ആലപ്പുഴ: കമ്മ്യൂണിസ്റ്റു പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളസ്മാരകം കത്തിച്ച കേസില്‍ സിപിഎമ്മുകാരായ പ്രതികള്‍ക്ക് ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. പ്രതികള്‍ തിങ്കളാഴ്ച രാവിലെ പത്ത് മണിക്കകം അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ കീഴടങ്ങണമെന്നും ജില്ലാ ജഡ്ജി മേരി ജോസഫ് ഉത്തരവായി. പ്രതികളെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി അന്നുതന്നെ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കണം. കൂടാതെ കസ്റ്റഡിയില്‍ വേണമെങ്കില്‍ അതിനുള്ള അപേക്ഷയും അതേദിവസം തന്നെ നല്‍കണമെന്നും ഉത്തരവില്‍ നിര്‍ദേശമുണ്ട്.
വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റി ജോയിന്റ് സെക്രട്ടറിയുമായിരുന്ന ലതീഷ് ബി. ചന്ദ്രന്, സിപിഎം കണ്ണര്‍കാട്ട് മുന്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി. സാബു, സിപിഎം- ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ പ്രമോദ്, ദീപു, രാജേഷ് രാജന് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് തള്ളിയത്. കഴിഞ്ഞ 26നാണ് ഇവര്‍ പ്രതികളാണെന്ന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍ നല്‍കിയത്.
സിപിഎം അംഗവും ലോയേഴ്സ് യൂണിയന് നേതാവുമായ അഡ്വ. പ്രിയദര്ശന് തമ്പിയാണ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയില്‍ ഹര്‍ജി നല്‍കിയതെങ്കിലും പാര്‍ട്ടി സ്ഥാപക നേതാവിന്റെ സ്മാരകം തകര്‍ത്ത കേസിലെ പ്രതികള്‍ക്കായി പാര്‍ട്ടിക്കാരനായ അഭിഭാഷകന് ഹാജരായത് വിവാദമായ സാഹചര്യത്തില്‍ വക്കാലത്ത് ഒഴിയുകയായിരുന്നു. പിന്നീടു മറ്റു മൂന്നു അഭിഭാഷകരാണ് പ്രതികള്‍ക്കായി ഹാജരായത്. കേസ് അന്വേഷണത്തിന്റെ തുടക്കത്തില്‍ നുണ പരിശോധനയെ എതിര്‍ത്ത ലതീഷ് പിന്നീട് നുണ പരിശോധന അടക്കമുള്ള ഏതു ശാസ്ത്രീയ അന്വേഷണത്തിനും വിധേയനാകാന്‍ തയാറാണെന്ന് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: