ന്യൂദല്‍ഹി: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ എല്ലാവര്ക്കും 24 മണിക്കൂര്‍ വൈദ്യുതി ഉറപ്പാക്കുമെന്ന് കേന്ദ്രഊര്‍ജ്ജമന്ത്രി പീയൂഷ് ഗോയല്‍. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യം പൂര്‍ത്തീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യാ കോണ്‍ക്ലേവിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
വിവര സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലുള്ള സമര്‍ത്ഥമായ വൈദ്യുത വിതരണ ശൃംഖലകള്‍ രാജ്യത്തെ ഊര്‍ജ്ജമേഖലകളില്‍ സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വൈദ്യുത ഉല്‍പ്പാദനം മുതല്‍ വൈദ്യുത ഉപഭോഗം വരെയുള്ള എല്ലാഘട്ടങ്ങളും ഐ.ടി അടിസ്ഥാനമാക്കി വികസിപ്പിക്കും. ഇതോടെ 2019 മാര്‍ച്ചോടെ എല്ലാവര്ക്കും വൈദ്യുതിയെന്ന ലക്ഷ്യം പ്രാപ്തമാകും.
കാറ്റില്‍ നിന്നും വൈദ്യുതി ഉല്പ്പാദിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പൂര്‍ത്തിയാകാത്ത 12,272 കോടിയുടെ സംപ്രേക്ഷണ പദ്ധതികളുടെ അംഗീകാരം ഉടന്‍ നല്‍കും. 24മണിക്കൂറും മുടങ്ങാതെ വൈദ്യുതി ലഭ്യമാക്കുകയെന്നതാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി ഗ്രാമീണ മേഖലകളുടെ വൈദ്യുതീകരണത്തിനായി 43,033 കോടി രൂപയുടെ പദ്ധതികള്‍ക്ക് ദീനദയാല്‍ ഉപാധ്യായ ഗ്രാമജ്യോതി യോജനയിലൂടെ അംഗീകാരം നല്‍കിയിട്ടുണ്ട്.
രാജീവ് ഗാന്ധി ഗ്രാമീണ്‍ ജ്യോതിയോജനയില് വലിയ മാറ്റങ്ങള്‍ വരുത്തിയതാണ് പുതിയ പദ്ധതി. ഗ്രാമീണ മേഖലകളിലെ വൈദ്യുത വിതരണ സംവിധാനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുകയും സംവിധാനങ്ങള്‍ നവീകരിക്കുകയും ചെയ്യുന്നതും ട്രാന്‍സ്ഫോര്‍മറുകളും ഫീഡറുകളും കൂടുതല്‍ വിതരണം ചെയ്യുന്നതും ദീനദയാല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: