തൃശൂര്‍: മതംമാറ്റ വിവാദങ്ങള്‍ രാജ്യമൊട്ടാകെ ഉയരുമ്പോള്‍ പലരുടെയും മനസ്സില്‍ ഉയരുന്നത് തമിഴ്നാട്ടിലെ മീനാക്ഷിപുരത്തെ കൂട്ടമതംമാറ്റം; ഒപ്പം അതെത്തുടര്‍ന്നുണ്ടായ വിവാദങ്ങളും. മീനാക്ഷിപുരം മതംമാറ്റത്തെക്കുറിച്ച് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണക്കമ്മീഷനും കമ്മീഷന്റെ റിപ്പോര്‍ട്ടും ഈ സാഹചര്യത്തില്‍ പ്രസക്തമാകുകയാണ്. മതപരിവര്‍ത്തനത്തിന് രാജ്യത്ത് നിരോധനം ഏര്‍പ്പെടുത്തണമെന്നായിരുന്നു ജസ്റ്റീസ് വേണുഗോപാല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് ശുപാര്‍ശചെയ്തത്.
ഒറ്റ ദിവസം എണ്ണൂറിലേറെ ഹിന്ദുക്കളെയാണ് അന്ന് മീനാക്ഷിപുരത്ത് മതംമാറ്റിയത്. കാളിയെ പൂജിക്കുന്നവര് കാട്ടാളന്മാരാണെന്ന കുപ്രചാരണമാണ് മീനാക്ഷിപുരത്തെ ദളിത് സമൂഹത്തെ വെട്ടിലാക്കിയത്.
സാമൂഹ്യ വ്യവസ്ഥിതിയില്‍ നിലനിന്നിരുന്ന അനാചാരങ്ങളെ പാരമ്പര്യമെന്ന് വ്യാഖ്യാനിച്ച് അവരില്‍ അപകര്‍ഷബോധം നിറയ്ക്കുകയായിരുന്നു. പണത്തിനും സംഘടിത ശക്തിക്കും മുന്പില് ഒരു ഗ്രാമം ഒന്നാകെ കീഴടങ്ങിയപ്പോള്‍ ഹൈന്ദവ സമൂഹത്തിന് നഷ്ടപ്പെട്ടത് 800 സഹോദരങ്ങളെയായിരുന്നു.
തമിഴ്നാട് തിരുനെല്‍വേലി ജില്ലയിലെ മീനാക്ഷിപുരം ഗ്രാമത്തില്‍ ഭൂരിഭാഗവും ദളിത് വിഭാഗമായിരുന്നു. ഇരുനൂറോളം കുടുംബങ്ങളുള്ള മീനാക്ഷിപുരം ഒന്നിരുട്ടി വെളുത്തപ്പോള്‍ റഹ്മത്ത് നഗറായി മാറിയത് രാജ്യത്തെ തന്നെ ഞെട്ടിച്ചു. മൂന്ന് പതിറ്റാണ്ട് മുന്‍പ്, 1981 ഫെബ്രുവരി 19 നായിരുന്നു സമാനതകളില്ലാത്ത കൂട്ടമതംമാറ്റം നടന്നത്. ഇശാ അദ് ഉല് ഇസ്ലാം സഭ എന്ന സംഘടനയാണ് നൂറുകണക്കിന് ഹിന്ദുക്കളെ ഒരു ദിവസംകൊണ്ട് മുസ്ലിങ്ങളാക്കി മാറ്റിയത്. മുസ്ലിം ജനപ്രതിനിധികളുടെ പൂര്‍ണപിന്തുണയോടെയാണ് മതംമാറ്റം നടന്നത്.
കൂട്ടമതംമാറ്റം രാജ്യമൊട്ടാകെ ഹിന്ദുസംഘടനകളെ പ്രതിഷേധത്തിലേക്ക് തള്ളിയിട്ടു. അടല്‍ബിഹാരി വാജ്പേയി ഉള്‍പ്പെടെയുള്ള നേതാക്കള്‍ സ്ഥലം സന്ദര്‍ശിച്ചു.
മതംമാറ്റത്തിനെതിരെ ദല്‍ഹിയില്‍ നടന്ന വിരാട് ഹിന്ദു സമ്മേളനത്തില്‍ പത്ത് ലക്ഷത്തോളം പേര് പങ്കെടുത്തു. രാമനാഥപുരം, മധുര തുടങ്ങിയ സ്ഥലങ്ങളില്‍ സമാനമായ രീതിയില്‍ മതംമാറ്റം നടത്താന്‍ മുസ്ലിം സംഘടന പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഹൈന്ദവ സംഘടനകളുടെ പ്രതിരോധത്തിന്റെ ഫലമായി ഇത് ഉപേക്ഷിക്കേണ്ടി വന്നു.
പ്രതിഷേധത്തെ തുടര്‍ന്ന് അന്വേഷണത്തിന് കേന്ദ്ര സര്‍ക്കാര്‍ ജസ്റ്റിസ് വേണുഗോപാല്‍ കമ്മീഷനെ നിയമിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കണമെന്ന് കമ്മീഷന് ശുപാര്‍ശ ചെയ്തു. മതപരിവര്‍ത്തനത്തിന് ഇരയായവരെ സ്വധര്‍മ്മത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിനെ ഇപ്പോള്‍ എതിര്‍ക്കുന്ന മതേതര സംരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ അന്നത്തെ റിപ്പോര്‍ട്ട് അവഗണിച്ചു.
ആറ് സംസ്ഥാനങ്ങള്‍ മാത്രമാണ് മതപരിവര്‍ത്തനം നിയമം മൂലം നിരോധിക്കാന്‍ തയ്യാറായതെന്ന വസ്തുത ഇപ്പോഴത്തെ എതിര്‍പ്പിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നതാണ്. കാലങ്ങളായി ഹിന്ദുക്കള്‍ മതംമാറ്റപ്പെടുമ്പോള് പ്രോത്സാഹനം നല്കിയവരാണ് ഇപ്പോള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. നിയമനിര്‍മ്മാണത്തിന് തയ്യാറുണ്ടോയെന്ന ഹൈന്ദവസംഘടനകളുടെ ആര്‍ജവമുള്ള ചോദ്യത്തെ അവഗണിക്കുകയാണിവര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: