കൊച്ചി: മനുഷ്യസ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഏതിനെയും തുടച്ചുനീക്കാനുള്ള സഹോദരന് അയ്യപ്പന്റെ ആഹ്വാനം ജീര്‍ണിച്ച സമൂഹത്തെ പുനര്ജീവിപ്പിക്കാനുള്ള മുദ്രാവാക്യങ്ങളായിരുന്നുവെന്ന് പ്രശസ്ത അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ അഡ്വ.വക്കം എന്‍.വിജയന് അഭിപ്രായപ്പെട്ടു.
കെ.കെ.പീതാംബരന് തയ്യാറാക്കി ചതയോപഹാരം ഗുരുദേവട്രസ്റ്റ് പ്രസിദ്ധീകരിച്ച ”സഹോദരന് അയ്യപ്പന് കര്‍മയോഗിയായ പരിവര്‍ത്തനവാദി” എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതി എന്തായാലും അഴിമതിക്കാര്‍ ആരായാലും അതിനെതിരെ ആഞ്ഞടിച്ച സഹോദരന് ഏതൊരു കാലഘട്ടത്തിന്റെയും ഉത്തമമാതൃകയാണ്. ജാതീയതയുടെ ചങ്ങലക്കെട്ടുകളില്‍നിന്നും മാനവസമുദായത്തെ മോചിപ്പിക്കുവാന്‍ അയ്യപ്പന് നടത്തിയ സ്ഫോടനാത്മകമായ സമരമുറകള്‍ ശ്രീനാരായണധര്‍മത്തിന്റെ കര്‍മകാണ്ഡം തന്നെയാണ്. ആധുനിക കേരളീയ സമൂഹത്തിന് ദിശാബോധം നല്‍കിയത് സഹോദരന് അയ്യപ്പനാണെന്ന കാര്യം ചരിത്രസത്യമാണ്, അദ്ദേഹം പറഞ്ഞു.
പുസ്തകത്തിന്റെ ആദ്യപ്രതി മുന്‍ എംഎല്‍എ കെ.മുഹമ്മദാലി ഏറ്റുവാങ്ങി. എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല മുഖ്യാതിഥിയായിരുന്നു. വി.എസ്.മണി സഹോദരന് അനുസ്മരണ പ്രഭാഷണം നടത്തി.
ശ്രീനാരായണ സേവികാ സമാജത്തിലെ വന്ദ്യവയോധികയായ തങ്കംചേച്ചിയെ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ ഡോ.രണ്‍ചന്ദ് കെ. പൊന്നാട അണിയിച്ച് ആദരിച്ചു. സീതാലക്ഷ്മി, സേതുലക്ഷ്മി, ശ്രീപ്രിയ എന്നിവര്‍ സഹോദരകൃതികള് ആലപിച്ചു. ചതയോപഹാരം ഗുരുദേവട്രസ്റ്റ് കണ്‍വീനര്‍ കെ.കെ.പീതാംബരന് സ്വാഗതവും ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ വി.എസ്.സുരേഷ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: