കല്‍പ്പറ്റ: സൈക്കിള്‍ ഓടിക്കുന്ന ലാഘവത്തോടെ കൊയ്ത്തുമെതിയന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്ന ആദിവാസി വനിതകള്‍ വയനാടിന്റെ അഭിമാനമാകുന്നു. താത്പര്യവും പ്രതിബദ്ധതയുമുണ്ടെങ്കില്‍ ഏതു തൊഴിലും ആര്‍ക്കും വഴങ്ങും. വയനാട്ടിലെ അഞ്ച് ആദിവാസി വനിതകളാണ് ഈ സംരംഭത്തിന് പിന്നില്‍. കൊയ്ത്തും മെതിയും പാറ്റലും ലോഡിംഗും ഒരേ സമയം നടത്തുന്ന യന്ത്രം(കംബൈന്‍ഡ് ഹാര്‍വെസ്റ്റര്‍) പ്രവര്‍ത്തിപ്പിക്കാനുള്ള തന്ത്രങ്ങള്‍ ഇവര്‍ക്കിപ്പോള്‍ ഹൃദിസ്ഥം. ഇതിനു വഴിയൊരുക്കിയത് വയനാട് ജില്ലാ പഞ്ചായത്തും കൃഷി വകുപ്പും.
മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മാണ്ടാട് അരുണോദയത്തില്‍ ശാരദ അണ്ണന്, പുളിക്കല്‍ ബിന്ദു മോഹന്‍, ബത്തേരി മൂലങ്കാവ് പാളാക്കര സുധ രാമന്, പാളാക്കര സുനിത ലക്ഷ്മണന്, ബത്തേരി തിരുനെല്ലി ബിന്ദു ഗോപി എന്നീ വീട്ടമ്മമാരാണ് ഹാര്‍വെസ്റ്റര്‍ ഉപയോഗത്തില്‍ വൈദഗ്ധ്യം നേടിയത്. കൃഷി വകുപ്പിലെ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ടി.സുമേഷ്കുമാര്, അസിസ്റ്റന്റ് എന്‍ജിനീയര്‍ സി.ഡി.രാജേഷ് എന്നിവരുടെ മേല്‍നോട്ടത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ ഇവര്‍ കഴിഞ്ഞദിവസം മുട്ടില്‍ പഞ്ചായത്തിലെ മാണ്ടാടുമൂല പാടശേഖരത്തില്‍ യന്ത്രമിറക്കി കൊയ്ത്തുനടത്തി ആദ്യ പ്രതിഫലം വാങ്ങി.
ജില്ലാ പഞ്ചായത്ത് നടപ്പ് സാമ്പത്തികവര്‍ഷത്തെ പട്ടികവര്‍ഗ ഘടകപദ്ധതിയില്‍ ഉള്‍പ്പെടുത്തിയണ് രണ്ട് കംബെയ്ന്‍ഡ് ഹാര്‍വെസ്റ്റര്‍ വാങ്ങിയതും ആദിവാസി വനിതകള്‍ക്ക് പരിശീലനം നല്കിയതും. 22.5 ലക്ഷം രൂപയാണ് യന്ത്രം ഒന്നിനു വില.
നെല്‍കൃഷി ലാഭകരവും ആകര്‍ഷകമാക്കുന്നതിനുള്ള പരിപാടികളുടെ ഭാഗമായി കംബെയ്ന്‍ഡ് ഹാര്‍വെസ്റ്ററുകള്‍ വാങ്ങാനും അവയുടെ കൈകാര്യം പട്ടികവര്‍ഗ വനിതകളെ ഏല്‍പ്പിക്കാനും ജില്ലാ പഞ്ചായത്ത് തീരുമാനിച്ചപ്പോള്‍ ഈ ഭീമന് യന്ത്രം പാടത്തിറക്കാനും പ്രവര്‍ത്തിപ്പിക്കാനും പെണ്ണുങ്ങള്ക്കാകുമോ എന്ന ചോദ്യം പല ഭാഗങ്ങളില്‍നിന്നും ഉയര്‍ന്നതായി പ്രസിഡന്റ് എന്‍.കെ.റഷീദ് പറഞ്ഞു. ഇതിനുള്ള മറുപടിയാണ് കേവലം 12 ദിവസംകൊണ്ട് പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ വനിതകള്‍ നല്‍കുന്നത്.ഏ മണിക്കൂറിനു 2000 രൂപയാണ് വാടക. ഒരേക്കറിലെ നെല്ല് പരമ്പരാഗത രീതിയില്‍ കൊയ്തുമെതിക്കുന്നതിനു 6000 രൂപ വരെയാണ് ചെലവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: