തിരുവനന്തപുരം: ശബരിമല മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കുന്നതിന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് വനം, റവന്യൂ, ജലവിഭവം തുടങ്ങിയ വകുപ്പുകളുടെ പ്രധാന ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ടാസ്ക് ഫോഴ്സ് രൂപീകരിക്കാന്‍ നടപടിയെടുക്കാന്‍ സി.പി. മുഹമ്മദ് അദ്ധ്യക്ഷനായ നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി ശുപാര്‍ശ ചെയ്തു. ഇക്കാര്യത്തില്‍ വനം വകുപ്പിന്റെ ഭാഗത്തുനിന്നും പൂര്‍ണ സഹകരണം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
പിന്നാക്ക സമുദായങ്ങള്‍ക്കു നല്‍കിവരുന്ന വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് തുകയും വാര്‍ഷിക വരുമാനപരിധിയും കാലാനുസൃതമായി ഉയര്‍ത്തണമെന്നു നിയമസഭയുടെ പിന്നാക്ക സമുദായ ക്ഷേമ സമിതിയുടെ ഒന്‍പതാമത് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്തു. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി തലത്തില്‍ പിന്നാക്ക വിദ്യാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്കുന്ന സ്കോളര്‍ഷിപ്പ് തുക അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഏകീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
സാമ്പത്തികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്ക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്തുന്നതിനുള്ള സ്കൂള്‍ മാപ്പിംഗും സര്‍വേയും സംബന്ധിച്ച നടപടികള്‍ ദ്രുതഗതിയിലാക്കണമെന്നും സമിതി നിര്‍ദേശിച്ചു.
വയനാട് ജില്ലയിലെ ആദിവാസി പിന്നാക്ക വിഭാഗങ്ങളിലെ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ 100 -130 വര്‍ഷം വരെ പഴക്കമുള്ളതാണ്. ഈ സ്കൂളുകളില്‍ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും അപ്ഗ്രേഡ് ചെയ്യാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സമിതി ശുപാര്‍ശ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: