പാലക്കാട്: സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ അംഗത്വ പ്രവര്‍ത്തനത്തിന് ബിജെപി മുതിര്‍ന്ന നേതാക്കളെ ചുമതലപ്പെടുത്തും. സിപിഎം വിട്ട് പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേരുന്ന സാഹചര്യം കണക്കിലെടുത്ത് ഇന്നലെ പാലക്കാട് ചേര്‍ന്ന പാര്‍ട്ടി നേതൃയോഗത്തിലാണ് തീരുമാനം. സിപിഎം പാര്‍ട്ടിഗ്രാമങ്ങളില്‍ മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കും. കേരളത്തിലെ മുഴുവന്‍ ഗ്രാമങ്ങളിലും ബൂത്തുകളിലും അംഗത്വപ്രവര്‍ത്തനം നടത്തണമെന്ന ദേശീയ അദ്ധ്യക്ഷന്റെ ആഹ്വാനമനുസരിച്ചാണ് കര്‍മ്മപദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ജില്ലാതലത്തില്‍ മുതിര്‍ന്നനേതാക്കള്‍ പ്രവര്‍ത്തനം ഏകോപ്പിപ്പിക്കും. കെ. സുരേന്ദ്രന് (കണ്ണൂര്‍, കാസര്‍കോട്), സി.കെ. പത്മനാഭന് (കോഴിക്കോട്), കെ.പി .ശ്രീശന് (മലപ്പുറം, വയനാട്), പി.കെ. കൃഷ്ണദാസ് (പാലക്കാട്), എ.എന്‍ .രാധാകൃഷ്ണന് (തൃശൂര്‍, ഇടുക്കി), അഡ്വ.പി.എസ്.ശ്രീധരന് പിള്ള (എറണാകുളം), എം.ടി. രമേശ് (കോട്ടയം, പത്തനംതിട്ട), വി. മുരളീധരന് (കൊല്ലം, ആലപ്പുഴ),ഒ. രാജഗോപാല്‍ (തിരുവനന്തപുരം)എന്നിവര്‍ക്കാണ് അംഗത്വപ്രവര്ത്തനത്തിന്റെ ചുമതല.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചെടുക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി നാല് സംസ്ഥാനങ്ങളില്‍ അംഗത്വപ്രവര്ത്തനത്തിന് പ്രത്യേകം ഊന്നല്‍ കൊടുക്കും. കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്ര സംസ്ഥാനങ്ങളിലാണ് പ്രത്യേക കര്‍മ്മപദ്ധതി തയ്യാറാക്കുന്നത്. നിലവിലുള്ള അംഗത്വത്തിന്റെ പതിന്മടങ്ങാണ് ലക്ഷ്യം. സിപിഎമ്മില്‍ നിന്നും രാജിവെച്ച് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ ബിജെപിയിലെത്തുന്നത് അംഗത്വ പ്രവര്‍ത്തനത്തിലൂടെ കൂടുതല്‍ ശക്തമാക്കാനാണ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: