മലപ്പുറം: ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നും ട്രാവല്‍ ഏജന്‍സികള്‍ വഴി സൗദിയില്‍ ജോലിക്കുപോയ എഴ് മലയാളികള്‍ ജോലിയും ഭക്ഷണവും കിട്ടാതെ കുടുങ്ങിക്കിടക്കുന്നു. ട്രാവല്‍ ഏജന്‍സികള്‍ വഞ്ചിച്ചതാണെന്ന് മലപ്പുറത്ത് ബന്ധുക്കള്‍ ആരോപിച്ചു.
പാണ്ടിക്കാട് സ്വദേശി ഷബീര്‍ ഓളിക്കല്‍, കുവാരക്കുണ്ട് സ്വദേശികളായ പരുന്തന്‍ റസാഖ്, കെ.അബു കൊപ്പത്ത്, മണ്ണാര്‍ക്കാട് സ്വദേശി കറുപ്പന് വീട്ടില്‍ സിദ്ദിഖ്, മങ്കട സ്വദേശി എം. കോയക്കുട്ടി, കടുങ്ങപുരം സ്വദേശി കെ.മുഹമ്മദ് ആഷിക്, രാമപുരം സ്വദേശി കെ.അബ്ദുള്‍ ജബ്ബാര്‍ എന്നിവരാണ് സൗദിയില്‍ ജോലിയും ഭക്ഷണവും ഇല്ലാതെ കുടുങ്ങിയിരിക്കുന്നത്. മഞ്ചേരിയിലും പെരിന്തല്‍മണ്ണയിലും കോഴിക്കോട്ടുമുള്ള ട്രാവല്‍ ഏജന്‍സികള്‍ വഴിയാണ് ഇവര്‍ സൗദിയിലേക്ക് പോയത്.
ലോഡിംഗ് ആന്‍ഡ് അണ്‍ലോഡിംഗ് ജോലിക്കുവേണ്ടി സൗദിയിലെത്തിയ ഇവരെ കാത്തിരുന്നത് ദുരിതമായിരുന്നു. ജോലി ചെയ്ത് ലഭിക്കുന്ന പണത്തിന്റെ പകുതി സ്പോണ്സര്ക്ക് നല്‍കണമെന്നാണ് ഇവരോട് ആവശ്യപ്പെടുന്നത്. പക്ഷേ താമസിക്കാനുള്ള സ്ഥലമോ ഭക്ഷണമോ ലഭ്യമാക്കാന്‍ സ്പോണ്‍സറും തയ്യാറാകുന്നില്ല.
വിവരം അറിഞ്ഞ ബന്ധുക്കള്‍ മങ്കട സ്വദേശിയായ ഏജന്റിന്റെ വീട്ടിലെത്തി സംസാരിച്ചിരുന്നു. എത്രയും വേഗം നിലവിലെ പ്രശ്നങ്ങള്‍ തീര്‍ക്കാമെന്ന് എജന്റ് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ പിന്നീട് ഇയാള്‍ തന്നെ വീട്ടില്‍ കയറി ഭീക്ഷണിപ്പെടുത്തിയെന്ന് മങ്കട പോലീസില്‍ പരാതി നല്കി. 80,000 രൂപ മുതല്‍ 1,25,000 രൂപവരെ കൈപ്പറ്റിയ ട്രാവല്‍ ഏജന്‍സി ഇപ്പോള്‍ ബന്ധുക്കളുടെ മുന്പില് കൈമലര്‍ത്തുകയാണ്.
സൗദിയിലെ പ്രവാസി സംഘടനയുടെ ആശ്രയത്തിലാണ് ഇപ്പോള്‍ ഈ എഴുപേരും കഴിയുന്നത്. സൗദിയിലെ ഭാരത എംബസിയില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും നിയമപരമായി അവരെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുമെന്നും ട്രാവല്‍ ഏജന്‍സികള്‍ക്കെതിരെ കേസ്സെടുക്കണമെന്നും ബന്ധുക്കള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ കെ.നാസര്‍ ഇസ്മായില്‍ കക്കാട്, വി.റിയാസ്, മൈമുന, സി.മൊയ്തീന്‍കുട്ടി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: