കോട്ടയം: കാര്‍ഷിക മേഖലയില്‍ ക്ഷീരകര്‍ഷകര്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ക്ഷീരവികസന വകുപ്പും പാമ്പാടി ബ്ലോക്ക്-ഗ്രാമപഞ്ചായത്തും ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്ഷീരകര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ഷീരകര്‍ഷകര്‍ക്ക് പ്രയോജനപ്രദമായ പ്രവര്‍ത്തനങ്ങളുമായി പാമ്പാടി ഈസ്റ്റ് ക്ഷീരോല്പ്പാദക സഹകരണസംഘം എക്കാലത്തും മുന്നിലുണ്ടായിരുന്നുവെന്ന് ഓര്‍മ്മിച്ച അദ്ദേഹം സംഘം പ്രവര്‍ത്തകരെ അഭിനന്ദിച്ചു.
പാമ്പാടി ഈസ്റ്റ് ക്ഷീരസംഘം പരിസരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോസമ്മ സാബു അധ്യക്ഷത വഹിച്ചു. ബ്ലോക്കിലെ ഈ വര്‍ഷത്തെ മികച്ച കര്‍ഷകരായി തെരഞ്ഞെടുത്ത വി.സി. ബിനുവിനെയും ക്ഷീരകര്‍ഷക സിനി ഭാസ്കരനെയും മുഖ്യമന്ത്രി ചടങ്ങില്‍ ആദരിച്ചു. ഏറ്റവും ഗുണനിലവാരമുള്ള പാല് സംഭരിച്ച സംഘത്തിനുള്ള കെ.പി. സാലി എവര്‍റോളിംഗ് ട്രോഫി മീനടം ക്ഷീരസഹകരണ സംഘത്തിന് മുഖ്യമന്ത്രി സമ്മാനിച്ചു. ബ്ലോക്കിലെ ഓരോ ക്ഷീരസംഘത്തിലും കൂടുതല്‍ പാല് അളന്ന കര്‍ഷകര്‍ക്കുള്ള സമ്മാനവും ക്ഷീരസംഘങ്ങള്‍ക്കുള്ള ധനസഹായവിതരണവും കന്നുകാലി പ്രദര്‍ശന മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു. പാമ്പാടി ഈസ്റ്റ് ക്ഷീരസംഘത്തിന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: