തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ മാണിക്കെതിരേ കേസെടുത്ത വിജിലന്‍സിന് ഓപ്പണ്‍സ്കൂള്‍ നിയമനത്തില്‍ അഴിമതി നടത്തിയ അബ്ദുറബ്ബിനെതിരേ അന്വേഷണം നടത്താന്‍ മടി.
കേസ് അന്വേഷിക്കാതെ പരാതി വിദ്യാഭ്യാസ വകുപ്പിന് അയച്ചുകൊടുത്താല്‍ മതിയെന്ന് ഉന്നതതലത്തില്‍ ധാരണയുണ്ടാക്കിയിരിക്കുകയാണ്. ഓപ്പണ്‍സ്കൂള്‍ നിയമനത്തില്‍ അഴിമതിയുണ്ടെന്ന് കണ്ടെത്തി മന്ത്രിയെ പ്രതിയാക്കി അന്വേഷിക്കണമെന്ന് ലോകായുക്ത ഉത്തരവിട്ടിരുന്നു. എന്നിട്ടും, പി.കെ. അബ്ദുറബ്ബിനെതിരെ ക്വിക്ക് വെരിഫിക്കേഷന് നടത്താനുള്ള നീക്കം വിജിലന്‍സ് അട്ടിമറിച്ചു.
ഓപ്പണ്‍ സ്കൂള്‍ അഴിമതി അന്വേഷിക്കാന്‍ നാലുമാസം മുമ്പാണ് വിജിലന്‍സില്‍ ധാരണയായത്. എന്നാല്‍ പിന്നീട്, പരാതി വിദ്യാഭ്യാസ വകുപ്പിന് അയച്ചു കൊടുത്താല്‍ മതിയെന്ന് തീരുമാനമായി. മാണിക്കെതിരേ ബാര്‍ക്കോഴ വിഷയത്തില്‍ വിജിലന്‍സ് എടുത്ത നിലപാട് എന്തുകൊണ്ട് അബ്ദുറബ്ബിന്റെ കാര്യത്തില്‍ മാറ്റുന്നുവെന്ന ആരോപണം കേരളാ കോണ്‍ഗ്രസ്സില്‍ നിന്നുയര്‍ന്നു കഴിഞ്ഞു.
മുസ്ലീംലീഗിന് ഒരു നിയമവും കേരളാ കോണ്‍ഗ്രസ്സിന് മറ്റൊരു നിയമവുമാണെന്നുമാണ് ആരോപണം. ഓപ്പണ്‍ സ്കൂള്‍ അഴിമതിക്കേസില്‍ റബ്ബിനെതിരേയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കേണ്ടതാണ്. എന്നാല്‍ മുസ്ലിംലീഗിനെ തൊടാന്‍ യുഡിഎഫിന് കഴിയുന്നില്ല. ഇതില്‍ കേരളകോണ്‍ഗ്രസ്സിനും മാണിക്കും അതൃപ്തിയുണ്ട്.
ഓപ്പണ്‍ സ്കൂള്‍ ഡയറക്ടര്‍, സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ നിയമനങ്ങളില്‍ സ്വന്തക്കാരെ നിയമിക്കാന്‍ മാനദണ്ഡങ്ങള്‍ മറികടന്നുവെന്നതായിരുന്നു പരാതി. ഇങ്ങനെ ലീഗ് എംഎല്‍എയുടെ ബന്ധുവിനെ നിയമിക്കാന്‍ വിദ്യാഭ്യാസമന്ത്രി എഴുതിയ കത്തടക്കം രേഖകള്‍ തെളിവായി കാണിച്ചാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. ഒപ്പം ഓപ്പണ്‍ സ്കൂളിലെ മറ്റ് സാമ്പത്തിക ക്രമക്കേടുകളും ചൂണ്ടിക്കാണിച്ചിരുന്നു.
യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഓപ്പണ്സ്കൂളിലെ 67 ജീവനക്കാരെ പിരിച്ചു വിടുകയും സ്ഥാപനം രണ്ടാഴ്ചയോളം പൂട്ടിയിടുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നിയമനത്തിനായി കോഴ ആവശ്യപ്പെട്ടത്. ഇതിനെതിരേ ജീവനക്കാര്‍ പരാതി നല്‍കിയിട്ടുണ്ട്. കൂടാതെ വിവരാവകാശ പ്രകാരം ചില പൊതുപ്രവര്‍ത്തകരും വിദ്യാഭ്യാസ മന്ത്രിയുടെ വഴിവിട്ട പ്രവൃത്തികള്‍ക്കെതിരേ പരാതി നല്‍കിയിരുന്നു. ഇവ പരിഗണിച്ചാണ് ക്വിക്ക് വെരിഫിക്കേഷന് നടത്താമെന്ന് ഉദ്യോഗസ്ഥര്‍ ഫയലില്‍ രേഖപ്പെടുത്തിയത്.
മാണിക്കെതിരേ ക്വിക്ക് വെരിഫിക്കേഷന് നടത്തി കേസെടുക്കാന്‍ കാട്ടിയ തിടുക്കം റബ്ബിനെതിരേ വിജിലന്സിനുണ്ടായില്ല. നിലവില്‍ പരാതി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: