ആലപ്പുഴ: ജില്ലാ സമ്മേളനത്തിന്റെ പൊതുചര്‍ച്ചയുടെ തുടക്കം മുതല്‍ വി.എസ്. അച്യുതാനന്ദനെതിരെയും ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബുവിനെതിരെയും ഏകപക്ഷീയമായ ആക്രമണമാണ് ഔദ്യോഗിക പക്ഷം നടത്തിയത്. പിണറായി വിജയനെയും വിഎസിനെയും സാക്ഷിനിര്‍ത്തിയായിരുന്നു ജില്ലാ സെക്രട്ടറിക്കെതിരെയുള്ള ആക്രമണം. ഇത്തവണ ചന്ദ്രബാബുവിനെ തുടരാന്‍ അനുവദിക്കരുതെന്ന വാശിയോടെയായിരുന്നു പ്രതിനിധികള്‍ ഓരോരുത്തരായി കൃത്യതയോടെ ആരോപണങ്ങള്‍ ഉന്നയിച്ചത്.
ജില്ലയില്‍ വിഭാഗീയതയെ നയിക്കുന്നത് ജില്ലാ സെക്രട്ടറിയായിരുന്നുവെന്നായിരുന്നു പല പ്രതിനിധികളും ആരോപണം ഉന്നയിച്ചത്. ചേര്‍ത്തല, കായംകുളം, അരൂര്‍ എന്നിവിടങ്ങളിലെ പ്രതിനിധികളാണു ജില്ലാ സെക്രട്ടറിക്കെതിരെ ആഞ്ഞടിച്ചത്. അരൂരിലും ചേര്‍ത്തലയിലും മാരാരിക്കുളത്തും വിഭാഗീയതയ്ക്കു നേതൃത്വം നല്‍കിയത് ചന്ദ്രബാബുവാണെന്നും ഔദ്യോഗികപക്ഷം ആരോപണം ഉന്നയിച്ചു.
കൃഷ്ണപിള്ള സ്മാരക കേസിലെ പ്രതികളുമായുള്ള ചന്ദ്രബാബുവിന്റെ ബന്ധത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപണമുയര്‍ന്നു. എന്നാല്‍ ഇതിനെയൊക്കെ മറുപടി പ്രസംഗത്തില്‍ ചന്ദ്രബാബു ഖണ്ഡിച്ചു. ജില്ലാ സെക്രട്ടറിയെന്ന നിലയില്‍ തന്റെ പ്രവര്‍ത്തനങ്ങളില്‍ ഒരു വീഴ്ചയുമുണ്ടായിട്ടില്ലെന്നും ഇതു തെളിയിക്കാനായാല്‍ താന്‍ സാഷ്ടാംഗം നമിക്കാന്‍ വരെ തയാറാണെന്നും ചന്ദ്രബാബു തുറന്നടിച്ചു. വിമര്‍ശനങ്ങള്‍ പ്രതിപക്ഷ ബഹുമാനത്തോടെ ആയിരിക്കണമെന്നും ചന്ദ്രബാബു പറഞ്ഞു.
വി.എസ്. അച്യുതാനന്ദനെതിരെയും അതിരൂക്ഷമായ വിമര്‍ശനങ്ങളാണ് സമ്മേളനത്തില്‍ ഉയര്‍ന്നത്. പാര്‍ട്ടിയിലെ ക്രിമിനലുകളെ സംരക്ഷിക്കുന്നതു വിഎസാണെന്നും, ക്രൂരമായ മനസാണു വിഎസിനുള്ളതെന്നും പ്രതിനിധികള്‍ ആരോപിച്ചു. ഇന്നലെ വൈകിട്ടോടെ പൊതുചര്‍ച്ച സമാപിച്ചു. തുടര്‍ന്നു ചന്ദ്രബാബുവും പിണറായി വിജയനും മറുപടി പ്രസംഗം നടത്തി. ഇന്നു രാവിലെ സംസ്ഥാന പ്രതിനിധികളെയും ജില്ലാ കമ്മറ്റി അംഗങ്ങളെയും ജില്ലാ സെക്രട്ടറിയെയും തെരഞ്ഞെടുക്കും.
ഔദ്യോഗിക പക്ഷത്തിനു വന്‍ ഭൂരിപക്ഷമുള്ളതിനാല്‍ തെരഞ്ഞെടുപ്പു നടപടികള്‍ ഏകപക്ഷീയമാകാനാണ് സാദ്ധ്യത. ജില്ലാ സെക്രട്ടറിയെ മാറ്റണമെന്ന ഉറച്ച നിലപാടാണു ഔദ്യോഗിക പക്ഷത്തിനുള്ളത്. ഇക്കാര്യത്തില്‍ പിണറായി വിജയന്റെ നിലപാടായിരിക്കും നിര്‍ണായകമാകുക. മുന്തവണയും ജില്ലാ കമ്മറ്റിയില്‍ ഭൂരിപക്ഷം ഔദ്യോഗിക പക്ഷത്തിനായിരുന്നുവെങ്കിലും സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയോടെ ചന്ദ്രബാബു സെക്രട്ടറിയാകുകയായിരുന്നു. ഇത്തവണയും ഇത് ആവര്‍ത്തിക്കുമോയെന്ന ആശങ്കയും ഔദ്യോഗിക പക്ഷത്തിനുണ്ട്.
കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത വിഷയം പാര്‍ട്ടി അന്വേഷിക്കുമെന്ന സൂചന ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയും സമ്മേളനത്തില്‍ നല്കി. ഏറെക്കാലമായി നിലനില്‍ക്കുന്ന വിഭാഗീയത ജില്ലാ സമ്മേളനത്തോടെ കൂടുതല്‍ രൂക്ഷമായെന്നതാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: