തിരുവനന്തപുരം: മദ്യനയവും തുടര്‍ന്നുണ്ടായ പ്രായോഗിക മാറ്റവും ഉയര്‍ത്തിയ വിവാദങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും പരിഹാരം കാണാന്‍ കെപിസിസി- സര്‍ക്കാര്‍ ഏകോപന സമിതി ഇന്ന് യോഗം ചേരും. പുതുക്കിയ മദ്യനയവും അതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളുമായിരിക്കും പ്രധാന വിഷയം. സര്‍ക്കാര്‍ നയത്തിനെതിരെ വെല്ലുവിളിച്ച് സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ച സുധീരനെതിരെ ഗ്രൂപ്പുകള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങും. മദ്യനയം സംബന്ധിച്ച് സര്‍ക്കാരിന്റെ നിലപാട് മുഖ്യമന്ത്രി വിശദീകരിക്കും. ജനപക്ഷയാത്രയെ പിന്തുണയ്ക്കാതെ താനുയര്‍ത്തിയ നിര്ദ്ദേശങ്ങളെയാകെ തള്ളിക്കളഞ്ഞതില്‍ സുധീരനും പ്രതിഷേധിക്കും. മദ്യനയം സംബന്ധിച്ച് മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ആദ്യമായാണ് പാര്‍ട്ടി വേദിയില്‍ വിശദീകരിക്കുന്നത്.
ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ക്രമക്കേടുകളും പരാതികളും യോഗം പരിഗണിക്കും. ഇന്നു വൈകിട്ട് 5.30ന് കെപിസിസി ആസ്ഥാനത്താണ് ഏകോപനസമിതി ചേരുക. കഴിഞ്ഞ യുഡിഎഫ് യോഗത്തിനു ശേഷം പുതുക്കിയ മദ്യനയം നിലവില്‍വന്നതോടെ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഒന്നിക്കുന്ന ആദ്യ യോഗമാണിത്. സര്‍ക്കാരിന്റെ മദ്യനയത്തിലെ പ്രായോഗികമാറ്റത്തിനെതിരെ സുധീരന് വാളെടുത്തെങ്കിലും നിലപാടില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറല്ല. ചേരിതിരിവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ സുധീരനും മുഖ്യമന്ത്രിയും തമ്മിലുള്ള തര്‍ക്കം മൂര്ച്ഛിക്കുമെന്നതില് സംശയമില്ല. ഇതോടെ മദ്യനയത്തില്‍ കലങ്ങിമറിഞ്ഞ യുഡിഎഫ് കൂടുതല്‍ വിവാദ ങ്ങളിലേക്ക് നീങ്ങും.
ഇരുവിഭാഗവും മദ്യനയത്തിലെ തര്‍ക്കം അവസാനിപ്പിക്കണമെന്നാണ് ഭൂരിഭാഗം നേതാക്കളുടേയും ആവശ്യം. സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിലപാടുകള്‍ വി.എം സുധീരന് അവസാനിപ്പിക്കണമെന്ന് എ, ഐ ഗ്രൂപ്പുകള്‍ യോഗത്തില്‍ ഉന്നയിക്കും. സര്‍ക്കാരിനെതിരായ നിലപാടുകള്‍ സുധീരന് തുടര്‍ന്നാല്‍ നോക്കിയിരിക്കില്ലെന്നും ഗ്രൂപ്പുകള്‍ അറിയിക്കും. സുധീരനെ കാര്യങ്ങള്‍ ധരിപ്പിക്കാന്‍ രമേശ് ചെന്നിത്തലെയാണ് നേതാക്കള്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്.
മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവരാണ് ഏകോപനസമിതിയിലെ അംഗങ്ങളില്‍ കൂടുതല്‍പേരും. എന്നാല്‍ ഏറ്റവും ഒടുവിലായി പി.ജെ. കുര്യന്, കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ലാലി വിന്‍സെന്റ് എന്നിവരെകൂടി സുധീരന് ഈ സമിതിയിലേക്ക് നോമിനേറ്റ് ചെയ്തിട്ടുണ്ട്. സര്‍ക്കാര്‍ നിലപാടിനെ പൂര്‍ണമായും ശരിവെയ്ക്കുന്ന നിലപാടായിരിക്കില്ല ഇവര്‍ കൈക്കൊള്ളുന്നതെന്നാണ് സുധീരനെ അനുകൂലിക്കുന്നവര്‍ നല്കുന്ന വിവരം. സര്‍ക്കാര്‍ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ഇതിനായി സ്വീകരിക്കുന്ന നടപടികളില്‍ പുനരാലോചന വേണമെന്ന് സുധീരന്റെ അനുകൂലികള്‍ ആവശ്യപ്പെടും. പുതിയ ബിയര്‍വൈന്‍ പാര്‍ലറുകള്‍ക്ക് തദ്ദേശ ഭരണസ്ഥാപനങ്ങളുടെ അനുമതി ഉറപ്പാക്കണമെന്നതാവും ഇതുസംബന്ധിച്ച പ്രധാന നിര്‍ദേശം. നേരത്തെ ടി.എന്‍. പ്രതാപന് എംഎല്‍എ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു.
ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് നടക്കുന്ന ധൂര്‍ത്തും അഴിമതിയും സംബന്ധിച്ച് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും യോഗത്തില്‍ ആവശ്യമുയരും. രമേശ് ചെന്നിത്തല ഈ വിഷയം യോഗത്തില്‍ അവതരിപ്പിക്കും. ഉന്നതതലത്തില്‍ അന്വേഷണം വരുന്നതിന് മുമ്പ് സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നപരിഹാരത്തിന് മുന്‍കൈയെടുക്കണമെന്നാണ് വിമര്‍ശനം ഉന്നയിച്ച ഭരണ കക്ഷിയിലുള്ളവരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: