ഇടുക്കി : യുവ ഭരത് എന്ന പേരില്‍ ജില്ലയില്‍ സംഘടിപ്പിക്കപ്പെടുന്ന നാടന്‍ കലാമേളയ്ക്കും ദേശീയോദ്ഗ്രഥന ക്യാമ്പിനും ഇന്ന് തുടക്കമാകും. അസം, പഞ്ചാബ്, മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, തമിഴ്നാട്, തെലുങ്കാന, ഛത്തീസ്ഗഢ്, കേരളം എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള 150 ഓളം കലാകാരന്മാര് മേളയുടെ ഭാഗമായി ജില്ലയില്‍ എത്തിച്ചേര്‍ന്നു. വൈകിട്ട് മൂന്നിന് തൊടുപുഴ ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂളില്‍ നിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയോടെ യുവ ഭാരതിനു തുടക്കമാകും.
ജല വിഭവ വകുപ്പു മന്ത്രി പി.ജെ ജോസഫ് മേള ഉല്‍ഘാടനം ചെയ്യും. തുടര്‍ന്നു വിവിധ നാടന്‍ കലകള്‍ അരങ്ങേറും. അസാമിലെ ബീഹു, പഞ്ചാബിലെ ഭാംഗ്ട, മഹാരാഷ്ട്രയിലെ രംഗോലി, ഗുജറാത്തിലെ ഡാന്‍ഡിയ തുടങ്ങി കേരളം ഉള്‍പ്പെടെയുള്ള ഒമ്പതു സംസ്ഥാനങ്ങളിലെ വിവിധ കലാരൂപങ്ങള്‍ കലാമേളയില്‍ അരങ്ങേറും. നാളെ ജില്ലയിലെ വിവിധ ചരിത്ര സ്മാരകങ്ങള്‍ സന്ദര്‍ശിക്കുന്ന കലാകാരന്മാര് വൈകിട്ട് അഞ്ചിന് ചെറുതോണിയില്‍ വിവിധ നാടന്‍ കലകളുടെ പ്രദര്‍ശനം നടത്തും. തുടര്ന്ന്ശുചിത്വമിഷന്റെ നേതൃത്വത്തില്‍ തെരുവു നാടകം അവതരിപ്പിക്കും.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 40 ലേറെ തനതു നാടന്‍ കലാരൂപങ്ങള്‍ അരങ്ങേറുന്ന യുവ ഭാരത് 24 വരെ ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പ്രദര്‍ശനം നടത്തും. കേന്ദ്ര യുവജന കാര്യ കായിക മന്ത്രാലയം, ഇടുക്കി ജില്ലാ ഭരണകൂടം, നെഹ്രു യുവ കേന്ദ്ര, തൊടുപുഴ നഗര സഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് 150ല്‍ പരം കലാകാരന്മാര് പങ്കെടുക്കുന്ന ഈ നാടന്‍ കലാമേളയും ദേശീയോദ്ഗ്രഥന ക്യാമ്പും സംഘടിപ്പിച്ചിരിക്കുന്നത്. ദേശീയത വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലെ തനതു കലാരൂപങ്ങളെക്കുറിച്ച് പരസ്പരം അവബോധം സൃഷ്ടിക്കുവാനായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം സഘടിപ്പിക്കുന്ന മേളയാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: