കോഴിക്കോട്: മാവോയിസ്റ്റുകള്‍ പോലീസിന്റെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. കൊള്ളപ്പലിശക്കാര്‍ക്കെതിരെ ആഭ്യന്തര വകുപ്പ് നടത്തിയ ഓപ്പറേഷന് കുബേരയില്‍ ബ്ലേഡുകാരെ സഹായിക്കുന്ന പോലീസ് സംഭാഷണമാണ് മാവോയിസ്റ്റുകള്‍ ചോര്‍ത്തിയത്.
പലിശക്കാര്‍ക്കെതിരെ ആഭ്യന്തരവകുപ്പ് നടത്തിയ ഓപ്പറേഷന് കുബേര തട്ടിപ്പാണെന്ന് വ്യക്തമാക്കുന്ന ഫോണ്‍ സംഭാഷണമാണ് ചോര്‍ത്തിയതെന്ന് മാവോയിസ്റ്റ് ഗറില്ലാ സേന കബനി ദളത്തിന്റെ മുഖപത്രമായ കാട്ടുതീയില്‍ വ്യക്തമാക്കി. പോലീസും ബ്ലേഡ് മാഫിയയും ഒത്തു കളിക്കുന്നുവെന്നും ബ്ലേഡ് മാഫിയയെ ഇല്ലായ്മ ചെയ്യുമെന്നും മുഖപത്രത്തിലുണ്ട്.
വെള്ളമുണ്ട പോലീസ് സ്റ്റേഷനിലെ പോലീസുകാരനും ഒരു ബ്ലേഡ് പലിശക്കാരനും തമ്മിലുള്ള സംഭാഷണമാണ് ചോര്‍ത്തിയത്. വിഷയത്തില്‍ ബ്ലേഡുകാരെ സഹായിക്കുകയും റെയ്ഡു സംബന്ധിച്ച വിവരങ്ങള്‍ മുന്‍കൂട്ടി അറിയിക്കുകയും ചെയ്യുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചിരിക്കുന്നതെന്ന് കാട്ടുതീയിലെ ലേഖനത്തില്‍ പറയുന്നു.
കര്‍ഷകരും തൊഴിലാളികളും ആദിവാസികളുമടക്കമുള്ള അടിസ്ഥാനവിഭാഗം ജനങ്ങള്‍ ബ്ലേഡ് പലിശക്കാരുടെ വലയില്‍പ്പെട്ട് നട്ടം തിരിയുകയാണ്. നിരവധി കര്‍ഷക കുടുംബങ്ങള്‍ ആത്മഹത്യയുടെ വക്കിലാണ്. ബ്ലേഡ് മാഫിയയെ തുരത്താനായില്ലെങ്കില്‍ ഗുരുതരമായ സാമൂഹ്യവിപത്താണ് സൃഷ്ടിക്കപ്പെടുക. ഇവര്‍ക്കെതിരെ പ്രാദേശികമായി പോസ്റ്റര്‍ ഒട്ടിക്കണമെന്നും ബ്ലേഡ് മാഫിയക്കതിരായ ആക്ഷനുകളില്‍ മുഴുവന്‍ ജനങ്ങളും പങ്കെടുക്കണമെന്നും കാട്ടുതീയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: