കൊച്ചി: മലയാളികളടക്കം നൂറിലധികം ഭാരതീയ മത്സ്യത്തൊഴിലാളികളെ ബ്രിട്ടീഷ് നാവികസേന അറസ്റ്റുചെയ്തു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബ്രിട്ടീഷ് അധീനതയിലുള്ള ഡീഗോ ഗാര്‍സിയ ദ്വീപിന് സമീപം മത്സ്യബന്ധനം നടത്തിയെന്നാരോപിച്ചാണ് നടപടി. ഇവരില്‍ പതിനാല് പേരെ മോചിപ്പിച്ചതായാണ് സൂചന. എന്നാല്‍ ഇക്കാര്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്ഥിരീകരിച്ചിട്ടില്ല.
കേരളത്തിലെയും തമിഴ്നാട്ടിലെയും 109 മത്സ്യത്തൊഴിലാളികളാണ് ബ്രിട്ടീഷ് സേനയുടെ പിടിയിലായത്. കഴിഞ്ഞമാസം 27ന്, കൊച്ചി മത്സ്യബന്ധന തുറമുഖത്തുനിന്നും ഗ്രീഷ്മ എന്ന ബോട്ടിലാണ് ഇവര്‍ യാത്രതിരിച്ചത്. ഏഴ് യന്ത്രവല്‍കൃത ബോട്ടുകളിലായി ഒരാഴ്ചയിലധികം യാത്രചെയ്താണ് ആഴക്കടലിലെത്തിയത്. മത്സ്യബന്ധനത്തിലേര്‍പ്പെടുമ്പോള്‍, ബ്രിട്ടീഷ് നാവികസേന ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തു ഒരാഴ്ച കഴിഞ്ഞിട്ടും, ഇന്ത്യന്‍ അധികൃതരെ അറിയിക്കാന്‍, ബ്രിട്ടീഷ് നാവിക സേന നടപടിയെടുത്തില്ലെന്ന്, ആക്ഷേപമുണ്ട്. മത്സ്യത്തെളിലാളികളുമായി ബന്ധപ്പെടാനാകുന്നില്ലെന്ന് അവരുടെ കുടുംബാംഗങ്ങള്‍ അറിയിച്ചു. അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ എത്രയും വേഗം മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേരള,തമിഴ്നാട് മുഖ്യമന്ത്രിമാര്‍ക്കും ഫിഷര്‍മാന്‍ ഫെഡറേഷന് നിവേദനം നല്കി.
അറസ്റ്റിലായവരില്‍ 13 പേര്, തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം, പൊഴിയൂര്‍, പൂവ്വാര്‍, പരുത്തീയൂര് പ്രദേശത്തുനിന്നുള്ളവരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: