ആലപ്പുഴ: താറാവു കര്‍ഷകരെ കടുത്ത പ്രതിസന്ധിയിലാക്കിയ പക്ഷിപ്പനി ഭീതി പൂര്‍ണമായും വിട്ടകന്നെങ്കിലും താറാവു വളര്‍ത്തലിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ല.
പക്ഷിപ്പനിയെത്തുടര്ന്നു കൊന്നൊടുക്കിയ താറാവുകള്‍ക്കുള്ള നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഏതാണ്ടു കൊടുത്തുതീര്‍ത്തു. എന്നാല്‍ കാലങ്ങളായി കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നം പ്രതിരോധ മരുന്നുകളുടെ ലഭ്യതക്കുറവാണ്. താറാവുകളുടെ എണ്ണത്തിനനുസരിച്ച് പ്രതിരോധ മരുന്നിന്റെ ഉത്പാദനം നടക്കാത്തതിനാല്‍ പരമ്പരാഗത കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയാണ് അനുഭവിക്കുന്നത്.
തിരുവനന്തപുരം പാലോടുള്ള ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് താറാവുകള്‍ക്കുള്ള പ്രതിരോധ മരുന്നുകളായ പാസ്റ്റര്‍ ലോഡ്, ഡക്ക് പ്ലേഗ് വാക്സിന് എന്നിവ ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ നിലവില്‍ ആവശ്യമുള്ളതിന്റെ പകുതി പോലും പ്രതിരോധ മരുന്നുകള്‍ ഇവിടെ ഉത്പാദിപ്പിക്കുന്നില്ല. കുറഞ്ഞത് വാക്സിന് ഉത്പാദിപ്പിക്കുന്നതിനായി രണ്ടു യൂണിറ്റുകള്‍ കൂടി ആരംഭിക്കുകയോ, ഉത്പാദന ശേഷി വര്‍ദ്ധിപ്പിക്കുകയോ വേണമെന്ന ആവശ്യം കര്‍ഷകര്‍ പതിറ്റാണ്ടുകളായി ഉന്നയിക്കുന്നുണ്ടെങ്കിലും ഫലമില്ല.
ഹാച്ചറിയില്‍ നിന്ന് വിരിയിച്ചെടുക്കുന്ന താറാവിന് കുഞ്ഞിന് നാലാഴ്ചയ്ക്കുള്ളില്‍ ആദ്യത്തെ പ്രതിരോധ കുത്തിവയ്പ് നല്‍കണം. ഒന്നര മാസത്തിനു ശേഷം രണ്ടാമത്തെ കുത്തിവയ്പ് എടുക്കണം. കര്‍ഷകര്‍ അതത് പഞ്ചായത്തുകളിലെ മൃഗാശുപത്രികളില്‍ പ്രതിരോധ മരുന്നിന് മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യണം. ഇവിടെ നിന്നുള്ള പട്ടിക പ്രകാരമാണു കര്‍ഷകര്‍ക്ക് വാക്സിന് നല്‍കുന്നത്. പലപ്പോഴും വാക്സിന് ലഭിക്കുന്നത് താറാവുകള്‍ ചത്തൊടുങ്ങിയ ശേഷമായിരിക്കും.
രോഗഭീതിയിലാണ് കര്‍ഷകര്‍ താറാവുകളെ വളര്‍ത്തുന്നത്. യഥാസമയം കുത്തിവയ്പ് എടുക്കുന്ന താറാവുകളും രോഗം ബാധിച്ച് ചത്തൊടുങ്ങുന്നതായി കര്‍ഷകര്‍ക്ക് പരാതിയുണ്ട്. പക്ഷിപ്പനിയെ തുടര്‍ന്ന് താറാവുകളെ കൂട്ടക്കുരുതി നടത്തിയ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിരവധി വാഗ്ദാനങ്ങളാണ് നല്‍കിയത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കുട്ടനാട് കേന്ദ്രീകരിച്ച് താറാവു ഗവേഷണ കേന്ദ്രം സ്ഥാപിക്കുമെന്നതായിരുന്നു. ഇത് പതിവുപോലെ പ്രഖ്യാപനത്തിലൊതുങ്ങുമോയെന്നാണ് കര്‍ഷകരുടെ ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: