ഇടുക്കി: കുമളിയില്‍ സ്ഥിരംപോലീസ് ക്യാമ്പ് ആരംഭിക്കണമെന്ന ആവശ്യം ആഭ്യന്തരവകുപ്പിന്റെ ചുവപ്പ്നാടയില്‍ കുരുങ്ങി. മുല്ലപ്പെരിയാര്‍ പ്രശ്നം, മാവോയിസ്റ്റ് സാന്നിധ്യം, കേരള-തമിഴ്നാട് അതിര്‍ത്തി പങ്കിടുന്ന സ്ഥലം എന്നീ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് കുമളിയില്‍ പോലീസ് ക്യാമ്പ് അനുവദിക്കണമെന്ന ആവശ്യം ആഭ്യന്തരവകുപ്പിനെ ജില്ലാ പോലീസ് സൂപ്രണ്ട് അറിയിച്ചത്.
കുമളിയില്‍ തമിഴരും മലയാളികളും തമ്മിലുള്ള സംഘര്‍ഷം പതിവാണ്. ഈ സംഘര്‍ഷം രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് കടക്കുന്ന സാഹചര്യവുമുണ്ട്. കുമളി സി ഐയുടെ പരിധിയില്‍ ഇപ്പോഴുള്ളതാവട്ടെ വിരലിലെണ്ണാവുന്ന പോലീസുകാരാണ്. അത്യാഹിതങ്ങളുണ്ടാകുമ്പോള്‍ കുട്ടിക്കാനത്തെ ക്യാമ്പില്‍ നിന്നാണ് പോലീസുകാരെ വിളിക്കുന്നത്. കുട്ടിക്കാനത്തു നിന്നും പോലീസുകാരെത്താന് ഒന്നര മണിക്കൂറെങ്കിലും എടുക്കും.
തമിഴ്നാട്ടുകാരുടെ പ്രതിഷേധമാണ് കുമളി പോലീസിനെ മിക്കപ്പോഴും വലയ്ക്കുന്നത്. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ പ്രതിഷേധിക്കാന്‍ ഉത്തമപാളയത്തുനിന്നും അഭിഭാഷകരെത്തുമെന്ന വാര്‍ത്തയെത്തുടര്‍ന്ന് നൂറോളം കേരള പോലീസുകാരാണ് ഇവിടെ ഡ്യൂട്ടിക്കുണ്ടായിരുന്നത്.
മിക്കപ്പോഴും കുമളി സംഘര്‍ഷഭരിതമാണ്. സര്‍ക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതിനാലാകാം റിപ്പോര്‍ട്ട് മാറ്റിവയ്ക്കാന്‍ കാരണമായതെന്ന് കരുതുന്നതായി ഇടുക്കി എസ്പി അലക്സ് എം. വര്‍ക്കി ജന്മഭൂമിയോട് പറഞ്ഞു. പോലീസ് ക്യാമ്പിനായി ചക്കുപള്ളം പഞ്ചായത്ത് അധികൃതര്‍ സ്ഥലം വിട്ടുനല്‍കാമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: