ശബരിമല: സന്നിധാനത്തേക്ക് ജീപ്പില്‍ എത്തിയ സംഭവത്തില്‍ കല്‍പ്പറ്റ സിഐ അടക്കം നാല് പേരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. കല്‍പ്പറ്റ സിഐ സുഭാഷ് ബാബുവിനും രണ്ടു എഎസ്ഐമാര്‍ക്കും പോലീസ് ഡ്രൈവര്ക്കുമെതിരേയാണ് നടപടി.
ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സിഐ പമ്പയില്‍ നിന്ന് ഔദ്യോഗിക ജീപ്പില്‍ സന്നിധാനത്തേക്കു പുറപ്പെട്ടത്. മരക്കൂട്ടത്ത് വച്ച് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ വിവരം സന്നിധാനം സ്പെഷ്യല്‍ ഓഫീസര്‍ എന്‍. രാമചന്ദ്രനെ അറിയിച്ചു. തുടര്‍ന്ന് മടങ്ങിപ്പോകാന്‍ സി. ഐക്കു നിര്‍ദേശം നല്‍കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കാന് എ. ഡി. ജി. പി പത്മകുമാര്‍ സന്നിധാനം സ്പെഷ്യല്‍ ഓഫീസറോട് ആവശ്യപ്പെട്ടിരുന്നു. അദ്ദേഹം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഡ് ചെയ്തത്.
നിരോധനമുള്ള വനമേഖലയില്‍ ജീപ്പില്‍ അതിക്രമിച്ചു കടന്നതിന് സി. ഐയ്ക്കെതിരെ വനംവകുപ്പും കേസെടുത്തു. ഇതുവഴി ട്രാക്ടര്‍ പോകാന്‍ മാത്രമാണ് വനംവകുപ്പ് അനുമതി കൊടുത്തിട്ടുള്ളത്. അതും ശബരിമലയിലെ ആവശ്യങ്ങള്‍ക്കായി മാത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: