ആലപ്പുഴ: പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്ത കേസിലെ ഒന്നാംപ്രതി തന്റെ നിരപരാധിത്വം ബോധിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് അയച്ച കത്തില്‍ ജില്ലാ സെക്രട്ടറിയുമായുള്ള ഉറ്റബന്ധം വെളിപ്പെടുത്തിയത് പാര്‍ട്ടിയില്‍ പുതിയ വിവാദത്തിനിടയാകുന്നു.
പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ മുഹമ്മ കണ്ണര്‍കാട്ടെ സ്മാരകവും പ്രതിമയും തകര്‍ത്ത കേസില്‍ സിപിഎം ഉന്നതര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം നിലനില്‍ക്കെയാണ് പ്രധാനപ്രതി, ജില്ലാ സെക്രട്ടറിയുമായി താന്‍ നിരന്തരം ബന്ധം പുലര്ത്താറുണ്ടായിരുന്നെന്ന് സംസ്ഥാന സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്.
കേസിലെ ഒന്നാംപ്രതിയും വി.എസ്. അച്യുതാനന്ദന് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ പേഴ്സണല്‍ സ്റ്റാഫ് അംഗവുമായിരുന്ന ലതീഷ് ബി.ചന്ദ്രനാണ് സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന് പറഞ്ഞ് പിണറായി വിജയന് കത്തയച്ചത്.
സ്മാരകം കത്തിക്കല്‍ സംഭവത്തിനു ശേഷം താന്‍ നിരന്തരം വിവരങ്ങള്‍ സിപിഎം ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബുവിനെ ധരിപ്പിക്കുമായിരുന്നുവെന്നാണ് ഏറ്റുപറഞ്ഞിട്ടുള്ളത്. നിലവില്‍ ഡിവൈഎഫ്ഐയുടെ മേഖലാ ജോയിന്റ് സെക്രട്ടറിയായ ലതീഷിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ 2006ല്‍ സിപിഎം പുറത്താക്കിയെന്നായിരുന്നു പ്രചാരണം. പാര്‍ട്ടി പുറത്താക്കിയയാളുമായി സിപിഎം ജില്ലാ സെക്രട്ടറിക്കുള്ള ബന്ധമാണ് ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിരിക്കുന്നത്.
സ്മാരകം കത്തിച്ച പ്രതികളുമായി സിപിഎമ്മിന്റെ ജില്ലയിലെ ഒരു പ്രമുഖന് നിരിന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ സാഹചര്യത്തില്‍ ലതീഷിന്റെ വെളിപ്പെടുത്തലിന്റെ ഗൗരവമേറുകയാണ്.
പുന്നപ്ര-വയലാര്‍ സമരസേനാനിയായിരുന്ന പി.കെ കരുണാകരന്റെ കൊച്ചുമകനായ തനിക്ക് ഒരിക്കലും കൃഷ്ണപിള്ള സ്മാരകം കത്തിക്കാനാകില്ലെന്നാണ് പിണറായി വിജയന് അയച്ച കത്തില്‍ ലതീഷ് അവകാശപ്പെടുന്നത്. കൃഷ്ണപിള്ള സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് താന്‍ വിവാഹിതനായതെന്നും, തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്നും ലതീഷ് കത്തില്‍ പറയുന്നു.
സ്മാരം കത്തിച്ചതിനെ കുറിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വം നേരിട്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഞ്ഞിക്കുഴി ഏരിയ കമ്മറ്റി, സംസ്ഥാന കമ്മറ്റിക്ക് പരാതി നല്‍കിയതിനു പിന്നാലെ കേസിലെ പ്രധാന പ്രതി നേരിട്ട് പിണറായിക്ക് കത്തയച്ചത് പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണെന്നും ആരോപണം ഉയര്‍ന്നുകഴിഞ്ഞു. അതിനിടെ കേസില്‍ പ്രതിപ്പട്ടികയിലുള്ള അഞ്ചു സിപിഎമ്മുകാരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: