തിരുവനന്തപുരം: പൂട്ടിയ മുഴുവന്‍ ബാറുകള്‍ക്കും ലൈസന്‍സ് നല്കാന് സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ വി.എം. സുധീരന് കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്.
സമ്പൂര്‍ണ മദ്യനിരോധനത്തിനു വേണ്ടി വാദിക്കുകയും അതിനുവേണ്ടിയാണ് യുഡിഎഫ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്ന് പറയുകയും ചെയ്തയാളാണ് സുധീരനെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. അദ്ദേഹത്തിന്റെ വാക്കിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ടാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി മദ്യനയം അട്ടിമറിച്ചിരിക്കുന്നത്.
സുധീരന്റെ യാത്ര കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്ത് എത്തിയപ്പോള്‍, നേരത്തേ പൂട്ടിയവ ഉള്‍പ്പെടെ മുഴുവന്‍ ബാറുകളും തുറന്നിരിക്കയാണ്. ഇനി സുധീരന് കെപിസിസി പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് തീരാക്കളങ്കമാണ്.
ഘട്ടംഘട്ടമായി മദ്യം നിരോധിച്ച് 2024 ആകുമ്പോള്‍ സമ്പൂര്‍ണമായി മദ്യനിരോധനം നടത്തുമെന്നാണ് പറഞ്ഞിരുന്നത്. ശനിയാഴ്ചകളില്‍ മദ്യവില്‍പ്പന 60 ശതമാനം വര്‍ധിച്ചതുകൊണ്ടാണ് ഞായറാഴ്ച ഡ്രൈഡേ എന്നത് പിന്‍വലിച്ചതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ഞായറാഴ്ച കൂടി മദ്യശാലകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ 60 ശതമാനം വര്‍ദ്ധനവിന്റെ സ്ഥാനത്ത് 100 ശതമാനം വര്‍ധനവല്ലേ ഉണ്ടാകുന്നത്.
നിയമസഭാ സമ്മേളനം അവസാനിച്ചതിനു ശേഷം അന്നു വൈകിട്ടു തന്നെ ബാറുകള്‍ നല്കാന് തീരുമാനമെടുക്കുക വഴി നിയമസഭയെ നോക്കുകുത്തിയാക്കിയിരിക്കയാണ് ചെയ്തത്.കോഴ വാങ്ങി എന്തും ചെയ്യുമെന്ന ധാര്‍ഷ്ട്യമാണ് ഉമ്മന്‍ചാണ്ടിക്കെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: