍ മെഡിക്കല്‍ കോളേജ് വളപ്പില്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. 1990 ല്‍ വേദനസംഹാരിയായ മോര്‍ഫീന്‍ ലായനി നിര്‍മാണം ആരംഭിച്ചു. രാജ്യത്ത് ആദ്യമായാണ് മോര്‍ഫീന്‍ നിര്‍മാണം തുടങ്ങിയത്. 1992 ല്‍ എറണാകുളം ജില്ലയില്‍ ജില്ലാതല ഉപകേന്ദ്രം തുടങ്ങി. 1993 ല്‍ വേദനരഹിത നെറ്റ്വര്ക്കിംഗ് ആവിഷ്കരിച്ചു. 1994ല്‍ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലും 95 ല്‍ കണ്ണൂരിലും 2000 -ല്‍ പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലും ക്യാന്‍സര്‍ നിര്‍ണയ ഉപകേന്ദ്രം തുടങ്ങി. 1998 ല്‍ പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. 2001 ല്‍ ക്യാന്‍സര്‍ സെന്ററിലെ പ്രവര്‍ത്തന മികവിന് ഡയറക്ടറായിരുന്ന പ്രൊഫ. എം.കൃഷ്ണന് നായര്‍ക്ക് രാജ്യം പത്മശ്രീ നല്കി ആദരിച്ചു. 2007 ല്‍ മോര്‍ഫീന്‍ ഗുളിക നിര്‍മാണകേന്ദ്രം സ്ഥാപിച്ചതോടെ ഇത്തരത്തിലുള്ള രാജ്യത്തെ ആദ്യകേന്ദ്രമെന്ന ബഹുമതി ലഭിച്ചു. 2008 ല്‍ മജ്ജ മാറ്റിവയ്ക്കല്‍ യൂണിറ്റ് കമ്മീഷന് ചെയ്തു. 2011 ല്‍ എംസിഐയുടെ അംഗീകാരമുള്ള സര്‍ജിക്കല്‍ ഓങ്കോളജിയും മെഡിക്കല്‍ ഓങ്കോളജിയും പ്രവര്‍ത്തനം തുടങ്ങി.
ഇവിടെ ലഭിക്കുന്ന ചികിത്സാരീതികള്‍:
ക്യാന്‍സര്‍ നിര്‍ണയത്തിനുള്ള സൗകര്യം, മജ്ജ മാറ്റിവയ്ക്കല്‍, ഹൈഡ്രോസ്കീമോ തെറാപ്പി, ലേസര്‍ തെറാപ്പി, ലിംഫ് സാല്‍വേജ് സര്‍ജറി,അവയവ പുനര്‍നിര്‍മാണ ശസ്ത്രക്രിയ, വൈകോ വാസ്കുലാര്‍ ടിഷ്യൂ ട്രാന്‍സ്ഫര്‍, എന്‍ഡോസ്കോപ്പിക് സര്‍ജറി തുടങ്ങി നിരവധി ക്യാന്‍സര്‍ ചികിത്സകളും ഇവിടെ ലഭിക്കും.
ചികിത്സാ രീതികള്‍ ലഭ്യമാക്കുകപ്രധാനമായും സര്‍ജിക്കല്‍ ഓങ്കോളജി,മെഡിക്കല്‍ ഓങ്കോളജി,പീഡിയാട്രിക് ഓങ്കോളജി, പാലിയേറ്റീവ് മെഡിസിന് തുടങ്ങിയവ മുഖേനയാണ്. കൂടാതെ ജനിതകവൈകല്യ പരിശോധനകളും ലഭ്യമാണ്.
സര്‍ജിക്കല്‍ ഓങ്കോളജിയില്‍ ഏഴ് അത്യാധുനിക ഓപ്പറേഷന് തീയേറ്ററുകളുണ്ട്. ലിംഫ് സാല്‍വേജ് സര്‍ജറി, ഓപ്പറേറ്റിംഗ് ആന്‍ഡ് വീഡിയോ എന്‍ഡോസ്കോപ്പിക് സര്‍ജറി, സെന്റിനല്‍ ലിംഫ് നോഡ് ബയോപ്സി, ഐസിയു, മൊബൈല്‍ ഇമേജ് ഇന്ടെന്സിഫയര് തുടങ്ങിയവ ഉള്‍പ്പെടുന്നു. മെഡിക്കല്‍ ഓങ്കോളജിയില്‍ എല്ലാവിധ ക്യാന്‍സറിനുമുള്ള കീമോതെറാപ്പി സൗക്യമുണ്ട്. അസ്ഥിമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയാ യൂണിറ്റ്, കീമോതെറാപ്പി എന്നിയുണ്ട്.
പീഡിയട്രിക് ഓങ്കോളജി രാജ്യത്തെ ആദ്യത്തെ പീഡിയാട്രിക് ഓങ്കോളജി വിഭാഗമാണ്. യുഎസ്എയില്‍ പ്രവര്‍ത്തിക്കുന്ന ജിവ് ദയാ ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഭാരതത്തിലെ ആദ്യത്തെ ക്യാന്‍സര്‍ പെയില്‍ ക്ലിനിക്കാണ് പാലിയേറ്റിവ് മെഡിസിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഹോം കെയര്‍ സര്‍വീസ്, പുനരധിവാസം തുടങ്ങിയവ പാലിയേറ്റീവ് കെയര്‍ ശൃംഖലമുഖേന നടപ്പാക്കിവരുന്നു
ചികിത്സാ ആനുകൂല്യങ്ങള്‍
ആര്‍സിസിയിലെത്തുന്ന ബിപിഎല്‍ കാര്‍ക്ക് പൂര്‍ണമായും സൗജന്യ ചികിത്സ ലഭിക്കും. ഇതുകൂടാതെ കേരള സര്‍ക്കാരിന്റെ സുകൃതം പദ്ധതി, കാരുണ്യാ ബനവലന്റ് ഫണ്ട്, പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധി, രാഷ്ട്രീയ ആരോഗ്യനിധി, മെഡിക്കല്‍ അസിസ്റ്റന്‍സ് ടു ദി പുവര്‍, പട്ടികവര്‍ഗക്കാര്‍ക്കുള്ള പദ്ധതി തുടങ്ങിയ ക്ഷേമപദ്ധതികളില്‍ നിന്ന് ആനുകൂല്യവും ലഭ്യമാണ്. എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ കാരുണ്യാ ബനവലന്റ്ഫണ്ട് പദ്ധതിയും ലഭിക്കും. കൂടാതെ പാവപ്പെട്ടവരെ സഹായിക്കാനായി പുവര്‍ പേഷ്യന്റ് വെല്‍ഫെയല്‍ ഫണ്ടിലേക്ക് പൊതുജനങ്ങള്‍ക്ക് സംഭാവനകള്‍ നല്‍കാം. ഇത്തരം സംഭാവനകള്‍ക്ക് ആദായനികുതി ഇളവ് ലഭിക്കും.
കിഡ്സ് വെല്‍ഫെയര്‍ ഫണ്ടിലേക്ക് നല്കുന്ന തുക കുട്ടികളുടെ ചികിത്സയ്ക്കും അവരുടെ പുനരധിവാസത്തിനും ഉപയോഗിക്കുന്നു. അന്യസംസ്ഥാനങ്ങളില്നിന്നെത്തുന്നവര്ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
ചികിത്സ ലഭ്യമാകുന്നതെങ്ങനെ?
ആര്‍സിസി ഒരു റഫറല്‍ സെന്ററായതിനാല്‍ നേരിട്ട് ഇവിടെ ചികിത്സയ്ക്ക് എത്താനാകില്ല. സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍നിന്നും, ജില്ലാ,താലൂക്ക് ആശുപത്രികളില്‍ നിന്നുമുള്ള കത്തും ക്യാന്‍സര്‍ രോഗിയാണെന്നു തെളിയിക്കുന്ന ആധികാരിക രേഖയും സഹിതം ആശുപത്രി ഒപിയില്‍ എത്തിയാല്‍ സന്ദര്‍ശനത്തിനുള്ള തീയതിയും ടോക്കണും അപ്പോയിന്റ്മെന്റും നല്‍കും. രോഗികള്‍ക്കാവശ്യമായ എല്ലാ വിവരങ്ങളും നല്കാന് പിആര്‍ഒ വിഭാഗം പ്രവര്‍ത്തിക്കുന്നു. രോഗികള്‍ക്കും ബന്ധുക്കള്‍ക്കും കൗണ്‍സലിംഗിനും ചികിത്സയ്ക്കാവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കും പുറമേ ക്ഷേമപദ്ധതികളെക്കുറിച്ചും ചികിത്സാരീതികളെക്കുറിച്ചും വിശദമായി പറഞ്ഞുകൊടുക്കാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്.
കൂട്ടായ പ്രവര്‍ത്തനം
ചികിത്സയ്ക്കായി വിവിധ വകുപ്പുകളുടെ കൂട്ടായപ്രവര്‍ത്തനമാണ് നടക്കുന്നത്. അനസ്തീഷ്യോളജി, ക്യാന്‍സര്‍ റിസര്‍ച്ച്, ക്ലിനിക്കല്‍ ലബോറട്ടറി സര്‍വീസ്,മെഡിക്കല്‍ റെക്കോഡുകള്‍, കമ്മ്യൂണിറ്റി ഓങ്കോളജി, ദന്തവിഭാഗം, എപിഡെമിയോളജി, ഇമേജോളജി,വിവരങ്ങള്‍ നല്‍കുന്നതിനുള്ള സംവിധാനം, ലൈബ്രറി, മൈക്രോബയോളജി, ന്യൂക്ലിയര്‍ മെഡിസിന്, നഴ്സിംഗ് സേവനം, പാത്തോളജി, റേഡിയേഷന് ഫിസിക്സ്, ട്രാന്സ്ഫ്യൂഷന് മെഡിസിന്, തുടങ്ങിയവയാണ് പ്രധാനവകുപ്പുകള്‍.
ചികിത്സാരീതി.
ക്യാന്‍സര്‍ ചികിത്സയ്ക്ക് പല രീതികളാണ്പല രോഗികള്‍ക്കും നടപ്പില്‍വരുത്തുക. രോഗബാധയുടെ ഏറ്റക്കുറച്ചില്‍ അനുസരിച്ച് ചികിത്സാരീതിയിലും മാറ്റമുണ്ടാകും. നിശ്ചിത സമയപരിധിക്കകം രോഗം ഭേദമാക്കുകയോ നിയന്ത്രണ വിധേയമാക്കുകയോ ആണ് പ്രധാനം. ഇത് രോഗലക്ഷണത്തെ ആശ്രയിച്ചിരിക്കും.
പ്രവര്‍ത്തിക്കുന്ന മറ്റ് ക്ലിനിക്കുകള്‍
പുകവലി വിമോചന ക്ലിനിക്ക് എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും പ്രവര്‍ത്തിക്കുന്നു. ക്യാന്‍സര്‍ രോഗമുണ്ടോ എന്ന് പരിശോധിച്ച് സംശയ നിവാരണത്തിനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി ചൊവ്വയും വ്യാഴവും ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നു. തൈറോയ്ഡ് രോഗികള്‍ക്കും തൈറോയിഡ് ആണോ എന്ന് പരിശോധിക്കാനും പ്രത്യേക ക്ലിനിക്കിന്റെ സേവനം ലഭ്യമാണ്.
തൈറോയിഡ് കാന്‍സര്‍ അല്ലെങ്കിലും ക്യാന്‍സര്‍ ആകാന്‍ സാദ്ധ്യയുണ്ടോ എന്ന് പരിശോധിക്കാനായി തിങ്കള്‍ മുതല്‍ ശനിവരെ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്നുള്ള റഫറന്‍സ് ലെറ്ററുമായി വന്നാല്‍ പരിശോധന ലഭ്യമാക്കും.അവയവാധിഷ്ഠിത ക്ലിനിക്കുകളാണ് ഏറെയും. ഇതിനായി ഡോക്ടര്‍മാരുടെ പ്രത്യേക ടീം തന്നെയുണ്ട്. ക്യന്സര്രോഗത്തിന്റെ ചികിത്സ ഒരു ഡോക്ടറിനു മാത്രമായി നല്‍കാനാകില്ല. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയാണ് ചികത്സ നടപ്പാക്കുന്നത്.
ആര്‍സിസി ക്യാന്‍സര്‍ ഗവേഷണ രംഗത്തും പ്രവര്‍ത്തിക്കുന്നു. ഡിഎം., എംസി എച്, എംഡി തുടങ്ങിയ സൂപ്പര്‍ സ്പെഷ്യാലിറ്റി കോഴ്സുകള്‍ ഉള്ള സെന്റര്‍ ഒഫ് എക്സലന്‍സായി ആര്‍സിസിയെ ഈയിടെ സര്‍ക്കാര്‍ തിരഞ്ഞെടുത്തിരുന്നു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ സ്റ്റേറ്റ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന പ്രത്യേക പദവി പ്രതീക്ഷിച്ചിരിക്കുകയാണ് . ഈ പദ്ധതി പ്രകാരം 120 കോടി രൂപയുടെ അധികസാമ്പത്തിക സഹായം ലഭ്യമാക്കാനാകും. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, ലക്ഷദ്വീപ് മാലി, ശ്രീലങ്ക തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള രോഗികള്‍ ഇവിടെ ചികിത്സതേടിയെത്തുന്നു.
ബോധവത്ക്കരണം വേണം
രോഗം ഭേദമായവരുടെ ഒരു സംഗമം വര്‍ഷവും ഇവിടെ നടത്താറുണ്ട്. അവരെ ഉള്‍പ്പെടുത്തി ക്യാന്‍സര്‍ ബോധവത്ക്കരണത്തിന് ഒരു സപ്പോര്‍ട്ട് ഗ്രൂപ്പ് ഉണ്ടാക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ക്യാന്‍സര്‍ രോഗവിമുക്തരായ ആയിക്കരണക്കിനുപേരുണ്ടെങ്കിലും അവര്‍ സമൂഹത്തിനു മുന്നില്‍വന്നു പറഞ്ഞ് അവരെ ബോധവത്ക്കരിക്കാന്‍ വിമുഖതകാട്ടുന്നു. മരിക്കുന്നവരെക്കാള്‍ കൂടുതല്‍ രോഗവിമുക്തരാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു. അതിനാല്‍ പൂര്‍ണമായും രോഗമുക്തരായവര്‍ ബോധവത്കരണവുമായി മുന്നോട്ടുവരണമെന്നാണ് ഡോക്ടര്‍മാരുടെ ആവശ്യം.
രോഗികള്‍ക്കായി റെയില്‍വേ സ്റ്റേഷനില്‍ നിന്ന്
പ്രത്യേക ബസ് സര്‍വീസ്
മറ്റുസംസ്ഥാനങ്ങളില്‍നിന്ന് ട്രെയിന്‍ മാര്‍ഗം ആര്‍സിസിയിലെത്തുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കെഎസ്ആര്‍ടിസി പ്രത്യേകം യാത്രാസൗകര്യമൊരുക്കിയിരിക്കുന്നു. ഏറ്റവും കൂടുതല്‍ രോഗികള്‍ വന്നിറങ്ങുന്ന തിരുവനന്തപുരം റെയില്‍വേസ്റ്റേഷനില്‍ നിന്നാണ് ബസ്സര്‍വീസ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മൂന്നു സര്‍വീസുകളിലായി 22 ട്രിപ്പാണ് ഒരു ദിവസം നടത്തുന്നത്. മുന്‍പ് ബസില്‍ മെഡിക്കല്‍ കോളേജില്‍ വന്നിറങ്ങിയശേഷം ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ടിയിരുന്നു. ഇപ്പോള്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആര്സിസിവരെ യാത്ര ചെയ്യുന്നതിന് 12 രൂപയാണ് ബസ് നിരക്ക്. പുലര്‍ച്ചെ 3.15 നാണ് ആദ്യ ട്രെയിന്‍ എത്തുന്നത്. തുടര്‍ന്ന് ഗുരുവായൂര്‍ , മാവേലി, അമൃത, മംഗലാപുരം, മലബാര്‍ എന്നീ ട്രെയിനുകളില്‍ വന്നിറങ്ങുന്നവര്‍ക്ക് കെഎസ്ആര്‍ടിസിയുടെ ഈ സര്‍വീസുകള്‍ ഏറെ പ്രയോജനം ചെയ്തുവരുന്നു. ദിവസവും 22 സര്‍വീസുകളാണ് നടത്തുന്നത്. ഞായറാഴ്ച ദിവസങ്ങളില്‍ ഒരുസര്‍വീസ് മാത്രമാണുള്ളത്.
ആര്‍സിസിയെ ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്തണം
ഡയറക്ടറായി ചുമതലയേറ്റതിനുശേഷം രോഗികള്‍ക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനായെന്ന് ആര്‍സിസി ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റിയന് പറഞ്ഞു. അത്യാഹിതവിഭാഗം ആരംഭിച്ചു, കീമോതെറാപ്പി 24 മണിക്കൂറാക്കി വര്‍ദ്ധിപ്പിച്ചു. ആര്‍സിസിയുടെ ഇന്‍ഷ്വറന്‍സ് പദ്ധതിയായ ക്യാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫിലേക്ക് കൂടുതല്‍ പേരെ ഉള്‍പ്പെടുത്താനായി.
റേഡിയോതെറാപ്പിക്ക് പുതിയ അന്താരാഷ്ട്രനിലവാരമുള്ള ഉപകരണങ്ങള്‍ സ്ഥാപിച്ചു. സര്‍ജറി വിഭാഗത്തില്‍ ലിംഫ് സാല്‍വേജ് സര്‍ജറി നടപ്പാക്കാനായി. സ്തനാര്‍ബുദം ബാധിച്ചരോഗികളില് അവയവം പൂര്‍ണമായും നീക്കം ചെയ്യാതെയുള്ള ചികിത്സാരീതിയായ സെന്റിനല്‍ ലിംഫ് മോഡല്‍ ബയോപ്സി, താക്കോല്‍ദ്വാര ശസ്ത്രക്രിയ എന്നിവ നടപ്പാക്കി.
മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരമുള്ള പുതിയ കോഴ്സുകള്‍ ആരംഭിച്ചു. എന്‍എബിഎച്ച് അക്രഡിറ്റേഷന് ലഭിക്കുന്ന പൊതുമേഖലാരംഗത്തെ ഭാരതത്തിലെ ആദ്യ ക്യാന്‍സര്‍ സെന്ററായി ആര്‍സിസി മാറി. ചികിത്സാ സൗക്യങ്ങളും മറ്റും കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കാനായി അത്യാധുനിക സൗകര്യത്തോടെയുള്ള പത്തുനില മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിവരുന്നു.
കേന്ദ്രസര്‍ക്കാരിന്റെ ധനസഹായത്തോടെ ആര്‍സിസിയെ സ്റ്റേറ്റ് ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്താന്‍ സാധിച്ചു. ഇതിനായി 120 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു. ദേശീയ ഇന്‍സ്റ്റിറ്റ്യൂട്ടായി ഉയര്‍ത്താനായി കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്കി. ഈ സ്വപ്നം യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് താനെന്ന് ഡയറക്ടര്‍ ഡോ.പോള്‍ സെബാസ്റ്റിയന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: