പത്തനാപുരം: ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതിക്കഥകളില്‍ ഉറച്ച് കെ.ബി. ഗണേഷ്കുമാര് എംഎല്‍എ. ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുമെന്നും സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണ ഏജന്‍സിയില്‍ വിശ്വാസമില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയെക്കൊണ്ട് യുഡിഎഫിന്റെ അഴിമതികള്‍ അന്വേഷിപ്പിക്കണമെന്നും ഗണേഷ്കുമാര് പറഞ്ഞു. താന്‍ സാധാരണ പൗരനെപ്പോലെ കോടതിയില്‍ വിശ്വസിക്കുന്നു. ലോകായുക്തയുടെ നോട്ടീസ് എനിക്ക് കിട്ടിയിട്ടില്ല. തെളിവുകള്‍ ആവശ്യപ്പെട്ടാല്‍ ഞാന്‍ നല്‍കും.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നെ വഞ്ചിച്ചു. എന്റെ സത്യത്തിന്റെ വാതില്‍ അടച്ചു. യുഡിഎഫ് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞിട്ട് എന്നെ അതില്‍നിന്നും പുറത്താക്കി. അഴിമതികള്‍ കാലം തെളിയിക്കും. 21 മന്ത്രിമാര്‍ക്കും അവരുടെ പിണിയാളുകള്‍ക്കും മാത്രമാണ് കേരളത്തില്‍ സംതൃപ്തിയുള്ളത്. ബാക്കിയുള്ളവരെല്ലാം അസംതൃപ്തരാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍, ബോര്‍ഡ് ജീവനക്കാര്‍, പെന്‍ഷന്‍കാര്‍, വിദ്യാര്‍ത്ഥികള്‍, സാധാരണക്കാരിലെ ബഹുഭൂരിഭാഗംപേരും അസംതൃപ്തരാണ്. അഴിമതിക്കെതിരെ പോരാടുന്ന തനിക്ക് ഭാരതീയ ജനതാപാര്‍ട്ടിയും എല്‍ഡിഎഫിലെ ചില നേതാക്കളും മികച്ച പിന്തുണയാണ് നല്‍കുന്നത്. മുന്നണി വിടുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാനായി തന്നെ ആരും വിളിച്ചിട്ടില്ല.
താനും ആരെയും ബന്ധപ്പെട്ടിട്ടില്ല. അത് പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. തനിക്കെതിരെ യുഡിഎഫ് യോഗത്തില്‍ നടപടി ആവശ്യപ്പെട്ട പി.സി. ജോര്‍ജിനോട് ഒരു വിരോധവും ഇല്ലെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: