ആലുവ: നിര്‍ബന്ധിത മതപരിവര്‍ത്തനം നിയമംമൂലം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് ബിജെപിയെന്ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മതേതര പാര്‍ട്ടികളെന്ന് അവകാശപ്പെടുന്ന പാര്‍ട്ടികള്‍ക്ക് അതിനോട് യോജിക്കാന്‍ കഴിയുന്നുണ്ടോയെന്ന് വ്യക്തമാക്കണം. അവര്‍ വ്യക്തമായ നിലപാടുമായി മുന്നോട്ടുവരണമെന്നും അമിത് ഷാ ആലുവയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഹിന്ദുമതത്തിലേക്ക് പരാവര്‍ത്തനം ചെയ്യുന്ന ‘ഘര്‍വാപസി’ സംബന്ധിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അമിത് ഷാ വ്യക്തമാക്കി. എന്‍ഡിഎ ഭരണത്തില്‍ വികസനകാര്യങ്ങളില്‍ രാജ്യം സ്ഥിരതയുടെ പാതയിലാണ്. വിലക്കയറ്റം പൂജ്യം ശതമാനത്തിലെത്തി. പെട്രോള്‍,ഡീസല്‍ വിലകുറഞ്ഞത് സാധാരണക്കാര്‍ക്ക് ആശ്വാസമായി.
തൊഴിലില്ലായ്മ തടയാനാണ് ‘മേക് ഇന്‍ ഇന്ത്യ പദ്ധതി’ കൊണ്ടുവന്നത്. ഇതിന്‍െറ ഭാഗമായി മൂവായിരത്തോളം കമ്പനികള്‍ രാജ്യത്ത് ഉല്പാദനം ആരംഭിക്കും. ‘മേക് ഇന്‍ ഇന്ത്യ പദ്ധതി’യുടെ പ്രയോജനം യുവാക്കള്‍ക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് സ്കില്‍ ഡെവലപ്മെന്റ് വകുപ്പ് രൂപീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു.
സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ ജനങ്ങളില്‍ ശുചിത്വ ബോധം വളര്‍ത്താന്‍ കഴിഞ്ഞു. ജന്‍ധന്‍ യോജന പദ്ധതിയിലൂടെ കൂടുതല്‍ പേര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനായെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയതായിരുന്നു അമിത് ഷാ. പാര്‍ട്ടി ദേശീയ പ്രസിഡണ്ടായ ശേഷം ഇതാദ്യമായാണ് അമിത് ഷാ കേരളത്തിലെത്തുന്നത്.
ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപികരിക്കാനാകും എന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ. കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ ബിജെപി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുഴുവന്‍ സീറ്റിലും മത്സരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
കേരള സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുകയാണ്. സോളാര്‍, ടൈറ്റാനിയം അഴിമതിയില്‍ പങ്കുള്ള സര്‍ക്കാറാണ് കേരളത്തിലേതെന്നും അദ്ദേഹം ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: