കോട്ടയം: വീരശൈവരുടെ ശക്തി വിളിച്ചോതി കോട്ടയത്ത് വീരശൈവ മഹാസംഗമം നടന്നു. ഓള് ഇന്ത്യ വീരശൈവ മഹാസഭ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ പതിനായിരങ്ങളെ അണിനിരത്തിയാണ് കോട്ടയം നെഹ്രു സ്റ്റേഡിയത്തില്‍ മഹാസംഗമം നടത്തിയത്. വീരശൈവമഹാസഭ ദേശീയ പ്രസിഡന്റും കര്‍ണ്ണാടക മന്ത്രിയുമായ ഡോ. ഷാമന്നൂര്‍ ശിവശങ്കരപ്പ മഹാസംഗമം ഉദ്ഘാടനം ചെയ്തു.
കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ വി.എസ് യെദിയൂരപ്പ എം.പി മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. ജാതിക്കും മതത്തിനും അപ്പുറത്തുള്ള വികസനമാണ് രാഷ്ട്രത്തിനാവശ്യമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് വാജ്പേയ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ തുടങ്ങിവച്ചതും ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പാക്കുന്നതും ഈ ലക്ഷ്യം വച്ചുള്ള പ്രവര്‍ത്തനങ്ങളാണെന്ന് തിരിച്ചറിയണമെന്നും യെദിയൂരപ്പ പറഞ്ഞു.
സമസ്ത മാനവരാശിയുടെയും മംഗളത്തിനായാണ് വീരശൈവമതം സ്ഥാപിച്ചതെന്ന് ഉത്തര്‍പ്രദേശിലെ കാശീപീഠത്തിലെ ഡോ. ചന്ദ്രശേഖര ശിവരാചാര്യ മഹാസ്വാമി അനുഗ്രഹപ്രഭാഷണത്തില്‍ പറഞ്ഞു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹത്തിന് നിയമപരമായി ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും നല്കാന് സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
ജാതി മത ചിന്തകള്‍ക്കപ്പുറത്ത് സമത്വത്തിന്റെ സന്ദേശമാണ് ബസവേശ്വരന് നല്‍കിയതെന്ന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് പറഞ്ഞു. ആധ്യാത്മികതയും ഭൗതികതയും സമന്വയിപ്പിച്ച് വേണം രാജ്യത്തിന് വികസനം വരുത്തേണ്ടത്. ഇത്തരത്തില്‍ രാജ്യം മുഴുവന്‍ ഒരു പുത്തന്‍ ഉണര്‍വ്വ് സംഭവിച്ചുകൊണ്ടിരിക്കുന്നു. ചടങ്ങില്‍ അധ്വാനം തന്നെ ഈശ്വര സേവ എന്ന ബസവേശ്വര തത്വത്തിന്റെ പ്രയോഗികാവിഷ്കാരമായി വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ ആദരിച്ചു.
എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് ഇവര്‍ക്ക് പുരസ്കാരങ്ങള്‍ നല്കി. വീരശൈവ ദര്‍ശനങ്ങളുടെ മൂലഗ്രന്ഥമായ സിദ്ധാന്തശിഖാമണിയുടെ മലയാള പരിപാഷയുടെ പ്രകാശനവും ചടങ്ങില്‍ നിര്‍വ്വഹിച്ചു. വിശ്വഗുരു ബസവേശ്വരനെന്ന ഡോക്യുമെന്ററി ഫിലിമിന്റെ പ്രകാശനം കുമ്മനം രാജശേഖരന് നിര്‍വ്വഹിച്ചു. എഐവിഎം സംസ്ഥാന പ്രസിഡന്റ് റ്റി.പി കുഞ്ഞുമോന് അധ്യക്ഷതവഹിച്ചു. കര്‍ണ്ണാടക ബേലി മഠത്തിലെ ശിവരുദ്രമഹാസ്വാമി, കുംഭകോണം വീരശൈവ പെരിയമഠത്തിലെ നീലകണ്ഠ സാരംഗ ദേശികേന്ദ്രമഹാസ്വാമി, ആന്ധ്രപ്രദേശിലെ ശ്രീശൈലപീഠത്തിലെ ശിവാചാര്യമഹാസ്വാമി, ഉജ്ജയിന്‍ പീഠത്തിലെ സിദ്ധലിംഗശിവാചാര്യമഹാസ്വാമി എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി.
ജോസ് കെ. മാണി എം.പി, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്, ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് എം.ടി രമേശ്, പി.സി വിഷ്ണുനാഥ് എം.എല്‍എ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മഹാസംഗമത്തിന് മുന്നോടിയായി കോടിമതയില്‍ നിന്നും പതിനായിരങ്ങള്‍ അണിനിരന്ന പ്രകടനം നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: