മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. നാലാം ദിവസത്തെ കളി അവസാനിപ്പിക്കുമ്പോള്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ 261 റണ്‍സെടുത്തിട്ടുണ്ട്. മൂന്ന് വിക്കറ്റ് കയ്യിലിരിക്കെ ഓസ്ട്രേലിയ ആകെ 326 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയിട്ടുണ്ട്. പരമ്പരയില്‍ ആദ്യ അര്‍ദ്ധശതകം നേടിയ ഷോണ്‍ മാര്‍ഷ് 62 റണ്‍സോടെയും എട്ട് റണ്‍സുമായി റയാന് ഹാരിസുമാണ് ക്രീസില്‍. ഒരു ദിവസത്തെ കളി ബാക്കി നില്‍ക്കെ മത്സരം ഏത് ദിശയിലേക്ക് വേണമെങ്കിലും തിരിയാമെന്ന സ്ഥിതിയിലാണ്. അവസാന ദിവസമായ നാളെ ഇന്നിങ്സ് എത്രയും പെട്ടെന്ന് അവസാനിപ്പിച്ച് ഇന്ത്യയെ ബാറ്റിങിന് വിടാനാകും ഓസ്ട്രേലിയയുടെ ശ്രമം.
ഇന്നലെ എട്ടിന് 462 റണ്‍സ് എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനേ കഴിഞ്ഞുള്ളൂ. മിച്ചല്‍ ജോണ്‍സനാണ് ഇന്ത്യയുടെ അവസാന രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. റണ്ണൊന്നുമെടുക്കാതിരുന്ന ഉമേഷ് യാദവിനെ ജോണ്സണ് ഹാഡിന്റെ കൈകളിലെത്തിച്ചപ്പോള്‍ 12 റണ്‍സെടുത്ത മുഹമ്മദ് ഷാമിയെ സ്മിത്തിന്റെ കൈകളിലും എത്തിച്ചു. ഇതോടെ ഓസ്ട്രേലിയയ്ക്ക് 65 റണ്‍സിന്റെ നിര്‍ണായകമായ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചു. ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയ 530 റണ്‍സെടുത്തിരുന്നു.
തുടര്‍ന്ന് രണ്ടാം ഇന്നിങ്സ് ആരംഭിച്ച ഓസ്ട്രേലിയക്ക് റോജേഴ്സും വാര്‍ണറും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ കൂട്ടുകെട്ട് അശ്വിന് പൊളിച്ചു. 40 റണ്‍സെടുത്ത വാര്‍ണറെ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. പിന്നീട് റോജേഴ്സും വാട്സണും ചേര്‍ന്ന് സ്കോര്‍ മുന്നോട്ട് നീക്കിയെങ്കിലും സ്കോര്‍ 98-ല്‍ എത്തിയപ്പോള്‍ ഈ കൂട്ടുകെട്ടും തകര്‍ന്നു. 17 റണ്‍സെടുത്ത വാട്സണെ ഇഷാന്ത് ശര്‍മ്മയുടെ പന്തില്‍ ധോണി പിടികൂടി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ സ്മിത്തിനും കാര്യമായ സംഭാവന നല്‍കാനായില്ല. ആദ്യ ഇന്നിംഗ്സില്‍ ഡബിള്‍ സെഞ്ച്വറിക്ക് എട്ട് റണ്‍സ് അകലെവച്ച് പുറത്തായ സ്മിത്തിന് രണ്ടാം ഇന്നിംഗ്സില്‍ 14 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഉമേഷ് യാദവിന്റെ പന്തില്‍ അജിന്‍ക്യ രഹാനെക്ക് ക്യാച്ച് നല്‍കിയാണ് സ്മിത്ത് മടങ്ങിയത്. സ്കോര്‍ മൂന്നിന് 131. പിന്നീട് റോജേഴ്സും ഷോണ്‍ മാര്‍ഷും ചേര്‍ന്ന് ഇന്നിംഗ്സ് മുന്നോട്ടുനീക്കിയെങ്കിലും സ്കോര്‍ 164-ല്‍ എത്തിയപ്പോള്‍ റോജേഴ്സും മടങ്ങി.
ആദ്യ ഇന്നിംഗ്സില്‍ അര്‍ദ്ധസെഞ്ചുറി നേടിയ റോജേഴ്സ് രണ്ടാം ഇന്നിംഗ്സില്‍ 69 റണ്‍സെടുത്ത് അശ്വിന്റെ പന്തില്‍ ബൗള്‍ഡായാണ് മടങ്ങിയത്. അധികം കഴിയും മുന്നേ ഒമ്പത്റണ്സെടുത്ത ബേണ്‍സിനെ ഇഷാന്ത് ശര്‍മ്മ ധോണിയുടെ കൈകളിലെത്തിച്ചതോടെ ഓസീസ് അഞ്ചിന് 176 എന്ന നിലയിലായി. തുടര്‍ന്നെത്തിയ ബ്രാഡ് ഹാഡിനും ഒന്നാം ഇന്നിംഗ്സിലെ പോലെ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല. ആദ്യ ഇന്നിംഗ്സില്‍ 55 റണ്‍സെടുത്ത ഹാഡിന് രണ്ടാം ഇന്നിംഗ്സില്‍ 13 റണ്‍സെടുത്ത് ഉമേഷ് യാദവിന്റെ പന്തില്‍ ധോണിക്ക് ക്യാച്ച് നല്കി മടങ്ങി. സ്കോര്‍ 6ന് 202. പിന്നീട് സ്കോര്‍ 234-ല്‍ എത്തിയപ്പോള്‍ 15 റണ്‍സെടുത്ത മിച്ചല്‍ ജോണ്‍സനെ മുഹമ്മദ് ഷാമി രഹാനെയുടെ കൈകളിലെത്തിച്ചു. പിന്നീട് ഷോണ്‍മാര്‍ഷും ഹാരിസും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടപ്പെടുത്താതെ നാലാം ദിവസത്തെ കളി അവസാനിപ്പിച്ചു. ഇതിനിടെ ഷോണ്‍മാര്‍ഷ് അര്‍ദ്ധശതകവും തികച്ചു. ഇന്ത്യക്ക് വേണ്ടി ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ്മ, ആര്. അശ്വിന് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.
ആദ്യ മൂന്ന് ദിവസവും ബാറ്റിംഗിന് അനുയോജ്യമായിരുന്ന പിച്ച് ഇന്നലെ മുതല്‍ ബൗളര്‍മാരെ സഹായിച്ചുതുടങ്ങിയിട്ടുണ്ട്. ഇന്ന് രാവിലെ കുറച്ച് നേരം ബാറ്റ് ചെയ്ത് ലീഡ് 400 ആക്കിയശേഷം ഇന്ത്യയെ ബാറ്റിങിനയക്കാനായിരിക്കും ഓസ്ട്രേലിയ ലക്ഷ്യമിടുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: