പാലക്കാട്: ഇടതുവലത് ദുര്‍ഭരണം അവസാനിപ്പിച്ച് രാഷ്ട്രീയ പരിവര്‍ത്തനത്തിന് കേരളം തയ്യാറെടുത്ത് കഴിഞ്ഞെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാലക്കാട് കോട്ടമൈതാനത്ത് ബിജെപി മഹാസമ്മേളനത്തില്‍ പതിനായിരങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ്മുക്ത ഭാരതത്തിനാണ് നരേന്ദ്രമോദി ആഹ്വാനം ചെയ്തത്. ഇവിടെ കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് മുക്ത കേരളത്തിനായുള്ള പോരാട്ടം ശക്തിപ്പെടുത്തണം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 15 ശതമാനം വോട്ടാണ് കേരളത്തില്‍ ബിജെപിക്ക് ലഭിച്ചത്. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ 21 ശതമാനം വോട്ട് ലഭിച്ചു.
കേരളത്തിന്റെ ദുര്‍ഗതിക്ക് കാരണം വികസനവിരുദ്ധരായ മുന്നണികളുടെ ഭരണമാണ്. 9.8 ശതമാനമാണ് കേരളത്തിലെ തൊഴിലില്ലായ്മ വര്‍ദ്ധനവ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത് ഒരു ശതമാനത്തില്‍ താഴെയാണ്. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും മുന്നണി രാഷ്ട്രീയമാണ് ഈ പിന്നോക്കാവസ്ഥക്ക് കാരണം.
സംസ്ഥാനത്തിന്റെ വികസനത്തിന് പ്രവര്‍ത്തിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാണ്. ഇറാഖിലും ലിബിയയിലും കുടുങ്ങിയവരെ സംരക്ഷിക്കന്‍ കേന്ദ്രം മുന്നിട്ടിറങ്ങി. വിലക്കയറ്റനിരക്ക് കുറയ്ക്കുകയെന്നതായിരുന്നു മോദി സര്‍ക്കാരിന്റെ പ്രഥമ പരിഗണന.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഏഴ് ശതമാനത്തിന് മുകളിലുണ്ടായിരുന്ന വിലക്കയറ്റ നിരക്ക് ആറ് മാസംകൊണ്ട് പൂജ്യം ശതമാനത്തിക്കാന് സാധിച്ചു. യുപിഎ ഭരണത്തില്‍ പെട്രോളിയം വില പലതവണ വര്‍ദ്ധിപ്പിച്ചു. ആറ് മാസത്തിനിടെ പത്ത് തവണ മോദി സര്‍ക്കാര്‍ ഇന്ധനവില കുറച്ചു.
സുസ്ഥിര സമ്പദ്ഘടന കൈവരിക്കുക, വിലക്കയറ്റം കുറക്കുക എന്നീ രണ്ട് കാര്യങ്ങളിലും സര്‍ക്കാര്‍ വിജയിച്ചു. 4.6 ശതമാനം വളര്ച്ചാനിരക്കില്നിന്നും ആദ്യത്തെ മൂന്നുമാസംകൊണ്ടുതന്നെ 5.7 ശതമാനത്തിലെത്താന്‍ സര്‍ക്കാരിന് സാധിച്ചു.
നയപരമായ തീരുമാനങ്ങളെടുക്കുന്നതിലെ കാലതാമസമാണ് വളര്‍ച്ചാ നിരക്ക് പിന്നോട്ടടിച്ചത്. മികച്ച ഭരണത്തിലൂടെ ഇത് പരിഹരിക്കാന്‍ കഴിഞ്ഞു. ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും വിലയറിയുന്ന പ്രധാനമന്ത്രി ഭരിച്ചതിനാലാണ് ഇത് സാധിച്ചത്. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച രാഹുല്‍ ഗാന്ധിയെപ്പോലുള്ളവര്‍ക്ക് ഇത് സാധിക്കില്ല.
അതിര്‍ത്തിയില്‍ ഭീകരാക്രമണമുണ്ടായപ്പോള്‍ തീയുണ്ടകള്‍ പായിക്കാന്‍ സാധിച്ചത് ദേശീയതക്ക് പ്രാധാന്യം നല്കുന്ന ഭരണനേതൃത്വമുള്ളതിനാലാണ്, അമിത്ഷാ ചൂണ്ടിക്കാട്ടി.
മോദിസര്‍ക്കാര്‍ രണ്ട് കാര്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യയും സ്കില്‍ ഡവലപ്മെന്റ് പദ്ധതിയും. 3000 കമ്പനികളാണ് ഭാരതത്തില്‍ ഇതോടെ പ്രവര്‍ത്തനം ആരംഭിച്ചത്. രാജ്യത്തിന്റെ തൊഴിലില്ലായ്മ പരിഹരിക്കാന്‍ ഇതുവഴി സാധിക്കും.വിദേശ രാജ്യങ്ങളിലും ഭാരതം ഇന്ന് യശസ്സ് വീണ്ടെടുത്തിരിക്കുന്നു. ഇത് സര്‍ക്കാരിനോ ബിജെപിക്കോ മാത്രമല്ല ഭാരത മാതാവിന്റെ മുഴുവന്‍ മക്കള്‍ക്കുമുള്ള അംഗീകാരമാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ സെക്രട്ടറി എച്ച്.രാജ, സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്, മുന്‍ ദേശീയ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, ദേശീയ നിര്‍വ്വാഹക സമിതി അംഗം ഒ.രാജഗോപാല്‍ എന്നിവര്‍ സംസാരിച്ചു.
ബിജെപി ജില്ലാ പ്രസിഡന്റ് സി.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് അമിത് ഷായുടെ പ്രസംഗം പരിഭാഷപ്പെടുത്തി. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി.വേണുഗോപാല്‍ സ്വാഗതവും പി.ഭാസി നന്ദിയും പറഞ്ഞു. ചടങ്ങില്‍ ശ്രീനാരായണ ഗുരുദേവന്റെ ദൈവദശകത്തിന്റെ പ്രശസ്ത സംഗീതജ്ഞന് ജയന് പാടിയ സിഡിയുടെ പ്രകാശനം അമിത് ഷാ നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: