പത്തനംതിട്ട: ശരണപാതയില്‍ എരുമേലി-ശബരിമല പാതയിലെ കണമല പാലം ഗതാഗതത്തിന് സജ്ജമാകുന്നു. കോട്ടയം-പത്തനംതിട്ട ജില്ലകളെ കൂട്ടിയിണക്കിയിരുന്നത്. പമ്പാനദിക്ക് കുറുകെയുള്ള കണമല കോസ്വേ ആയിരുന്നു.
പ്ലാപ്പള്ളി, നാറാണംതോട്, കിസുമം, പമ്പാവാലി പ്രദേശങ്ങളിലുള്ളവര്‍ യാത്രയ്ക്ക് ആശ്രയിക്കുന്ന പാതയാണിത്. എരുമേലിയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകരുടെ പ്രധാന പാതയും ഇതുതന്നെ. ഇടുങ്ങിയ കോസ്വേ യാത്രികര്‍ക്ക് സമ്മാനിച്ചിരുന്നത് മണിക്കൂറുകള്‍ നീണ്ട കാത്തുകിടപ്പും ഗതാഗതക്കുരുക്കുമായിരുന്നു. മഴക്കാലത്ത് കോസ്വേയില് വെള്ളം കയറിയാല്‍ ഇതുവഴിയുള്ള ഗതാഗതം തന്നെ നിര്‍ത്തിവയ്ക്കുമായിരുന്നു.
കണമല പാലം 96.48 മീറ്റര്‍ നീളത്തിലാണ് പൂര്‍ത്തിയായത്. 11.23 മീറ്റര്‍ വീതിയുള്ള പാലത്തില്‍ 7.50 മീറ്റര്‍ വാഹന ഗതാഗതത്തിനും ശേഷിക്കുന്ന സ്ഥലം നടപ്പാതയ്ക്കുമായി ക്രമീകരിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യയായ പ്രീ സ്ട്രെസിംഗ് രീതിയിലാണ് പാലം നിര്‍മിച്ചിരിക്കുന്നത്. കണമല ഭാഗത്ത് 40 മീറ്റര്‍ നീളത്തിലും വനം വകുപ്പില്‍ നിന്നും വിട്ടുകിട്ടിയ സ്ഥലത്ത് 170 മീറ്റര്‍ നീളത്തിലുമാണ് അപ്രോച്ച് റോഡുകള്‍ നിര്‍മിച്ചിരിക്കുന്നത്.
ഇരുഭാഗങ്ങളിലേക്കുമുള്ള വാഹനങ്ങള്‍ക്ക് ഒരേസമയം കടന്നുപോകാവുന്ന രീതിയിലാണ് പാലത്തിന്റെ ഘടന. ഇത് ഗതാഗത കുരുക്ക് ഇല്ലാതാക്കുകയും യാത്രാ സമയ ലാഭത്തിന് അവസരം ഒരുക്കുകയും ചെയ്യും. പമ്പാനദിയിലെ ജലനിരപ്പ് ഉയര്‍ന്നാല്‍ കോസ്വേ മുങ്ങുകയും പ്ലാപ്പള്ളി, നാറാണംതോട് നിവാസികള്‍ക്ക് എരുമേലി ഭാഗത്തേക്കുള്ള യാത്ര തടസപ്പെടുകയും ചെയ്യുമായിരുന്നു. കണമല പാലം ഗതാഗതത്തിന് തുറന്നു കൊടുക്കുന്നതോടെ ഈ പ്രതിസന്ധിക്കും പരിഹാരമാകും.
ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ പണി പൂര്‍ത്തിയാക്കി പാലം ഗതാഗതത്തിന് തുറന്നുകൊടുക്കുകയായിരുന്നു ലക്ഷ്യം. പ്രതികൂല കാലാവസ്ഥമൂലം പണി തടസപ്പെട്ടു. തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞ് നേരിട്ടെത്തി നിര്‍മാണ പരിശോധന നടത്തുകയും ഡിസംബറില്‍ തന്നെ പാലം പണിപൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.
പണികള്‍ 15 ന് പൂര്‍ത്തിയാകുമെന്നും 23 ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണമല പാലം നാടിന് സമര്‍പ്പിക്കുമെന്നും പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഹരി രാമകൃഷ്ണന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: