മാവേലിക്കര: വാട്ടര്‍ അതോറിറ്റി മാവേലിക്കരയില്‍ വിതരണം ചെയ്ത കുടിവെള്ള വിതരണത്തെ കുറിച്ച് പരസ്പര വിരുദ്ധമായ റിപ്പോര്ട്ടുകളാണുള്ളതെന്ന പരാതിയെ തുടര്‍ന്ന് താലൂക്ക് വികസന സമിതിയംഗങ്ങള്‍ വാട്ടര്‍ അതോറിറ്റി ജലശുദ്ധീകരണ ശാലയില്‍ പരിശോധന നടത്തി. വാട്ടര്‍ അതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ റിപ്പോര്‍ട്ടില്‍ കുടിവെള്ളം ശുദ്ധമാണെന്നും ആലപ്പുഴ ഡിഎംഒയുടെ റിപ്പോര്‍ട്ടില്‍ കുടിവെള്ളം മലിനമാണെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തില്‍ അടിയന്തര നടപടി താലൂക്ക് വികസന സമിതിയംഗങ്ങള്‍ കൈക്കൊള്ളണമെന്ന അനിവര്ഗീസിന്റെ ആവശ്യത്തെ തുടര്‍ന്നാണ് വികസന സമിതിയംഗങ്ങള്‍ ജല ശുദ്ധീകരണ ശാല പരിശോധിച്ചത്.
പരിശോധനയില്‍ ഗുരുതരമായ പ്രശ്നങ്ങളാണ് കണ്ടെത്തിയത്. ക്ലാരിഫൈര്‍, സാന്ഡ്ബെഡ് എന്നിവയുടെ കാലപ്പഴക്കം, പ്രവര്‍ത്തന രഹിതമായ ഗ്യാസ് ക്ലോറിനേഷന് ടാങ്ക് (ഇതുമൂലം നേരിട്ടാണ് ഇപ്പോള്‍ ക്ലോറിന്‍ കലര്‍ത്തുന്നത്.) ടാങ്കില്‍ പക്ഷിതൂവലുകള്‍ അടക്കമുള്ളവ പരിശോധനയില്‍ കണ്ടെത്തി. 45 പഴക്കമുള്ള ടാങ്കിന്റെ അപര്യാപ്തതകള്‍ ഉദ്യോഗസ്ഥര്‍ പരിശോധന സംഘത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തഹസീല്‍ദാര്‍ പി.എസ്. സ്വര്‍ണമ്മ, കോശി എം.കോശി, അനിവര്‍ഗീസ്, ബി.ഗോപകുമാര്‍, സുഭാഷ് കിണറുവിള, കെ.എം. ജോയി എന്നിവരുടെ നേതൃത്വത്തിലാണ് ശുദ്ധീകരണ ശാല സന്ദര്‍ശിച്ചത്.
തഴക്കര കുടിവെള്ള പദ്ധതി തഹസീല്‍ദാരും കളക്ടറും ചേര്‍ന്ന് അട്ടിമറിക്കുകയാണെന്ന് കോശി.എം.കോശി യോഗത്തില്‍ ആരോപിച്ചു. പിഐപിയുടെ ഒരേക്കര്‍ സ്ഥലം പദ്ധതിക്കായി വാങ്ങാന്‍ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും അനുമതി നല്‍കിയിട്ടും തഹസീല്‍ദാര്‍ അനുമതി നല്‍കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വസ്തു പിഐപിയുടേതല്ലെന്നും റവന്യു വകുപ്പിന്റേതാണെന്നും ഭൂരഹിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ സ്ഥലമായതിനാലാണ് കൈമാറാത്തതെന്നും തഹസീല്‍ദാര്‍ അറിയിച്ചു.
ഇരുവരും തമ്മിലുള്ള ആരോപണങ്ങള്‍ കടുത്തതോടെ പ്രശ്ന പരിഹാരത്തിന് താലൂക്ക് വികസനസമിതി ഇടപെടാന്‍ തീരുമാനിച്ചു. മിച്ചല്‍ ജങ്ഷനു വടക്കു ഭാഗത്ത് സംസ്ഥാന പാതയിലെ അപകടകരമായ കുഴി എടുത്തിരിക്കുന്ന സ്ഥലത്ത് കലുങ്ക് നിര്‍മ്മിക്കണമെന്നും ഇവിടെ അപകടകരമായ നില്ക്കുന്ന വൈദ്യുതി പോസ്റ്റ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്നും വികസനസമിതി പിഡബ്ല്യുഡിക്കും വൈദ്യുതി വകുപ്പിനും നിര്‍ദ്ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: