കോട്ടയം: സംസ്ഥാനത്ത് സിവില്‍ സപ്ലൈസ് വഴി നെല്ല് സംഭരിച്ച വകയില്‍ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത് 68 കോടിയിലേറെ രൂപ. ആലപ്പുഴ, കോട്ടയം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ കര്‍ഷകര്‍ക്കാണ് നെല്ലുസംഭരിച്ച് 120 ദിവസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ പണം നല്‍കാത്തത്.
കോട്ടയം ജില്ലയില്‍ 7957 കര്‍ഷകര്‍ക്കാണ് പണം ലഭിക്കാനുള്ളത്. ഏകദേശം 158551048 രൂപയാണ് ജില്ലയില്‍ വിതരണം ചെയ്യാനുള്ളത്. ആലപ്പുഴ 13554 കര്‍ഷകര്‍ക്കായി 348873942 രൂപയും പാലക്കാട് 32571 കര്‍ഷകര്‍ക്കായി 17,06,21,235 രൂപയും നല്‍കാനുണ്ട്. തൃശൂരില്‍ 89490 രൂപയാണ് 1674 കര്‍ഷകര്‍ക്കായി നല്‍കാനുള്ളത്.
സിവില്‍ സപ്ലൈസ് സംഭരിച്ച നെല്ലിന് പിആര്‍എസ് സ്പോട്ടില്‍ കൊടുത്തുകഴിഞ്ഞാല്‍ അഞ്ചു ദിവസത്തിനകം പണം കര്ഷകന് അക്കൗണ്ടില്‍ ലഭിക്കുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ നെല്ലു സംഭരിച്ച് നാലുമാസം കഴിഞ്ഞിട്ടും നെല്ലിന്റെ വില പൂര്‍ണമായി നല്കാന് കഴിഞ്ഞിട്ടില്ല.
നെല്‍ കര്‍ഷകര്‍ക്ക് പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് കേരള നെല്‍കര്‍ഷക കൂട്ടായ്മ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പുതുവര്ഷപ്പുലരിയില് സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം കിടക്കാനാണ് കൂട്ടായ്മയുടെ തീരുമാനം. നെല്ലിന്റെ സംഭരണ വില ക്വിന്റലിന് 2500 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: