തിരുവനന്തപുരം: ബാലകൃഷ്ണപിള്ളയെയും മകന് ഗണേഷ്കുമാര് എംഎല്‍എയെയും വാളകം കേസിലെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയത് വിവാദത്തിലേക്ക്. സിബിഐയുടെ നടപടിക്കു പിന്നില്‍ ദൂരൂഹത ഉണ്ടെന്നും സാക്ഷിയെ പ്രതിയാക്കാന്‍ നീക്കം നടത്തുന്നതായും കേസ്സിലെ പ്രധാന സാക്ഷി ജാക്സണ് വര്‍ഗ്ഗീസിന്റെ ഭാര്യ സ്നേഹ ജാക്സണ് വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
2011 സപ്റ്റംബര്‍ 27ന് രാത്രി 10 മണിയോടു കൂടി വാളകം എംഎല്‍എ ജംഗ്ഷന് വഴി ജാക്സണ് വര്‍ഗ്ഗീസ് തന്റെ നാനോകാര്‍ ഓടിച്ച് പോകവെ റോഡിന്റെ വശത്തായി ആരെയോ കോളറില്‍ പിടിച്ച് തൂക്കിനിറുത്തിയിരിക്കുന്നതായി കണ്ടു. അവിടെ ഉണ്ടായിരുന്നവരില്‍ ഒരാള്‍ മുച്ചിറ മനോജ് എന്ന ഗുണ്ടയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. പിറ്റേ ദിവസം പത്രങ്ങളിലൂടെയാണ് അധ്യാപകന് കൃഷ്ണകുമാറിനെയാണ് ആക്രമിച്ചതെന്ന് അറിയാന്‍ സാധിച്ചത്. കേസിലുള്‍പ്പെട്ടവര്‍ക്ക് ഉന്നത സ്വാധീനമുള്ളതിനാലും ഗുണ്ടകളുടെ ആക്രമണവും ഭയന്ന് ഒന്നും പുറത്ത് പറഞ്ഞിരുന്നില്ല.
2014 ല്‍ സിബിഐയിലെ മനോജ് എന്ന ഓഫീസര്‍ മനുഷ്യാവകാശ പ്രവര്‍ത്തകനെന്ന വ്യാജേന കൊട്ടാരക്കരയില്‍ ജാക്സണ് നടത്തുന്ന ലോട്ടറിക്കടയില്‍ എത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ഈ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്മാരോട് പറയണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ചാണ് വിവരങ്ങളെല്ലാം അന്വേഷണസംഘ തലവനായ എസ്പി ജോസ് മോഹനനോടും കൂട്ടരോടും പറഞ്ഞത്. ഇതിനുശേഷം ജാക്സണ് വര്‍ഗ്ഗീസിനെ പലതവണ അന്വേഷണ സംഘം ചോദ്യം ചെയ്യുകയും മാനസികമായും ശാരീരികമായും ഉപദ്രവിക്കുകയും ചെയ്തു.
സാക്ഷിമൊഴി മാറ്റി കുറ്റസമ്മത മൊഴിയാക്കി ജാക്സനെ പ്രതിയാക്കാനുള്ള നീക്കമാണ് നടത്തുന്നത്. ജാക്സന് ഓടിച്ചുവന്ന കാര്‍ കൃഷ്ണകുമാറിനെ ഇടിക്കുകയും തെറിച്ചുവീണ് കാറിലെ ബമ്പറില്നിന്നുള്ള ഇരുമ്പ് കഷണം അദ്ധ്യാപകന്റെ മലദ്വാരത്തില്‍ കയറിയെന്നുമാണ് സിബിഐയുടെ കണ്ടെത്തല്‍. ഇതിനിടയില്‍ ജാക്സന്റെ ലോട്ടറി കട ഗുണ്ടകള്‍ അടിച്ചു തകര്‍ത്തിരുന്നു.
കേരള പോലീസിന്റെ താളത്തിനൊത്ത് സിബിഐ സംഘവും അന്വേഷണം നടത്തുകയാണെന്നാണ് ആരോപണം. ജാക്സനെ കസ്റ്റഡിയിലെടുത്ത് കുറ്റസമ്മതമൊഴി എടുക്കാനായി ഫോണിലൂടെയും നോട്ടീസിലൂടെയും നിരന്തരമായി സിബിഐ സംഘം ഭീഷണിപ്പെടുത്തുന്നുണ്ട്. 40ല്‍ പരം തവണ സിബിഐ സംഘം ചോദ്യം ചെയ്തപ്പോഴെല്ലാം സഹകരിച്ച ജാക്സണ് പ്രതിയാകുമോയെന്ന ഭയത്താല്‍ ഒളിവിലാണെന്നും സ്നേഹ ജാക്സണ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: