കൊച്ചി: ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഇതുവരെ കണ്ടതില്‍വെച്ചേറ്റവും വലിയ ജനക്കൂട്ടത്തെ സാക്ഷിനിര്‍ത്തി കേരള ബ്ലാസ്റ്റേഴ്സും ചെന്നൈയിന് എഫ്സിയും ഏറ്റുമുട്ടിയപ്പോള്‍ ജയം കേരളത്തിന്റെ പ്രതിനിധികള്‍ക്ക്. രണ്ട് മിനിറ്റിനിടെ നേടിയ ഇരട്ട ഗോളുകള്‍ ഉള്‍പ്പെടെ മൂന്നു തവണ ചെന്നൈയിന്റെ വലകുലുക്കിയാണ് ബ്ലാസ്റ്റേഴ്സ് ഫൈനല്‍ പ്രതീക്ഷ സജീവമാക്കിയത്. സ്വന്തംകളത്തില് 16ന് നടക്കുന്ന രണ്ടാം പാദത്തില്‍ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്ക് വിജയിച്ചാലേ ചെന്നൈയിന് കലാശക്കളത്തിലെത്താന് കഴിയൂ.
ബ്ലാസ്റ്റേഴ്സിന് വേണ്ടി ഇഷ്ഫഖ് അഹമ്മദും ഇയാന്‍ ഹ്യൂമും ഇഞ്ചുറി സമയത്ത് സുശാന്ത് മാത്യുവും ഗോളുകള്‍ നേടി. പ്രാഥമിക റൗണ്ടില്‍ ചെന്നൈയിനോടേറ്റ രണ്ട് പരാജയങ്ങള്‍ക്കുള്ള ഗംഭീര പകരംവീട്ടലുകൂടിയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയം.
കളിയുടെ തുടക്കം മുതല്‍ മെക്സിക്കന്‍ തിരമാലകണക്കെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റമാണ് കണ്ടത്. 26-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് ചെന്നൈയിന് വല കുലുക്കിയെങ്കിലൂം റഫറി ഓഫ് സൈഡ് വിധിച്ചു. തൊട്ടുപിന്നാലെ ബ്ലാസ്റ്റേഴ്സ് രണ്ട് തവണ എതിര് വല ചലിപ്പിച്ചു. ആദ്യം ഇഷ്ഫഖും പിന്നെ ഹ്യൂമും. വിക്ടര്‍ ഹെരേര നല്കിയ പാസില്‍ നിന്ന് തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് ഇഷ്ഫഖ് ചെന്നൈയിന് ഗോളി ഗന്നാരോ ബ്രഗ്ലിയാനോയെ കീഴടക്കിയത്.
പിന്നാലെ പിയേഴ്സന്റെ പാസ് സ്വീകരിച്ച് ഇഷ്ഫഖ് മറിച്ചുനല്‍കിയ പന്തില്‍ സൂപ്പര്‍താരം ഹ്യൂം സ്കോര്‍ ചെയ്തതോടെ ബ്ലാസ്റ്റേഴ്സ് 2-0ന് മുന്നിലെത്തി. ചെന്നൈയിന് പ്രതിരോധ ഭടന്മാരെ നിരായുധരാക്കിയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ രണ്ട് ഗോളുകളും.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ചെന്നൈയിന് ഒരു മുന്നേറ്റം നടത്തിയെങ്കിലും ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. 79-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സ് വീണ്ടും ലീഡ് നേടിയെന്ന് ഉറപ്പിച്ചെങ്കിലും ചെന്നൈയിന് ഗോളിയുടെ ഉജ്ജ്വല പ്രകടനം വിലങ്ങുതടിയായി. ബാരിസിച്ചിന്റെ പാസ് ഹ്യൂമിന്. ഹ്യൂം വീണ്ടും തിരിച്ച് ബാരിസിച്ചിന്.ബാരിസിച്ച് തൊടുത്ത ഷോട്ട് ചെന്നൈയിന് ഗോളി ഉജ്ജ്വലമായി തടുത്തിട്ടു. റീബൗണ്ടില്‍ ബാരിസിച്ചിന്റെ ഷോട്ട് ചെന്നൈയിന് എഫ്സിയുടെ നെസ്റ്റ തടഞ്ഞു. ഉയര്‍ന്നു വന്ന പന്ത് ബാരിസിച്ച് മറ്റൊരു ഹെഡ്ഡറിലൂടെ വലയിലേക്ക് തിരിച്ചു. എന്നാല്‍ ഗോളി അത്ഭുതകരമായി പറന്ന് ഗോള്‍ ലൈന്‍ സേവിലൂടെ അപകടം ഒഴിവാക്കി.
ഇഞ്ചുറി സമയത്ത് ചെന്നൈയിന് എഫ്സിയുടെ നെഞ്ചകം പിളര്‍ന്ന മൂന്നാം ഗോളും പിറന്നു. ഹ്യൂം മൈതാനമധ്യത്തുനിന്ന് തള്ളിക്കൊടുത്ത പന്തുമായി മുന്നോട്ട് കുതിച്ചശേഷം സുശാന്ത് മാത്യു ബോക്സ് പുറത്ത് ഇടതുമൂലയില്‍ നിന്ന് പറത്തിയ തകര്‍പ്പന്‍ ഷോട്ട് മഴവില്ലുകണക്കെ വളഞ്ഞ് വലയില്‍ പതിച്ചപ്പോള്‍ മുഴുനീളെ പറന്ന ചെന്നൈയിന് ഗോളിക്ക് യാതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: