ന്യൂദല്‍ഹി: ആറന്മുളയിലെ വിമാനത്താവള പദ്ധതിക്ക് യുപിഎ സര്‍ക്കാര്‍ നല്കിയ അനുമതികള്‍ പിന്‍വലിക്കാനുള്ള നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. വ്യോമയാന മന്ത്രാലയം നല്കിയ എന്‍ഒസി ഒരാഴ്ചയ്ക്കകം പിന്‍വലിച്ച് ഉത്തരവ് പുറത്തിറങ്ങും. ഇതിനായി പ്രത്യേക ഉദ്യോഗസ്ഥനെ കേന്ദ്രവ്യോമയാന മന്ത്രാലയം ചുമതലപ്പെടുത്തി.
പരിസ്ഥിതി മന്ത്രാലയവും ഇതു സംബന്ധിച്ചുള്ള നടപടികളുടെ അവസാന ഘട്ടത്തിലാണ്. ആറന്മുള പൈതൃക ഗ്രാമത്തിന്റെ സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആറന്മുള പൈതൃകഗ്രാമ കര്‍മ്മ സമിതി അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനുമായി നടത്തിയ ചര്‍ച്ചയില്‍ കേന്ദ്രപരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍ വ്യക്തമാക്കി.
മുന്‍സര്‍ക്കാര്‍ നല്കിയ അനുമതികളുടെ പിന്‍വലിക്കല്‍ സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വരുന്ന കാലതാമസം മാത്രമാണ് ബാക്കിയുള്ളതെന്ന് പ്രകാശ് ജാവ്ദേക്കര്‍ പറഞ്ഞു. കൂടുതല്‍ സമയം എടുക്കാതെ തന്നെ ഉത്തരവുകള്‍ പിന്‍വലിക്കാന്‍ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഒരുകാരണവശാലും ആറന്മുള വിമാനത്താവള പദ്ധതി നിലവില്വരില്ലെന്നും ജാവ്ദേക്കര്‍ പറഞ്ഞു.
പരിസ്ഥിതി വിഷയവുമായി ബന്ധപ്പെട്ട വിവിധ സമിതികളായ പാരിസ്ഥിതികാഘാത പഠനസമിതി, മറ്റു വിദഗ്ധസമിതികള്‍ എന്നിവയില്‍ പരിസ്ഥിതിയുമായി ബന്ധമില്ലാത്തവരെ നിയോഗിച്ച കേരള സര്‍ക്കാരിന്റെ നടപടി കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കില്ലെന്നും വനം-പരിസ്ഥിതി മന്ത്രി വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ നടപടിക്ക് കേന്ദ്രം വിശദീകരണം ചോദിച്ച ശേഷവും അതേപട്ടിക തന്നെയാണ് വീണ്ടും അയച്ചിരിക്കുന്നത്. ഇതംഗീകരിക്കാനാവില്ല. പാരിസ്ഥിതിക സമിതികളുടെ വിശ്വാസ്യത നിലനിര്‍ത്തിക്കൊണ്ടുള്ള തീരുമാനം മാത്രമേ ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കാവൂ എന്നും പ്രകാശ് ജാവധേക്കര്‍ കുമ്മനം രാജശേഖരനുമായി നടത്തിയ ചര്‍ച്ചയില്‍ പറഞ്ഞു.
കേന്ദ്രവ്യോമയാന സഹമന്ത്രി മഹേഷ് ശര്‍മ്മ ഈ മാസം 31ന് സംസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്നുണ്ടെന്നും ആറന്മുളയില് കേന്ദ്രമന്ത്രിയെത്തുമെന്നും കുമ്മനം പിന്നീട് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: