കൊച്ചി: പത്ത് ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണമെന്ന ഉത്തരവ് അഞ്ച് ദിവസത്തിനകം നടപ്പാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്കി. ലൈസന്‍സ് പുതുക്കി നല്കാന് ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് കോടതി അഞ്ചു ദിവസത്തം സാവകാശം കൂടി നല്‍കിയിരിക്കുന്നത്.
ലൈസന്‍സ് നല്‍കിയില്ലെങ്കില്‍ നികുതിവകുപ്പ് സെക്രട്ടറി ജനുവരി അഞ്ചിന് നേരിട്ട് വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. അതേസമയം നടപടിക്രമങ്ങള്‍ക്കായി പത്തുദിവസത്തെ സമയം കൂടി അനുവദിക്കണമെന്ന് എജി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ജസ്റ്റിസ് കെ.ടി. ശങ്കരന്, ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് കേസ് പരിഗണിച്ചത്.
ഈ മാസം പതിനേഴിനു മുമ്പായി ഒമ്പത് ത്രീ സ്റ്റാര്‍ ബാറുകളും ഒരു ഫോര്‍ സ്റ്റാര്‍ ബാറുമടക്കം പത്തു ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരുന്നത്. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഡിവിഷന് ബെഞ്ച് നേരത്തെ തള്ളിയിരുന്നു.
ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായിട്ടും തങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുന്നില്ലെന്ന് ആരോപിച്ച് ബാറുടമകള്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: