തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ പെന്ഷന് വിതരണത്തിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് 22ന് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ടെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയെ അറിയിച്ചു.
യോഗത്തില്‍ ധനമന്ത്രിയും ഗതാഗതമന്ത്രിയും പങ്കെടുക്കും. ബന്ധപ്പെട്ട സംഘടനകളെയും യോഗത്തില്‍ പങ്കെടുപ്പിക്കും.
പെന്ഷന് കൊടുക്കുന്നതിന് ആവശ്യമായ തുകയുടെ പകുതി കോര്പ്പറേഷന് കണ്ടെത്തും. ബാക്കി തുക കണ്ടെത്തുന്ന കാര്യത്തില്‍ 22 ന് നടക്കുന്ന യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിന്റെ നോട്ടീസിന് മറുപടിയായി മന്ത്രി അറിയിച്ചു.
പെന്ഷന് മുടങ്ങിയതിനെതുടര്‍ന്ന് ആത്മഹത്യ ചെയ്തതായി പറയപ്പെടുന്ന മുന്‍ജീവനക്കാരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അറിയിച്ചു. മന്ത്രിമാരുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി.
പ്രത്യേക പെന്ഷന് ഫണ്ട് രൂപീകരിക്കാന്‍ കഴിയാത്തതാണ് പെന്ഷന് വിതരണത്തില്‍ പ്രതിസന്ധിയുണ്ടാക്കിയത്.
1984 ഏപ്രില്‍ രണ്ടിനാണ് കെഎസ്ആര്‍ടിസിയില്‍ പെന്ഷന് നല്കാന് തീരുമാനിച്ചത്. പ്രതിവര്‍ഷം 3.48 കോടി പെന്ഷന് വിതരണത്തിന് അക്കാലത്ത് ചെലവിട്ടിരുന്നത് 2014-15 ആയപ്പോള്‍ 500 കോടിയായി വര്‍ധിച്ചു.
2014 ലെ കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് നിയമം നടപ്പാക്കുന്നതോടെ പ്രത്യേകപെന്ഷന് ഫണ്ട് കണ്ടെത്താനും പ്രതിസന്ധി പരിഹരിക്കാനും കഴിയും. നിലവില്‍ കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതിന് മാത്രം പ്രതിവര്‍ഷം 750 കോടി രൂപ വേണം.
സ്പെയര്പാര്ട്സിനത്തില് 120 കോടിയും ഡീസല്വിലയായി 864 കോടിയും വായ്പാ തിരിച്ചടവിനായി 612 കോടിയും കണ്ടെത്തണം. ഇതിന് പുറമെ ജീവനക്കാരുടെ ആനൂകുല്യങ്ങള്‍ നല്‍കുന്നതിന് കോടതിവിധി പ്രകാരം 144 കോടിയും മാറ്റിവെക്കണം.
മോട്ടാര്‍വാഹന നികുതിയായി 11 കോടിയും വര്‍ഷാവര്‍ഷം സര്‍ക്കാറിലേക്ക് നല്‍കേണ്ടതുണ്ട്. പെന്‍ഷനുവേണ്ട 500 കോടിയും ഉള്‍പ്പെടെ പ്രതിവര്‍ഷം 3081 കോടി രൂപ പ്രവര്‍ത്തനച്ചെലവായി കണ്ടെത്തണം.
കോര്‍പറേഷന്റെ വരുമാനമാകട്ടെ 1860 കോടിയും. 1221 കോടിയുടെ റവന്യുകമ്മിയാണ് കോര്പ്പറേഷന് നേരിടുന്നത്. കെഎസ്ആര്‍ടിസി ഡിപ്പോകളോട് അനുബന്ധിച്ച് നിര്‍മിച്ച കെട്ടിടസമുച്ഛയങ്ങളില്നിന്നും പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതും പ്രശ്നമായെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു.
കെടിസിഎഫ്സിയില്നിന്നും എടുത്തിട്ടുള്ള 1,300 കോടിയുടെ വായ്പക്ക് 16.25 ശതമാനം പലിശയാണ് നല്‍കിവരുന്നത്. ഈ വായ്പ മറ്റുദേശസാല്കൃത്യ ബാങ്കുകളിലക്ക് മാറ്റി പുന:ക്രമീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചുവരുന്നത്. ഇതു പൂര്‍ത്തിയായാല്‍ പ്രതിമാസം 30 കോടി രൂപ ലാഭിക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: