ആലപ്പുഴ: നഗരസഭയുടെ വ്യദ്ധസദനമായ ശാന്തിമന്ദിരത്തില്‍ മറ്റു അന്തേവാസികള്‍ക്കൊപ്പം പാര്‍പ്പിച്ചിരിക്കുന്ന മാനസികാരോഗ്യം കുറഞ്ഞവര്‍ക്ക് വിദഗ്‌ദ്ധ ചികിത്സ നല്‍കാന്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം ആര്‍. നടരാജന്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ശാന്തിമന്ദിരത്തിലെ ദാരുണാവസ്ഥയെ കുറിച്ച് ചന്ദനക്കാവ് സ്വദേശി രാധാമണിയമ്മ കമ്മീഷനയച്ച കത്ത് ഹര്‍ജിയായി പരിഗണിച്ചാണ് ഉത്തരവ്. കമ്മീഷന്‍ ജില്ലാ സാമൂഹ്യക്ഷേമ ഓഫീസറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കമ്മീഷന്‍ നേരിട്ടും അനേ്വഷണം നടത്തി.
അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികള്‍ ശാന്തിമന്ദിരത്തിലുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തി. അഞ്ചു ജീവനക്കാര്‍ മാത്രമാണ് 31 അന്തേവാസികളെ പരിചരിക്കാനുള്ളത്. അന്തേവാസിയായ മണിയന്‍പിള്ളയ്‌ക്ക് അടിയന്തര ചികിത്സ ഏര്‍പ്പാടാക്കണമെന്ന് കമ്മീഷന്‍ അംഗം ആര്‍. നടരാജന്‍ നഗരസഭാ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. രണ്ട് ശൗചാലയങ്ങളും ഒരു കുളിമുറിയും മാത്രമാണ് 31 അന്തേവാസികള്‍ക്കുള്ളത്. ഉപയോഗയോഗ്യമല്ലാത്ത മൂന്നു ശൗചാലയങ്ങള്‍ അടിയന്തരമായി നന്നാക്കി സ്ത്രീകള്‍ക്ക് നല്‍കണം.
വയോമിത്ര വഴി നല്‍കുന്ന മെഡിക്കല്‍ സംഘത്തിന്റെ സേവനം തൃപ്തികരമല്ല. അന്തേവാസികള്‍ക്ക് മരുന്നും മറ്റും വാങ്ങാന്‍ സഹായിയെ ഏര്‍പ്പാടാക്കണം. പരിസരം വൃത്തിയായി സൂക്ഷിക്കാന്‍ നടപടിയെടുക്കണം. രാത്രി വനിതാജീവനക്കാരെ ഉറപ്പാക്കണം. അന്തേവാസികള്‍ക്ക് തങ്ങള്‍ അവഗണിക്കപ്പെടുകയാണെന്ന തോന്നലുണ്ടാക്കരുതെന്നും കമ്മീഷന്‍ അംഗം നിര്‍ദ്ദേശിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ എസ്പി: എ.ജെ. തോമസുകുട്ടിയാണ് കമ്മീഷന്റെ നിര്‍ദ്ദേശാനുസരണം അനേ്വഷണം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: