അഞ്ചല്‍: അഞ്ചലില്‍ വീട്ടമ്മയടക്കം ഒരു കുടുംബത്തിലെ മൂന്നുപേര്‍ സനാതനധര്‍മ്മം സ്വീകരിച്ചത് നിര്‍ബന്ധിത മതപരിവര്‍ത്തനമല്ലെന്ന് വിശ്വഹിന്ദുപരിഷത്ത് നേതൃത്വം വ്യക്തമാക്കി. രണ്ടുപതിറ്റാണ്ടുമുമ്പ് ക്രിസ്ത്യന്‍ പെന്തക്കോസ്തു വിഭാഗത്തിലേക്ക് മതം മാറിയ യുവതി സ്വന്തം ഇഷ്ടപ്രകാരം സ്വന്തം സമുദായമായ വേളാര്‍ സമുദായത്തിലേക്കും ഹിന്ദുമതത്തിലേക്കും തിരിച്ചുവരാന്‍ തീരുമാനിക്കുകയായിരുന്നു.
ഇവരുടെ ഭര്‍ത്താവിന്റെ അമിത മദ്യപാനംമൂലം പെന്തക്കോസ്ത് വിഭാഗത്തില്‍ ചേര്‍ന്നെങ്കിലും മാറ്റമുണ്ടായില്ല. പിന്നീട് ഈ വിഭാഗങ്ങളില്‍ നിന്ന് കടുത്ത അവഗണനയും അവഹേളനവുമാണ് ഉണ്ടായതെന്ന് വീട്ടമ്മ ‘ജന്മഭൂമി’യോട് പറഞ്ഞു.
ഭര്‍ത്താവ് ഉപേക്ഷിച്ച ഇവര്‍ രണ്ട് പെണ്മക്കളുമൊത്ത് തങ്ങളുടെ പഴയ വിശ്വാസത്തിലേക്ക് മതപരാവര്‍ത്തനം ചെയ്ത് തിരിച്ചെത്തുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കേരളാ വേളാര്‍ സര്‍വീസ് സൊസൈറ്റിയുടെ പടിഞ്ഞാറ്റിന്‍കര കരയോഗഭാരവാഹികളെ ബന്ധപ്പെടുകയും മതപരാവര്ത്തനത്തിന് തീരുമാനിക്കുകയും ചെയ്തു.
വേളാര്‍ സര്‍വീസ് സൊസൈറ്റിയുടെ നിര്‍ദ്ദേശപ്രകാരം കേരളാ ഹിന്ദുഹെല്പ് ലൈനില്‍ ബന്ധപ്പെട്ടതോടെയാണ് സംഭവത്തില്‍ വിശ്വഹിന്ദുപരിഷത്ത് ജില്ലാനേതൃത്വം ഇവര്‍ക്ക് വേണ്ടുന്ന സഹായം ചെയ്തുകൊടുത്തത്. ഇവരുടെ മക്കള്‍ രണ്ടുപേരും ഹിന്ദുവിശ്വാസമാണ് പിന്തുടരുന്നതെന്ന് കാണിച്ച് വീട്ടമ്മ വില്ലേജ് ഓഫീസര്‍, തഹസില്‍ദാര്‍ എന്നിവരില്‍ നിന്ന് ഇതിനോടകം ജാതിസര്‍ട്ടിഫിക്കറ്റ് വാങ്ങി കഴിഞ്ഞു.
നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് വിധേയരായവര്‍ സ്വമേധയാ ഹിന്ദുവിശ്വാസത്തിലേക്ക് തിരിച്ചുവന്നാല്‍ അവരെ സര്‍വ്വാത്മനാ സ്വീകരിക്കുമെന്നും അത് വിശ്വഹിന്ദുപരിഷത്തിന്റെ പ്രഖ്യാപിത ദൗത്യമാണെന്നും നേതാക്കളായ പി.എം.രവികുമാര്‍, അഡ്വ.കാവടിയില്‍ വിനോദ്, എസ്.സജീഷ്കുമാര്‍ എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: