സദാ ക്ഷോഭിച്ച്, സദാ പായുന്ന നിഷ്‌കരുണമായ കാര്യകാരണധാരയില്‍ കഴിവറ്റു തുണയറ്റുഴലുന്ന കെടുതോണിയോ അവന്‍?
വിധവയുടെ കണ്ണീരോ അനാഥരോദനമോ ഗൗനിക്കാതെ, ഒക്കെത്തകര്‍ത്തുരുണ്ടുപോകുന്ന കാരണചക്രത്തിന്റെ അടിയിലകപ്പെട്ട ക്ഷുദ്രശലഭമോ മനുഷ്യന്‍? ഇതോര്‍ത്ത് ഉള്ളം കുഴയുന്നു.
എന്നാലും പ്രകൃതിയുടെ നിയമം ഇതുതന്നെ. ഒരാശയ്‌ക്കും വകയില്ലേ? ഒരു രക്ഷയുമില്ലേ? ഈ ക്രന്ദനം നിരാശത നിറഞ്ഞ നെഞ്ചിന്റെ അടിത്തട്ടില്‍നിന്നു പൊന്തി കരുണയുടെ തിരുമഞ്ചത്തിലെത്തി; അവിടെനിന്നു ആശാവഹവും സാന്ത്വനപരവുമായ തിരുമൊഴികള്‍ അവതരിച്ച് ഒരു വൈദികര്‍ഷിയെ പ്രചോദിപ്പിച്ചു.
ലോകസമക്ഷം എഴുന്നേറ്റുനിന്ന് കാഹളധ്വനിയില്‍ ആ മംഗളവാര്‍ത്ത അവിടുന്നു വിളംബരം ചെയ്തു. അമൃതാനന്ദത്തിന്റെ അരുമക്കിടാങ്ങളേ! ദിവ്യധാമങ്ങളിലും നിവസിക്കുന്നവരേ! ഇരുളിനെല്ലാം അപ്പുറത്ത്, മായയ്‌ക്കപ്പുറത്ത്, ആദിത്യവര്‍ണനായ പുരാണപുരുഷനെ ഞാന്‍ കണ്ടിരിക്കുന്നു. അവനെ അറിഞ്ഞാല്‍മാത്രമേ നിങ്ങള്‍ മരണ പരമ്പരയില്‍നിന്ന് വിമുക്തമാവൂ.
















