തൃശൂര്‍: സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതിയിലെ നിയമനങ്ങള്‍ സംവരണം അട്ടിമറിച്ച്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം നല്‍കണമെന്ന നിബന്ധന കാറ്റില്‍ പറത്തിയാണ് നിയമനങ്ങള്‍ അരങ്ങേറുന്നത്. പ്രാദേശിക രാഷ്ട്രീയ നേതൃത്വം നല്കുന്ന പട്ടികയനുസരിച്ച് തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ നിയമനങ്ങള്‍ വീതംവെക്കുന്നു.
ജില്ലാ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളിലേക്ക് നടത്തുന്ന താത്കാലിക നിയമനത്തിലാണ് സംവരണം അട്ടിമറിക്കുന്നത്. തൊഴിലുറപ്പ് പദ്ധതിയില്‍ പട്ടികജാതി, വര്‍ഗ വിഭാഗങ്ങള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ഉറപ്പ് വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുമ്പോഴാണ് അര്‍ഹതപ്പെട്ട സംവരണം നിഷേധിക്കുന്നത്.
ഏകദേശം 3500 ഓളം തസ്തികയാണ് ഇതുമായി ബന്ധപ്പെട്ട് തദ്ദേശ ഭരണ സ്ഥാപനങ്ങളിലുള്ളത്. ഇടത്-വലത് മുന്നണികളിലെ പ്രാദേശിക നേതാക്കന്മാരുടെ താത്പര്യമനുസരിച്ച് യോഗ്യതയില്ലാത്തവരെ തിരുകിക്കയറ്റുമ്പോഴാണ് അര്‍ഹതപ്പെട്ടവര്‍ പുറത്താക്കപ്പെടുന്നത്.
ഉപരിപഠനം പൂര്‍ത്തിയാക്കിയ ആയിരക്കണക്കിന് പട്ടികജാതി, വര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് ഇതുമൂലം തൊഴില്‍ നഷ്ടപ്പെട്ടത്. ഏഴ് വര്‍ഷത്തോളമായി അനധികൃത നിയമനം നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പട്ടികജാതി, വര്‍ഗ്ഗ മോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് ഷാജുമോന്‍ വട്ടേക്കാട് ദേശീയ പട്ടികജാതി കമ്മീഷനും സംസ്ഥാന പട്ടികജാതി വകുപ്പ് മന്ത്രി എ.പി. അനില്‍കുമാറിനും പരാതി നല്കി. നിയമനം നടത്താനുള്ള അധികാരം ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അടങ്ങിയ സംയുക്ത കമ്മറ്റിക്ക് നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: